കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ ആരംഭിച്ചതോടെ നിരത്തുകളിൽ പരിശോധന കർശനമാക്കി പൊലീസ്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയവരില്‍ നിന്ന് പൊലീസ് 500 രൂപ പിഴ ഈടാക്കുന്നുണ്ട്. ചിലരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
നിയന്ത്രണങ്ങളോട് പൊതുവെ ജനം അനുകൂലമായാണു പ്രതികരിക്കുന്നത്. അവശ്യമേഖകളില് പ്രവര്‍ത്തിക്കുന്നവരുടെ യാത്ര ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചാണു പൊലീസ് അനുവദിക്കുന്നത്. മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തിറങ്ങിയവരുടെ യാത്ര രേഖകളുടെ അടിസ്ഥാനത്തിലും അനുവദിക്കുന്നുണ്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട യാത്ര ചെയ്യുന്നവര്‍ക്കു സത്യവാങ്മൂലം കാണിച്ച് യാത്രചെയ്യാന്‍ കഴിയും.
വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കുമായി പുറത്തിറങ്ങിയ പലരും സത്യപ്രസ്താവനയോ മറ്റുരേഖകളോ കയ്യിൽ കരുതാതെയാണ് പുറത്തിറങ്ങിയത്. ഇവർക്ക് ആവശ്യമായ നിർദേശം പൊലീസ് നൽകുന്നുണ്ട്.
സംസ്ഥാനത്തുടനീളം റോഡുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കെഎസ്ആര്‍ടി 60 ശതമാനം സര്‍വിസ് നടത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ കുറഞ്ഞതോടെ പലയിടത്തും വീണ്ടും സര്‍വിസ് വെട്ടിക്കുറച്ചു.
നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തി പാലക്കാട് തത്തമംഗലത്ത് നടത്തിയ കുതിരയോട്ട മത്സരം പൊലീസ് ഇടപെട്ട് നിര്‍ത്തിവയ്പിച്ചു. സംഘാടകര്‍ അടക്കം 100 പേര്‍ക്കെതിരെ കേസെടുത്തു. അങ്ങാടിവേലയുടെ ഭാഗമായിട്ടാണ് കുതിരയോട്ട മത്സരം നടത്തിയത്. മത്സരം കാണാനായി റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങള്‍ തടിച്ചു കൂടി. ഒരു കുതിര ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞു കയറിയതായും റിപ്പോര്‍ട്ടുണ്ട്.
ഹയര്‍സെക്കന്‍ഡറി പരീക്ഷകൾ മുന്‍ നിശ്ചയപ്രകാരം നടക്കുന്നുണ്ട്. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. പരീക്ഷാകേന്ദ്രങ്ങളില്‍ കുട്ടികളെ എത്തിക്കുന്ന രക്ഷകര്‍ത്താക്കള്‍ അവിടെ കൂട്ടംകൂടി നില്‍ക്കാതെ ഉടന്‍ മടങ്ങണം. പരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാന്‍ തിരിച്ചെത്തിയാല്‍ മതി.
ഇന്നും നാളെയും നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. ഹാളുകള്‍ക്കുളളില്‍ പരമാവധി 75 പേര്‍ക്കും തുറസായ സ്ഥലങ്ങളില്‍ 150 പേര്‍ക്കും മാത്രമായിരിക്കും പ്രവേശനം. മരണാനന്തരചടങ്ങുകള്‍ക്ക് പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാം. ചടങ്ങുകളില്‍ ആകെ പങ്കെടുക്കാവുന്നവരുടെ എണ്ണമാണ് ഇത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.
Also Read: വാരാന്ത്യ ലോക്ക്ഡൗൺ: എന്തൊക്കെ ചെയ്യാം? ചെയ്യരുതാത്തത് ഇതൊക്കെ
ദീര്‍ഘദൂര യാത്ര പൊതുവെ ഒഴിവാക്കണം. വിവാഹം, മരണം മുതലായ ചടങ്ങുകള്‍, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാന്‍ അനുവാദമുണ്ട്. ഇവയ്ക്കുവേണ്ടി സഞ്ചരിക്കുന്നവര്‍ സ്വന്തമായി തയാറാക്കിയ സത്യപ്രസ്താവന കരുതണം.
ട്രെയിന്‍, വിമാന സര്‍വീസുകള്‍ പതിവുപോലെ ഉണ്ടായിരിക്കും. പൊലീസ് പരിശോധനാ സമയത്ത് യാത്രക്കാര്‍ക്കു ടിക്കറ്റ് അഥവാ ബോര്‍ഡിങ് പാസ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കാണിക്കാം. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഹോം ഡെലിവറി നടത്താം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ഹോട്ടലുകളില്‍ പോയി ഭക്ഷണം വാങ്ങാം. ഇതിനായി സത്യപ്രസ്താവന കയ്യില്‍ കരുതണം.
ടെലികോം, ഐടി, ആശുപത്രികള്‍, മാധ്യമസ്ഥാപനങ്ങള്‍, പാല്, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. വീടുകളില്‍ മത്സ്യം എത്തിച്ച് വില്‍പ്പന നടത്തുന്നതിന് തടസമില്ല. എന്നാല്‍, വില്‍പ്പനക്കാര്‍ മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം.