Latest News

വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി

വിസ്മയയെ മുന്‍പു മര്‍ദിച്ചതായി കിരണ്‍ കിരണ്‍ പൊലീസിനോടു സമ്മതിച്ചു. എന്നാല്‍ മരിക്കുന്നതിന്റെ തലേന്നു മര്‍ദിച്ചിട്ടിലെന്നാണ് മൊഴി

vismaya death case, dowry death case, dowry harassment, BAMS student death case, husband Kiran kumar arrested, dowry death case kerala, kollam, kerala news, ie malayalam

കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് അസിസറ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് കിരണ്‍കുമാറിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത കിരണിന്റെ അറസ്റ്റ് ഇന്നു രാവിലെയാണ് രേഖപ്പെടുത്തിയത്.

ഗാര്‍ഹികപീഡനം, സ്ത്രീധനപീഡന മരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്നത് ആലോചിക്കുമെന്നാണ് പൊലീസില്‍നിന്നുള്ള വിവരം. കിരണിന്റെ ബന്ധുക്കളെ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. വിസ്മയയെ കിരണിന്റെ അമ്മ മര്‍ദിച്ചതായി യുവതിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

ഇരുപത്തി രണ്ടുകാരിയായ കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ്.വി.വിസ്മയയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനിലേഷനിലാണ് വിസ്മയെ തൂങ്ങിയ നിലയില്‍ കണ്ടത്. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചെന്നാണു ഭര്‍തൃവീട്ടുകാര്‍ പറയുന്നത്.

വിസ്മയയെ മുന്‍പു മര്‍ദിച്ചതായി കിരണ്‍ കിരണ്‍ പൊലീസിനോടു സമ്മതിച്ചു. എന്നാല്‍ മരിക്കുന്നതിന്റെ തലേന്നു മര്‍ദിച്ചിട്ടില്ലെന്നാണ് മൊഴി. കിരണിനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തു. വിസ്മയ വാട്‌സാപ്പില്‍ അയച്ച ചിത്രങ്ങളിലുള്ളത് മുമ്പ് മര്‍ദിച്ചതിന്റെ പാടുകളാണെന്നാണ് കിരണ്‍ മൊഴി നല്‍കിയിരിക്കുന്നത്.

ഇരുവരും തമ്മില്‍ ഞായറാഴ്ച രാത്രി വഴക്കുണ്ടായി. വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടപ്പോള്‍ നേരം പുലരട്ടെയെന്നു താന്‍ പറഞ്ഞു. പിന്നീട് മാതാപിതാക്കള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. വഴക്കിനു ശേഷം ശൗചാലയത്തില്‍പോയ വിസ്മയ ഏറെ കഴിഞ്ഞിട്ടും പുറത്തുവന്നില്ല. ഇതേത്തുടര്‍ന്ന് 20 മിനിറ്റിനുശേഷം വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് വിസ്മയയെ ജീവനൊടുക്കിയ നിലയില്‍ കണ്ടതെന്നും കിരണ്‍ മൊഴി നല്‍കിയതായാണു പൊലീസില്‍നിന്നുള്ള വിവരം. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലി പല തവണ തര്‍ക്കമുണ്ടായിരുന്നതായും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി.

Also Read: സ്ത്രീധനമായി 100 പവൻ സ്വർണം, 1.25 ഏക്കർ സ്ഥലം; 10 ലക്ഷത്തിന്റെ കാർ ഇഷ്ടപ്പെടാത്തതിന് ക്രൂര പീഡനം

സംഭവത്തില്‍ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനു വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചു.

കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അസിസറ്റ്ന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍ കുമാറും പന്തളം മന്നം ആയുര്‍വേദ കോളജിലെ ബിഎഎംഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനി വിസ്മയയും ഒരു വര്‍ഷം മുന്‍പാണു വിവാഹിതരായത്. 100 പവന്‍ സ്വര്‍ണവും 1.25 ഏക്കറും പത്ത് ലക്ഷം രൂപ വിലവരുന്ന കാറുമാണ് സ്ത്രീധനമായി നല്‍കിയത്. കാര്‍ ഇഷ്ടപ്പെടാതെ വന്നതോടെയാണ് മകളെ ഉപദ്രവിക്കാന്‍ തുടങ്ങിയതെന്ന് അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു.

കാറിനു പകരം പണം മതിയെന്നു പറഞ്ഞു തര്‍ക്കങ്ങള്‍ പതിവായിരുന്നുവത്രെ. വായ്പയെടുത്ത് വാങ്ങിയ കാര്‍ വില്‍ക്കാനാകില്ലെന്ന് അറിഞ്ഞതോടെ മകളെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയെന്നാണ് ത്രിവിക്രമന്‍ നായരുടെ വെളിപ്പെടുത്തല്‍. ഇതേക്കുറിച്ചു ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Vismaya dowry death case husband kiran kumars statement arrest

The moderation of comments is automated and not cleared manually by malayalam.indianexpress.com