/indian-express-malayalam/media/media_files/uploads/2020/08/aadhaar-seva-kendra-ask-kerala.jpg)
കൊച്ചി: ആധാർ വിവരങ്ങൾ പുതുക്കാനാവാതെ നിങ്ങൾ ബുട്ടിമുട്ട് നേരിടുന്നുണ്ടോ? ഇതിനായി പല തവണ ശ്രമിച്ചിട്ടും പരിഹാരം കാണാൻ കഴിയാതിരുന്നിട്ടുണ്ടോ? നിങ്ങൾക്ക് കൊച്ചിയിലെ ആധാർ സേവാ കേന്ദ്രം (ആസ്ക്) സഹായകമാവും.
പാസ്‌പോര്‍ട്ട് സേവ കേന്ദ്രങ്ങളെ മാതൃകയാക്കി യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് (യുഐഡിഎഐ) രാജ്യത്തെ വിവിധ നഗരങ്ങളിലായി ആസ്‌കുകൾ ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ ആസ്ക് കൊച്ചിയില്‍ പ്രവർത്തനം ആരംഭിച്ചു. ആധാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും ജനങ്ങള്‍ക്ക് ആസ്കിനെ സമീപിക്കാം.
അത്യാധുനിക സൗകര്യങ്ങളാണ് പാലാരിവട്ടം പൈപ്പ് ലൈന്‍ ജംഗ്ഷനിലെ ആസ്‌കിലെത്തുന്നവരെ കാത്തിരിക്കുന്നത്. ശനിയും ഞായറും അടക്കമുള്ള ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് പ്രവര്‍ത്തന സമയം.
യുഐഡിഎഐയുടെ വെബ് സൈറ്റ് വഴി ബുക്ക് ചെയ്തുവേണം ആസ്‌കിനെ സമീപിക്കാന്‍. കേന്ദ്രം തെരഞ്ഞെടുത്തശേഷം മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കി നിങ്ങള്‍ക്ക് സേവനം വേണ്ട ദിവസവും ടൈം സ്ലോട്ടും തെരഞ്ഞെടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യാതെ ആസ്കിലെത്തുന്നവർക്കും അവിടെത്തന്നെ രജിസ്ട്രർ ചെയ്ത് ടൈം സ്ലോട്ട് എടുക്കാവുന്നതാണ്.
സാധാരണ ആധാര്‍ കാര്‍ഡ് എടുക്കുന്ന അക്ഷയ സെന്ററുകളില്‍ നിന്നും വ്യത്യസ്തമാണ് പ്രവര്‍ത്തന രീതിയെന്ന് കൊച്ചി കേന്ദ്രത്തിന്റെ മാനേജര്‍ വി എസ് ജിജി പറഞ്ഞു. ഒരു ആധാര്‍ കാര്‍ഡ് ഉടമയ്ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് അക്ഷയ സെന്ററുകള്‍ക്ക് നേരിട്ട് യുഐഡിഎഐയുമായി ബന്ധപ്പെടാന്‍ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു.
"അക്ഷയ സെന്ററുകള്‍ക്ക് ഹെല്‍പ് ലൈന്‍ നമ്പര്‍ ഉപയോഗിക്കാം. കൂടാതെ അവര്‍ക്ക് ജില്ലാ കോഡിനേറ്റര്‍ക്ക് ഇമെയില്‍ അയക്കാം. ജില്ലാ കോഡിനേറ്റര്‍ സ്റ്റേറ്റ് കോഡിനേറ്റര്‍ക്ക് അയക്കും. സ്റ്റേറ്റ് കോഡിനേറ്റര്‍ യുഐഡിഎഐയുമായി ബന്ധപ്പെടും. എന്നാല്‍ ആസ്കിൽ നേരിട്ട് ബന്ധപ്പെട്ട് പ്രശ്‌ന പരിഹാരം ഉണ്ടാക്കാന്‍ സാധിക്കും. ആധാര്‍ ഉടമകളുടെ ബയോമെട്രിക് വിവരങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുന്ന സാഹചര്യങ്ങള്‍ ഉണ്ടാകും. അത് പരിഹരിക്കുന്നതിന് ആസ്കിന് സാധിക്കും," ജിജി പറഞ്ഞു.
Read Also: Covid-19 Russian Vaccine: റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ എന്നെത്തും?, എന്തൊക്കെയാണ് തടസ്സങ്ങള്‍?
ആസ്കിൽ ഒരേ സമയം 12 പേര്‍ക്ക് സേവനം നല്‍കാന്‍ സാധിക്കും. 25 പേര്‍ക്ക് സെന്ററിനുള്ളില്‍ ഇരിക്കാനുള്ള സംവിധാനമുണ്ട്. ഭിന്നശേഷി സൗഹൃദമാണ് കേന്ദ്രം.
രാജ്യത്ത് ആരംഭിച്ച 114 ആധാര്‍ സേവ കേന്ദ്രങ്ങളിലൊന്നാണ് കൊച്ചിയിലേത്.
"കൊച്ചിയിലും തിരുവനന്തപുരത്തും രണ്ടെണ്ണം വീതമാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. പക്ഷേ, പാലാരിവട്ടത്തെ സെന്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തി ആളുകള്‍ക്ക് താല്‍പര്യമുണ്ടോയെന്ന് അറിഞ്ഞ ശേഷമേ മറ്റുള്ളവ ആരംഭിക്കുകയുള്ളൂ," ജിജി പറഞ്ഞു.
ഓണ്‍ലൈന്‍ ബുക്കിങ്ങ്
https://appointments.uidai.gov.in/bookappointment.aspx അല്ലെങ്കില്‍ https://ask1.uidai.gov.in എന്നീ വിലാസങ്ങള്‍ വഴി ഓണ്‍ലൈന്‍ ആയി സമയം തിരഞ്ഞെടുക്കാന്‍ സാധിക്കും.
ആധാര്‍ സേവ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന സേവനങ്ങള്‍
- പുതിയ ആധാര്‍ കാര്‍ഡിനായി അപേക്ഷിക്കാം
- നിലവിലെ ആധാര്‍ കാര്‍ഡിലെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, ജനന തിയതി തുടങ്ങിയവ കൂട്ടിച്ചേര്‍ക്കൽ, തിരുത്തൽ
- ഫൊട്ടോയും ബയോമെട്രിക് വിവരങ്ങളും പുതുക്കാം
- ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാനും പ്രിന്റ് ചെയ്യാനുമുള്ള സേവനം
നിരക്ക്
- പുതിയ ആധാര്‍, കുട്ടികളുടെ ആധാര്‍, 5, 15 വയസ്സുകളിലെ ബയോമെട്രിക് പുതുക്കല്‍ എന്നിവ സൗജന്യമായി ചെയ്തു നല്‍കും
- പേര്, വിലാസം, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, ജനനതിയതി എന്നിവ തിരുത്തുന്നതിന് 50 രൂപ
- ആധാര്‍ പ്രിന്റൗട്ട് എടുക്കുന്നതിന് 30 രൂപ
- ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നതിന് 100 രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.