/indian-express-malayalam/media/media_files/uploads/2021/04/thrissur-pooram-2021-amidst-covid-19-surge.jpg)
തൃശ്ശൂര്‍ പൂരം 2018, ഫൊട്ടോ. വിഗ്നേഷ് കൃഷ്ണമൂര്‍ത്തി, ഇന്ത്യന്‍ എക്സ്പ്രസ്സ്
തൃശൂർ: വെള്ളിയാഴ്ച അർധരാത്രിയോടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിൽ ചടങ്ങുകൾ വെട്ടിച്ചുരുക്കി തൃശൂർ പൂരം സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ ആഘോഷങ്ങൾക്ക് സമാപനമായി.
ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. നിറച്ച വെടിമരുന്നിന് തിരുവമ്പാടി വിഭാഗവും പാറമേക്കാവ് വിഭാഗവും തീ കൊളുത്തി പൊട്ടിച്ചു തീർക്കുകയായിരുന്നു. ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കി. രാവിലെ എട്ടരയോടയാണ് പൂരാഘോഷങ്ങൾ സമാപിച്ചത്.
മരം വീണുണ്ടായ അപകടത്തിൽ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ നടത്തറ സ്വദേശി രമേശന്‍, പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. തിരുവമ്പാടിയുടെ മഠത്തില്‍ വരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം നടന്നത്.
മൂന്ന് പൊലീസുകാർക്കും മേളക്കാരും ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് മരക്കൊമ്പിനടിയിൽ നിന്ന് ആളുകളെ പുറത്തെടുത്തത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജിലും സമീപത്തെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സിഐ ഉള്‍പ്പെടെ ഏതാനും പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
Read More: വാരാന്ത്യ നിയന്ത്രണങ്ങൾ നിലവിൽ; പരീക്ഷകൾ, അവശ്യ സർവ്വീസുകൾ തുടരും
രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് മേലേക്ക് സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടന്‍ തളയ്ക്കാനായി. മരക്കൊമ്പ് വീണത് വൈദ്യുതി ലൈനിന് മുകളിലാണ്. അതോടെ വൈദ്യുതി ബന്ധം താറുമാറായിരുന്നു.
ഇതോടെ ഇരുവിഭാഗവും വെടിക്കെട്ട് ഉപേക്ഷിച്ചു. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നിര്‍വീര്യമാക്കി. പാറമേക്കാവിന്റെ വെടിക്കോപ്പുകളും കത്തിച്ചുകളഞ്ഞു. പകല്‍പൂരം ചടങ്ങ് മാത്രമാക്കും. പാറമേക്കാവ് ഒരാനയെ മാത്രം എഴുന്നള്ളിക്കും.
എന്‍ഡിആര്‍എഫ് സംഘവും കലക്ടറും ജില്ലാ പൊലീസ് മേധാവിയും സ്ഥലം സന്ദർശിച്ചു. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തം ഒഴിവാക്കിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.