/indian-express-malayalam/media/media_files/uploads/2021/06/kiran-vismaya-4.jpg)
തിരുവനന്തപുരം: കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ്.വി. വിസ്മയ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. കൊല്ലം ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ അസിസറ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍ കുമാര്‍.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലേഷനിലാണ് വിസ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്. സംഭവത്തില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ അറസ്റ്റ് ഇന്നു രാവിലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ദക്ഷിണ മേഖലാ ഐ.ജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വഹിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നുമെന്നും കുറ്റവാളികള്‍ക്കെതിരെ മുന്‍വിധിയില്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.
വിസ്മയയെ മര്‍ദിച്ചിരുന്നതായി കിരണ്‍ കിരണ്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ മരിക്കുന്നതിന്റെ തലേന്നു മര്‍ദിച്ചിട്ടില്ലെന്നാണ് മൊഴി. കിരണിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. വിസ്മയ വാട്സാപ്പില്‍ അയച്ച ചിത്രങ്ങളിലുള്ളത് മുമ്പ് മര്‍ദിച്ചതിന്റെ പാടുകളാണെന്നാണ് കിരണ്‍ മൊഴി നല്‍കിയിരിക്കുന്നത്.
Also Read: വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
ഇരുവരും തമ്മില്‍ ഞായറാഴ്ച രാത്രി വഴക്കുണ്ടായി. വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടപ്പോള്‍ നേരം പുലരട്ടെയെന്നു താന്‍ പറഞ്ഞു. പിന്നീട് മാതാപിതാക്കള്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. വഴക്കിനു ശേഷം ശൗചാലയത്തില്‍പോയ വിസ്മയ ഏറെ കഴിഞ്ഞിട്ടും പുറത്തുവന്നില്ല. ഇതേത്തുടര്‍ന്ന് 20 മിനിറ്റിനുശേഷം വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് വിസ്മയയെ ജീവനൊടുക്കിയ നിലയില്‍ കണ്ടതെന്നും കിരണ്‍ മൊഴി നല്‍കിയതായാണു വിവരം. വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ കാറിനെച്ചൊല്ലി പല തവണ തര്‍ക്കമുണ്ടായിരുന്നതായും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.