/indian-express-malayalam/media/media_files/uploads/2021/05/vd-satheesan1.jpg)
ഫയൽ ചിത്രം
കോഴിക്കോട്: കോൺഗ്രസിന്റെ പുനഃസംഘടനയിൽ ആർക്കും പരാതിയുള്ളതായി അറിവില്ലെന്ന് വി.ഡി.സതീശൻ. മുതിർന്ന നേതാക്കൾക്ക് പരാതിയുണ്ടെങ്കിൽ അവരുമായി സംസാരിക്കുമെന്നും കൂടിയാലോചിച്ചു മാത്രമേ തീരുമാനമെടുക്കൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവർത്തകരുടെയും എക്‌സിക്യൂട്ടീവിന്റേയും ഡിസിസി പ്രസിഡന്റുമാരുടെയും വികാരം മാനിച്ചാണ് പുനഃസംഘടന നടത്തുന്നത്. എല്ലാം സംസ്ഥാനങ്ങളിലും പുനഃസംഘടന നടത്താറുണ്ട്. ഇത് നടത്താതിരുന്നാൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
പുനഃസംഘടന സംബന്ധിച്ച് സംസാരിക്കാൻ ഉമ്മൻചാണ്ടി ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്താനിരിക്കവെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. മുതിർന്ന നേതാക്കൾക്ക് പരാതിയുള്ളതായി അറിയില്ല. അവർ ആരോടും പറഞ്ഞിട്ടില്ല. അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേട്ടുകൊണ്ടാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ സാഡിസ്റ്റ് പരാമർശത്തിനും വി.ഡി.സതീശൻ മറുപടി നൽകി. നരേന്ദ്ര മോദിയെ പോലെയാണ് മുഖ്യമന്ത്രി. തങ്ങളെ വിമർശിച്ചാൽ അവരെ ദേശവിരുദ്ധരാക്കുന്നതാണ് രീതി. ഇത് ഏകാധിപതികളുടെ പൊതു സ്വഭാവമാണ്. ഞങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് വേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഒരു രാത്രി മുഴുവൻ മഴ പെയ്താൽ പ്രളയമുണ്ടാകുന്ന സംസ്ഥാനത്ത് പാരിസ്ഥിതിക പഠനം നടത്താതെ സിൽവർ ലൈൻ പോലൊരു പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാൻ എങ്ങനെ കഴിയുന്നു. എന്തുകൊണ്ട് ഒരു ശാസ്ത്രീയമായ പഠനം നടത്തുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു. 2018ല്‍ 1.24 ലക്ഷം കോടി രൂപ ചെലവ് വരുമെന്ന് നീതി ആയോഗ് പറഞ്ഞ പദ്ധതിക്ക് ഇന്ന് 1.50 ലക്ഷം കോടിയെങ്കിലും ചെലവ് വരും. ഇത് കേരളത്തിനെ സാമ്പത്തികമായി തകര്‍ച്ചയിലേക്ക് നയിക്കില്ലേയെന്നും വി.ഡി.സതീശൻ ചോദിച്ചു.
Also Read: മഴയ്ക്ക് ശമനം, ഇന്ന് ജാഗ്രതാ മുന്നറിയിപ്പുകൾ ഇല്ല; ഇടുക്കി ഡാമിന്റെ ഷട്ടർ അടച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.