/indian-express-malayalam/media/media_files/uploads/2019/06/tovino-thomas.jpg)
കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതേവിട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ടൊവിനോ തോമസ്. കുറ്റവാളികള്‍ക്കു സംരക്ഷണവും ഇരയ്ക്ക് ശിക്ഷയും ലഭിക്കുന്ന അവസ്ഥ ഭയാനകമാണെന്ന് ടൊവിനോ പറഞ്ഞു. ഈ അവസ്ഥ ഇനിയും തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും വച്ചുപുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്ന് ടൊവിനോ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.
"കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും, നിയമസംവിധാനങ്ങളും, നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇതു കണ്ടുകൊണ്ട് നിന്നേക്കില്ല, അവർ പ്രതികരിക്കും. ഹാഷ്ടാഗ് ക്യാംപയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും! ചരിത്രം പഠിപ്പിക്കുന്നത് അതാണ്!" ടൊവിനോ ഫെയ്‌സ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.
വാളയാർ കേസിലെ പ്രതികളെ വെറുതേവിട്ടതിനെതിരെ നിയമസഭയിലും സർക്കാരിനെതിരെ ചോദ്യമുയർന്നു. വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. വാളയാര്‍ വിഷയം പ്രതിപക്ഷമാണ് നിയമസഭയില്‍ ഉന്നയിച്ചത്. പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“വാളയാര്‍ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പട്ടിക വിഭാഗത്തിലുള്ള കുട്ടികളായതിനാല്‍ അതനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫൊറന്‍സിക് സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അപ്പീല്‍ അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി മികച്ച അഭിഭാഷകനെ നിയോഗിക്കും.” മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്നാണ് കരുതിയത്. പ്രതികൾ ശിക്ഷിക്കപ്പെടാതിരുന്നത് അതീവ ഗൗരവതരമാണ്. കേസിൽ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാം. കേസിൽ മനുഷത്വപരമായ സമീപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്‌തമാക്കി. പൊലീസിനു വീഴ്‌ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. കുട്ടികളെ കൊന്നുതളളിയവര്‍ പാട്ടുംപാടി നടക്കുന്നുവെന്ന് പ്രതിപക്ഷത്തു നിന്നുള്ള ഷാഫി പറമ്പില്‍ എംഎൽഎ ആരോപിച്ചു. ഇതാണ് സര്‍ക്കാരിന്റെ ശക്തമായ നടപടിയെന്നും ഷാഫി പരിഹസിച്ചു.
പ്രതികളെ രക്ഷിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ മരണം ഉണ്ടാകില്ലായിരുന്നുവെന്നും ഷാഫി തുറന്നടിച്ചു. പൊലീസും പ്രോസിക്യൂഷനും ഗുരുതരവീഴ്‌ച വരുത്തിയെന്ന് ഷാഫി പറമ്പില്‍ നിയമസഭയിൽ ആരോപിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.