തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവങ്കറിനെതിരെ അതിരൂക്ഷ വിമര്‍ശവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഐ ഫോണ്‍ നല്‍കി ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ലെന്നു പറഞ്ഞ സ്വപ്ന, തന്നെ ഇങ്ങനെയാക്കിത്തീർത്തതിൽ അദ്ദേഹത്തിനു വലിയ പങ്കുണ്ടെന്നും ആരോപിച്ചു.
ശിവശങ്കറിന്റെ പുസ്തകം ‘അശ്വത്ഥാമാവ് വെറും ആന’ നാളെ പുറത്തിറങ്ങാനിരിക്കെയാണു സ്വപ്‌നയുടെ പ്രതികരണം. ഫോണ്‍ തനിക്കു നല്‍കിയത് സ്വപ്നയുടെ ചതിയാണെന്നു ശിവശങ്കര്‍ പുസ്തകത്തില്‍ പറയുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ്
ടെലിഷന്‍ ചാനലുകളോടുള്ള സ്വപ്‌നയുടെ വെളിപ്പെടുത്തല്‍.
ലൈഫ് മിഷന്‍ പദ്ധതിയില്‍ ഐ ഫോണ്‍ കൊടുത്ത് ശിവശങ്കറിനെ ചതിക്കേണ്ട കാര്യം തനിക്കില്ലെന്നും. അങ്ങനെയൊരു ബന്ധമായിരുന്നു താനുമായുള്ളതെന്നും സ്വപ്‌ന പറഞ്ഞു. അത് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. മൂന്നുവര്‍ഷത്തിലേറെയായി തന്റെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും മാറ്റിവയ്ക്കാന്‍ പറ്റാത്ത പ്രധാനപ്പെട്ട ഭാഗമായിരുന്ന ശിവശങ്കര്‍ തന്നെ ചൂഷണം ചെയ്തു.
തന്റെ അച്ഛനക്കം എല്ലാ കാര്യങ്ങളും ശിവശങ്കര്‍ സാറിന്റെയടുത്താണ് തുറന്നു സംസാരിക്കാറുണ്ടായിരുന്നത്. കണ്ണടച്ച് വിശ്വസിച്ചാണ് ശിവശങ്കര്‍ പറയുന്നതുകേട്ട് ജീവിച്ചത്. ഒരു സ്ത്രീയെന്ന നിലയില്‍ ചൂഷണം ചെയ്ത് മാനിപ്പുലേറ്റ് ചെയ്ത് ചൂഷണം ചെയ്ത് നശിപ്പിച്ചു. തന്നെ ഇങ്ങനെയാക്കിത്തീര്‍ത്തതില്‍ ശിവശങ്കറിനു വലിയ ഉത്തരവാദിത്തമുണ്ട്. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍ ആത്മകഥയില്‍ എഴുതിയിട്ടുണ്ടെങ്കില്‍ മോശമാണ്.
Also Read: സില്‍വര്‍ ലൈന്‍: ഭൂമിയേറ്റെടുക്കൽ നിർത്തിവയ്ക്കണമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ
ഐ ഫോണുകളിലൊന്ന് ശിവശങ്കറിന് നല്‍കാന്‍ യൂണിടാക് നിര്‍ദേശിച്ചതായിരുന്നു. ആദ്യം കൊടുത്തപ്പോള്‍ അദ്ദേഹം വാങ്ങിച്ചില്ല. പിന്നീട് തന്റെ വീട്ടില്‍ വന്നപ്പോള്‍ കൊടുക്കുകയായിരുന്നു. ശിവശങ്കര്‍ എന്ന കുടുംബസുഹൃത്തിനു വേണ്ടി കഴിഞ്ഞ മൂന്നു വര്‍ഷമായി എല്ലാ ജന്മദിനത്തിലും പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്. സമ്മാനങ്ങള്‍ നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ആദ്യ യുഎഇ യാത്രയില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥയെന്ന നിലയിലാണ് ശിവശങ്കറിനെ പരിചയപ്പെട്ടത്. കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചത് ശിവശങ്കര്‍ പറഞ്ഞിട്ടാണ്. ഐ ടി വകുപ്പില്‍ നിയമനം നേടിത്തന്നത് ശിവശങ്കറാണ്. അദ്ദേഹത്തിന്റെ ഒറ്റ ഫോണ്‍ കോള്‍ കൊണ്ടാണ് ജോലി ശരിയായത്. അഭിമുഖം പോലും ഇല്ലായിരുന്നു. തന്റെ ജീവിതത്തിന്റെ പ്രധാന ഭാഗമായ ആള്‍ക്ക് എങ്ങനെയാണ് നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാന്‍ സാധിക്കുന്നത്?
തന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നതിനാല്‍ അദ്ദേഹം പതിവായി വീട്ടില്‍ വരാറുണ്ടായിരുന്നു. അതില്‍ രാത്രിയെന്നോ പകലെന്നോ പറയുന്നതില്‍ അര്‍ഥമില്ല. വീട്ടില്‍നിന്നു ഭക്ഷണം കഴിക്കാറുണ്ടായിരുന്നു. സോഷ്യല്‍ ഡ്രിങ്കിങ് എന്ന തരത്തില്‍ വീട്ടില്‍നിന്ന് മദ്യപിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാതെ അദ്ദേഹം മദ്യപിച്ച് നിലത്തുറയ്ക്കാത്ത തരത്തില്‍ വീട്ടില്‍നിന്നു പോയിട്ടില്ല. അത് പര്‍വതീകരിച്ചുപറയുന്നതാണ്.
വി ആര്‍ എസെടുത്ത് യു എ ഇയില്‍ താമസമാക്കാമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നു. രണ്ടു മാസത്തിലൊരിക്കല്‍ ശിവശങ്കറുമായി ബെംഗളൂരുവിലേക്ക് ഉള്‍പ്പെടെ യാത്ര പതിവായിരുന്നു. കോണ്‍സുലേറ്റില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു. അതുകൊണ്ടാണ് ജോലിമാറാന്‍ പറഞ്ഞത്.
Also Read: ലോകായുക്ത: ജലീലിനെ തള്ളി കോടിയേരി; അഭിപ്രായം വ്യക്തിപരം
അദ്ദേഹത്തെക്കുറിച്ച് പറയാന്‍ ഒരുപാട് രഹസ്യങ്ങളുണ്ട്. എന്നാല്‍ ചെളിവാരിയെറിയാന്‍ ആഗ്രഹിക്കുന്നില്ല. താന്‍ ആത്മകഥ എഴുതിയാല്‍ ശിവശങ്കറിനെക്കുറിച്ച് പലതും എഴുതേണ്ടിവരും. അതു ബെസ്റ്റ് സെല്ലറാവും.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിനെ തിരഞ്ഞെടുത്തത് ശിവശങ്കറിന്റെ അറിവോടെയാണ്. മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാമെന്ന് കരുതുന്നില്ല. ലൈഫ് മിഷന്‍ വിഷയത്തില്‍ മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ബന്ധമില്ല. യു എ ഇ കോണ്‍സുലേറ്റില്‍നിന്ന് മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്തതില്‍ അന്നത്തെ മന്ത്രി കെ ടി ജലീല്‍ നിരപരാധിയാണ്.
വിദ്യാഭ്യാസ യോഗ്യത വളരെ കുറവായ തനിക്കു കഴിവിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ജോലികളും ലഭിച്ചത്. ശമ്പളമല്ലാതെ മറ്റൊരു വരുമാനവും ഇതുവരെ ഇല്ല. ഇപ്പോള്‍ ജീവിതം പ്രതിസന്ധിയാണ്. ഒരു വരുമാനവുമില്ല. ജോലി നല്‍കാന്‍ ആരും തയാറാവുന്നില്ല. ഇനിയും ഇത് തുടര്‍ന്നാല്‍ ആത്മഹത്യയല്ലാതെ വഴിയില്ല. ശിവശങ്കറിന്റെ ആത്മകഥ വായിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.