/indian-express-malayalam/media/media_files/uploads/2019/08/Sreedharan-Pillai-and-Thushar.jpg)
കൊച്ചി: തന്നെ ചെക്ക് കേസില്‍ കുടുക്കിയത് സിപിഎമ്മാണെന്ന് വിശ്വസിക്കുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി. തുഷാറിനെതിരായ നീക്കത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, ശ്രീധരന്‍ പിള്ളയെ പൂര്‍ണമായും തള്ളിയിരിക്കുകയാണ് തുഷാര്‍ വെള്ളാപ്പള്ളി.
അജ്മാന്‍ കോടതിയിലെ ചെക്ക് കേസ് തള്ളിയതിനെ തുടര്‍ന്നാണ് തുഷാര്‍ ഇന്ന് കേരളത്തിലെത്തിയത്. മോചനത്തിനായി കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും സഹായിച്ചുവെന്നും തുഷാര്‍ പറഞ്ഞു. പരാതി നല്‍കിയ നാസില്‍ അബ്ദുള്ള ജയിലില്‍ പോകണമെന്ന് ആഗ്രഹമില്ല. നാസില്‍ മാധ്യമങ്ങളെ കണ്ട് പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. എങ്കിലും കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും തുഷാര്‍ കൊച്ചിയില്‍ പറഞ്ഞു.
Read Also: ലണ്ടനിലെ കൊട്ടാരത്തിൽനിന്നും സ്വർണ ടോയ്‌ലെറ്റ് മോഷണം പോയി
ഇന്ന് രാവിലെയാണ് തുഷാര്‍ വെള്ളാപ്പള്ളി കൊച്ചിയിലെത്തിയത്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ തുഷാറിന് എസ്എന്‍ഡിപി, ബിഡിജെഎസ് പ്രവര്‍ത്തകര്‍ ഗംഭീര സ്വീകരണമൊരുക്കി. വ്യാഴാഴ്‌ച ദുബായില്‍ നിന്ന് തിരിക്കാനാണ് തുഷാര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍, വിമാനം വൈകിയതോടെ യാത്ര മാറ്റിവച്ചു. വെള്ളിയാഴ്ച കേരളത്തില്‍ ചതയദിനാഘോഷങ്ങള്‍ നടക്കുന്നതിനാല്‍ യാത്ര ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
തുഷാറിനെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടായത്. തുഷാറിന്റെ പാസ്‌പോര്‍ട്ട് നേരത്തെ കോടതിയില്‍ ജാമ്യമായി സമര്‍പ്പിച്ചിരുന്നെങ്കിലും അതും കഴിഞ്ഞദിവസം തിരിച്ചുനല്‍കി. പരാതിക്കാരനായ നാസില്‍ അബ്ദുള്ളയ്ക്ക് കേസ് തെളിയിക്കാനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അജ്‌മാൻ കോടതി കേസ് തള്ളിയത്. ചെക്ക് കേസ് നൽകിയ തൃശൂർ സ്വദേശി നാസിൽ അബ്ദുള്ളയ്‌ക്കെതിരേ തുഷാർ യുഎഇയിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
തുഷാറിനെതിരായ കേസിന് പിന്നില്‍ സിപിഎം ഗൂഢാലോചനയാണെന്ന് പി.എസ്.ശ്രീധരന്‍ പിള്ള ആരോപിച്ചിരുന്നു. എന്നാല്‍, ശ്രീധരന്‍ പിള്ളയെ തള്ളി വെള്ളാപ്പള്ളി നടേശന്‍ അപ്പോള്‍ തന്നെ രംഗത്തെത്തിയിരുന്നു. ശ്രീധരന്‍ പിള്ള കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.