/indian-express-malayalam/media/media_files/N00dx2gFIqvfObjLQf8q.jpg)
ചിങ്ങം പിറന്നതോടെ ഓരോ മലയാളിയും ഓണക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്
കൊച്ചി: ഇന്ന് ചിങ്ങം ഒന്ന്. രാമായണ ശീലുകൾ പൂവിളികൾക്ക് വഴി മാറി. ഇത്തവണ പുതുവർഷത്തിനൊപ്പം പിറന്നത് പുതുനൂറ്റാണ്ട് കൂടിയാണ്. കൊല്ലവർഷം 1199 ആണ് വെള്ളിയാഴ്ചയോടെ പൂർത്തിയായത്. പൂവിളികൾക്കൊപ്പം കൊല്ലവർഷം 1200-ലേക്കാണ് ശനിയാഴ്ച മലയാളി പ്രവേശിച്ചത്. പതിമൂന്നാം നൂറ്റിലേക്ക് മലയാളിയുടെ പ്രവേശനം.
ലോകമെമ്പാടും ക്രിസ്തുവർഷ പ്രകാരമുള്ള കാലഗണന പിന്തുടരുന്നെങ്കിലും ഓരോ പ്രദേശത്തിനും അതാത് രീതിയിലുള്ള ചാന്ദ്ര, സൗര മാസക്കണക്കുകൾ ഉണ്ടായിരുന്നു. മലയാളികൾക്ക് അത്തരത്തിൽ പ്രാദേശികമായുള്ള തനത് കലണ്ടറാണ് കൊല്ലവർഷം. എഡി 824-825 കാലത്താണ് കൊല്ലവർഷം തുടങ്ങുന്നത്. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മയാണ് ഈ കലണ്ടർ തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു.ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്.
മലയാളം കലണ്ടർ പ്രകാരം പൊതുവെ നാം ആചരിച്ചു വരാറുള്ള വർഷാരംഭം ചിങ്ങമാസത്തിലെ ഒന്നാംതിയതിയാണ്. ഇത് കൊല്ലവർഷ പ്രകാരമുള്ള പുതുവർഷമാണ്.
കേരളത്തിലെ പല രാജാക്കന്മാരും അവരുടെ രേഖകളും ശാസനങ്ങളും കൊല്ലവർഷം അനുസരിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കേരളത്തിൽ മാത്രമല്ല സമീപപ്രദേശങ്ങളായ മധുര, തിരുനെൽവേലി, ശ്രീലങ്ക എന്നിവിടങ്ങളിലും കൊല്ലവർഷം ഉപയോഗിച്ചിട്ടുണ്ടെന്ന് ചരിത്രരേഖകൾ പറയുന്നു.
ഇനി ഓണക്കാലത്തേക്ക്
ചിങ്ങം പിറന്നതോടെ ഓരോ മലയാളിയും ഓണക്കാലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇനി 22 ദിനം കൂടി കഴിഞ്ഞാൽ പൊന്നോണമെത്തും.ദാരിദ്ര്യത്തിൻറെയും കെടുതിയുടെയും പഞ്ഞക്കർക്കിടകത്തിന് വിട നൽകിയാണ് സമ്പൽസമൃദ്ധിയുടേയും ഐശ്വര്യത്തിൻറെയും ചിങ്ങം വന്നെത്തുന്നത്. പതിവ് പോലെ ഇത്തിരി ഗൃഹാതുരത, ഗ്രാമത്തിൻ മണം, മമത, ഒടുക്കമൊരു ദീർഘനിശ്വാസവും കൊണ്ട് തീർന്നുപോകേണ്ട ഒന്നല്ല ഇത്തവണത്തെ ചിങ്ങപ്പുലരി. പിറവി കൊണ്ടത് ഒരു നൂറ്റാണ്ട് കൂടിയാണ്.
സെപ്റ്റംബർ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാൾ. സെപ്റ്റംബർ 15 ഞായറാഴ്ചയാണ് തിരുവോണം. ക്ഷേത്രങ്ങളിലും ഇന്ന് പ്രത്യേക പൂജകൾ നടക്കും.ചിങ്ങ മാസം പിറക്കുന്നതോടെ പ്രകൃതിയിലാകമാനം മാറ്റം വരുമെന്നാണ് പഴമക്കാർ പറയാറ്. പ്രകൃതി ദുരന്തകളും മറ്റ് കെടുതികളിലും നാടാകെ വലയുകയാണെങ്കിലും ഓരോ ചിങ്ങമാസവും മലയാളിക്ക് പുതുപ്രതീക്ഷയാണ് നൽകുന്നത്. എല്ലാ വറുതികളും ദാരിദ്രവും മാറി ഒരു നല്ലകാലം എത്തിചേരുമെന്ന് ശുഭപ്രതീക്ഷയോടെയാണ് ഓരോ മലയാളിയും പൊന്നിൻ ചിങ്ങത്തെ വരവേൽക്കുന്നത്.
Read More
- ഹേമ കമ്മിഷൻ റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല
- പണം തട്ടിയെന്ന് പരാതി; മേജർ രവിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
- അപേക്ഷകൾ പരിഗണിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി
- വിലങ്ങാട് ഉരുൾപൊട്ടൽ; കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം
- വയനാട് ദുരന്തം: ഇനി കണ്ടെത്താനുള്ളത് 118 പേരെ, ഒഴുകിവന്ന മണ്ണിനടിയിലും പാറയുടെ അരികുകളിലും പരിശോധന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us