/indian-express-malayalam/media/media_files/uploads/2019/05/thechikkottukavu-ramachandran.jpg)
കൊച്ചി: തെച്ചിക്കോട്ട് രാമചന്ദ്രന്റെ ആരോഗ്യനില നാളെ പരിശോധിക്കും. വിദഗ്ദ സംഘം എത്തിയാണ് ആനയുടെ ആരോഗ്യക്ഷമത നാളെ പരിശോധിക്കുക. ഇതിന് ശേഷമാകും എഴുന്നളളിപ്പിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനമാവുക.
തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ അതിന് കർശന നിബന്ധനകൾ വേണമെന്നാണ് നിയമോപദേശം. ആനയെ പങ്കെടുപ്പിക്കേണ്ട കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കലക്ടർ അധ്യക്ഷയായ ജില്ലാതല ഉൽസവ സമിതി തന്നെയാണന്നും നിയമോപദേശത്തിൽ പറയുന്നു. ആനയെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഹൈക്കോടതി കലക്ടർക്ക് വിട്ട സാഹചര്യത്തിൽ തെച്ചിക്കോട്ടുകാവ് ദേവസ്വം കലക്ടർക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ രജ്ഞിത് തമ്പാൻ കലക്ടർക്ക് ശുപാർശ നൽകിയത്.
ആനയെ എഴുന്നെള്ളിക്കാൻ അനുവദിച്ചാൽ പൂർണ ഉത്തരവാദിത്തം ഉടമ ഏറ്റടുക്കണം എന്നതടക്കമുള്ളതാണ് നിബന്ധനകൾ. എല്ലാ മുൻകരുതലുകളും എടുക്കണം. ആനക്ക് ഇൻഷുറൻസും മറ്റ് അനുബന്ധ രേഖകളും ഉണ്ടന്ന്
ഉറപ്പാക്കിയതിനു ശേഷമേ അനുമതി നൽകാവൂ. ആനക്ക് പ്രകോപനം ഉണ്ടാവാത്ത തരത്തിലുള്ള സുരക്ഷാ സന്നാഹം ഉറപ്പാക്കണം. കാണികളുമായി നിശ്ചിത അകലം പാലിക്കണം. അനുമതി നൽകുന്നുണ്ടെങ്കിൽ
ഇത്തവണത്തെ പൂര വിളംബരത്തിന് മാത്രമായേ നൽകാവൂ. ഇത് മറ്റ് ഉത്സവങ്ങൾക്ക് ബാധകമാക്കരുതെന്നും അഡീഷണൽ എജി നിർദേശിച്ചിട്ടുണ്ട്.
Read: ‘രാമന്‍ വേണോ വേണ്ടയോ?’; കലക്ടര്‍ക്ക് മേല്‍ സമ്മര്‍ദമേറുന്നു
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ നേരത്തെ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. വിഷയത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിഷയത്തില്‍ ഉചിതമായ അധികാരകേന്ദ്രങ്ങള്‍ തന്നെ തീരുമാനമെടുക്കട്ടെ എന്ന് ഹൈക്കോടതി പറഞ്ഞു. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമ അധ്യക്ഷയായ സമിതിയാണ് ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.
അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കോടതി ഇടപെട്ട ശേഷം അന്തിമ തീരുമാനമെടുക്കാം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും. എന്ത് തീരുമാനമെടുക്കണമെന്ന് ഉടന്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൂരം എഴുന്നള്ളിപ്പിന് തെച്ചിക്കോട്ടുകാവിനെ പങ്കെടുപ്പിക്കരുതെന്നാണ് ജില്ലാ കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഒരു കണ്ണിന് കാഴ്ചയില്ലെന്നും മറ്റേ കണ്ണിന് കാഴ്ച കുറവാണെന്നും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയ ആന സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. ആനയ്ക്ക് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പൂരത്തിന് എഴുന്നള്ളിക്കരുതെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ നിലപാട്. രാമചന്ദ്രനെ വിലക്കിയുള്ള ഉത്തരവ് പുനഃപരിശോധിക്കില്ല എന്ന് ജില്ലാ കലക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളുള്ള തെച്ചിക്കോട്ടുകാവിനെ ഒരു വിധത്തിലും എഴുന്നള്ളിപ്പിനിറക്കാന്‍ കഴിയില്ല എന്ന കലക്ടറുടെ മുന്‍ നിലപാടില്‍ അയവ് വരുമോ എന്നാണ് എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.