തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. വാളയാര്‍ വിഷയം പ്രതിപക്ഷമാണ് നിയമസഭയില്‍ ഉന്നയിച്ചത്. പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

“വാളയാര്‍ കേസ് അട്ടിമറിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. പട്ടിക വിഭാഗത്തിലുള്ള കുട്ടികളായതിനാല്‍ അതനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫൊറന്‍സിക് സംഘം ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. അപ്പീല്‍ അടക്കമുള്ള തുടര്‍ നടപടികള്‍ക്കായി മികച്ച അഭിഭാഷകനെ നിയോഗിക്കും.” മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: വാളയാര്‍ പീഡനക്കേസ്: കുറ്റക്കാര്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് സിപിഎം

കേസിൽ പ്രതികൾ  ശിക്ഷിക്കപ്പെടുമെന്നാണ്‌ കരുതിയത്‌. പ്രതികൾ ശിക്ഷിക്കപ്പെടാതിരുന്നത്‌ അതീവ ഗൗരവതരമാണ്‌. കേസിൽ സിബിഐ വേണോ അതോ പുനരന്വേഷണം വേണോ എന്ന് പരിശോധിക്കാം.  കേസിൽ മനുഷത്വപരമായ സമീപനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്‌തമാക്കി. പൊലീസിനു വീഴ്‌ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. കുട്ടികളെ കൊന്നുതളളിയവര്‍ പാട്ടുംപാടി നടക്കുന്നുവെന്ന് പ്രതിപക്ഷത്തു നിന്നുള്ള ഷാഫി പറമ്പില്‍ എംഎൽഎ ആരോപിച്ചു. ഇതാണ് സര്‍ക്കാരിന്റെ ശക്തമായ നടപടിയെന്നും ഷാഫി പരിഹസിച്ചു.

പ്രതികളെ രക്ഷിച്ചത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ മരണം ഉണ്ടാകില്ലായിരുന്നുവെന്നും ഷാഫി തുറന്നടിച്ചു. പൊലീസും പ്രോസിക്യൂഷനും ഗുരുതരവീഴ്‌ച വരുത്തിയെന്ന് ഷാഫി പറമ്പില്‍ നിയമസഭയിൽ ആരോപിച്ചു.

Read Also: വാളയാര്‍: മുഖ്യമന്ത്രിയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിലും പ്രതിഷേധം

വാളയാർ കേസിൽ വീഴ്‌ച സംഭവിച്ചിട്ടുണ്ടെങ്കിൽ സർക്കാർ ഇടപെട്ട് അത് തിരുത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. പെണ്‍കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതിനു വേണ്ടി ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളുടെ കുടുംബത്തിനു നീതി കിട്ടണം. കുറ്റക്കാര്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കരുത്. അവരെ നിയമത്തിനു മുന്നിലെത്തിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. കേസ് വാദിക്കുന്നതില്‍ പ്രോസിക്യൂഷനോ, അന്വേഷണത്തില്‍ പൊലീസിനു വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. കുട്ടികളുടെ മരണം സംബന്ധിച്ചു സമഗ്ര അന്വേഷണം നടക്കണം. സംഭവത്തിലെ ദുരൂഹത നീക്കി യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരണമെന്നും സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

പോക്‌സോ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള തീരുമാനത്തെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു. വീഴ്ച കൂടാതെ കാര്യങ്ങള്‍ അന്വേഷിച്ചു നടപടി സ്വീകരിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തണമെന്നും സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി വെറുതേവിട്ട പ്രതികള്‍ക്ക് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. വാളയാര്‍ പീഡനക്കേസ് പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം പറഞ്ഞിരുന്നു. കേസില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നും അപ്പീല്‍ പോകണമെന്നും പുതുശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് മനോരമ ന്യൂസിനോടു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.