തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തില്‍ പങ്കെടുപ്പിക്കണമെന്ന ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് വിട്ടതോടെ എല്ലാ കണ്ണുകളും ഇനി തൃശൂര്‍ കലക്ടര്‍ ടി.വി.അനുപമയിലേക്ക്. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് തീരുമാനമെടുക്കാം എന്നാണ് ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളുള്ള തെച്ചിക്കോട്ടുകാവിനെ ഒരു വിധത്തിലും എഴുന്നള്ളിപ്പിനിറക്കാന്‍ കഴിയില്ല എന്ന കലക്ടറുടെ മുന്‍ നിലപാടില്‍ അയവ് വരുമോ എന്നാണ് എല്ലാവരും ഇപ്പോൾ ഉറ്റുനോക്കുന്നത്.
Read More: ‘ആനക്കാര്യമല്ലേ?’; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി
അന്തിമ തീരുമാനമെടുക്കാന്‍ വിഷയം കലക്ടര്‍ക്ക് വിട്ടതോടെ തെച്ചിക്കോട്ടുകാവ് ദേവസ്വം കലക്ടര്‍ക്ക് ഇന്ന് പുതിയ നിവേദനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉച്ചകഴിഞ്ഞ് പുതിയ നിവേദനം നല്‍കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നിവേദനം ലഭിച്ചുകഴിഞ്ഞാല്‍ കലക്ടര്‍ സര്‍ക്കാരില്‍ നിന്ന് നിയമോപദേശം തേടും. അന്തിമ തീരുമാനം കലക്ടറുടേത് ആയതിനാല്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്താനാണ് സാധ്യത. തെച്ചിക്കോട്ടുകാവിനെ പൂരം എഴുന്നള്ളിപ്പിന് ഇറക്കാറില്ലെന്നും തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങിന് മാത്രമാണ് കൊണ്ടുവരുന്നതെന്നും അത് സാധാരണ നിലയ്ക്ക് നടത്താന്‍ വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി വി.എസ്.സുനില്‍ കുമാറും നേരത്തെ പറഞ്ഞിരുന്നു. ജില്ലാ കലക്ടര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തി തെച്ചിക്കോട്ടുകാവിനെ തെക്കേ ഗോപുരനട തുറക്കുന്ന ആചാരത്തിനായി എത്തിക്കാനാണ് സര്‍ക്കാര്‍ നീക്കം.
വിഷയത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിഷയത്തില്‍ ഉചിതമായ അധികാരകേന്ദ്രങ്ങള്‍ തന്നെ തീരുമാനമെടുക്കട്ടെ എന്ന് ഹൈക്കോടതി പറഞ്ഞു. തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി.അനുപമ അധ്യക്ഷയായ സമിതിയാണ് ഇനി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
Read More: അക്രമ സ്വഭാവമുള്ള ആനയെ ഉത്സവത്തിന് എഴുന്നെള്ളിച്ചാലുള്ള ബുദ്ധിമുട്ട് വളരെ വലുതായിരിക്കും: വനംമന്ത്രി
അതേസമയം, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കോടതി ഇടപെട്ട ശേഷം അന്തിമ തീരുമാനമെടുക്കാം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍, ഹൈക്കോടതി ഇടപെടാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ഉചിതമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും. എന്ത് തീരുമാനമെടുക്കണമെന്ന് ഉടന്‍ ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുട്ടികളടക്കം 13 പേരെ കൊലപ്പെടുത്തിയ ആന സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. ആനയ്ക്ക് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ പൂരത്തിന് എഴുന്നള്ളിക്കരുതെന്നാണ് ജില്ലാ നിരീക്ഷക സമിതിയുടെ നിലപാട്. രാമചന്ദ്രനെ വിലക്കിയുള്ള ഉത്തരവ് പുനഃപരിശോധിക്കില്ല എന്ന് ജില്ലാ കളക്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.