/indian-express-malayalam/media/media_files/uploads/2022/02/vava-suresh-health-update-might-discharge-on-monday-613656-FI.jpg)
കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്ന വാവ സുരേഷിന്റെ ആരോഗ്യനില സാധാരണ നിലയിലെത്തിയതായി മെഡിക്കല്‍ സംഘം. സുരേഷിന്റെ ശരീരത്തിലെ വിഷം പൂര്‍ണമായും നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പരസഹായമില്ലാതെ നടക്കാനും ഭക്ഷണം കഴിക്കാനും സുരേഷിന് കഴിയുന്നുണ്ട്.
രണ്ട് ദിവസം കൂടി സുരേഷിനെ നിരീക്ഷിക്കാനാണ് മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം. തിങ്കളാഴ്ചയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ഓര്‍മശക്തി വീണ്ടെടുത്ത സുരേഷിന് ഇന്നലെ തന്നെ എഴുന്നേറ്റിരിക്കാന്‍ കഴിഞ്ഞിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ആരോഗ്യത്തില്‍ പുരോഗതിയുണ്ടായതോടെയാണ് സുരേഷിനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയത്.
സ്വന്തമായി ശ്വാസമെടുക്കാന്‍ കഴിയുന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. വെന്റിലേറ്ററില്‍ നിന്ന് മാറ്റിയ ശേഷം ഡോക്ടര്‍മാരോടും ആരോഗ്യ പ്രവര്‍ത്തകരോടും സുരേഷ് സംസാരിച്ചതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ബുധനാഴ്ച രാവിലെ സുരേഷിന്റെ നില ഗുരുതരമായിരുന്നെങ്കിലും പിന്നീട് പുരോഗതി ഉണ്ടാവുകയായിരുന്നു.
കോട്ടയം കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റതിനെ തുടർന്നാണ് വാവ സുരേഷിനെ മെഡിക്കൽ കോളേജിലെ ക്രിറ്റിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ഇത് മൂന്നാം തവണയാണ് പാമ്പുകടിയേറ്റ് സുരേഷ് ഗുരുതരാവസ്ഥയിലാകുന്നത്
Also Read: ശിവശങ്കര്‍ ജീവിതത്തിന്റെ ഭാഗമായിരുന്നു, ചതിക്കേണ്ട കാര്യമില്ല: സ്വപ്‌ന സുരേഷ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.