ലണ്ടൻ: ലണ്ടനിലെ ബ്ലെനിം കൊട്ടാരത്തിലെ സ്വർണ ടോയ്‌ലെറ്റ് മോഷണം പോയി. ആർട്ട് എക്സിബിഷന്റെ ഭാഗമായി ടോയ്‌ലെറ്റ് പൊതുജനങ്ങൾക്ക് പ്രദർശിപ്പിച്ചപ്പോഴാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരുന്ന ചർച്ചിലിന്റെ ജന്മഗൃഹമാണു ഓക്സ്ഫഡ്ഷറിലുള്ള ബ്ലെനിം പാലസ്. ചർച്ചിൽ ജനിച്ച മുറിയോടു ചേർന്നുള്ള ശുചിമുറിയിലാണു സ്വർണ ടോയ്‌ലെറ്റുളളത്.

ന്യൂയോർക്കിലെ ഗുഗൻഹൈം മ്യൂസിയത്തിലാണ് ടോയ്‌ലെറ്റ് ആദ്യം പ്രദർശനത്തിനു വച്ചത്. ഇവിടെ പൊതുജനങ്ങൾക്ക് ടോയ്‌ലെറ്റ് ഉപയോഗിക്കുന്നതിനും സൗകര്യം ഒരുക്കിയിരുന്നു. ഏതാനും ദിവസം മുൻപാണ് ബ്ലെനിം കൊട്ടാരത്തിൽ പ്രദർശനത്തിനായി എത്തിച്ചത്. മൗറിസിയോ കാറ്റലൻ എന്ന ശിൽപിയാണ് സ്വർണ ടോയ്‌ലെറ്റ് നിർമിച്ചത്. ‘അമേരിക്ക’ എന്നായിരുന്നു അദ്ദേഹം നൽകിയ പേര്. 18 കാരറ്റ് സ്വർണത്തിലാണ് ടോയ്‌ലെറ്റ് നിർമിച്ചിട്ടുളളത്.

കഴിഞ്ഞ വർഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്കായി ന്യൂയോർക്കിലെ ഗുഗൻഹൈം മ്യൂസിയത്തിലെ വാൻഗോഗ് ചിത്രം ആവശ്യപ്പെട്ടപ്പോൾ മ്യൂസിയത്തിലെ ചീഫ് ക്യൂറേറ്റർ പകരം സ്വർണ ടോയ്‌ലറ്റ് തരാമെന്ന് പറഞ്ഞത് വാർത്തയായിരുന്നു.

ശനിയാഴ്ച പുലർച്ചെ 4.50 ഓടെയാണ് മോഷണം നടന്നതെന്നും രണ്ടു വാഹനങ്ങൾ മോഷണത്തിനായി സംഘം ഉപയോഗിച്ചതായും പൊലീസ് പറഞ്ഞു. മോഷണത്തിനിടയിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 66 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷേ മോഷണം നടത്തിയത് ഇയാളെന്നത് സ്ഥിരീകരിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook