/indian-express-malayalam/media/media_files/uploads/2022/05/Abdhul-latheef-Thrikkakkara-video-horz.jpg)
കൊച്ചി: തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നുപേർ കൂടി പിടിയിൽ. വീഡിയോ അപ്‍ലോഡ് ചെയ്ത മലപ്പുറം കോട്ടക്കൽ മുളഞ്ചി പുലാൻ വീട്ടിൽ സ്വദേശി അബ്ദുൾ ലത്തീഫ് (43), എറണാകുളം വടുതല അരൂകുറ്റി സ്വദേശികളായ മുളക്കൽ വീട്ടിൽ നൗഫല്‍ (41), നസീർ മൻസിലിൽ നസീർ (49) എന്നിവരാണ് പിടിയിലായത്. ഇവർ ഉൾപ്പെടെ ഏഴു പേരെയാണ് കേസിൽ ഇതുവരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
അബ്ദുൾ ലത്തീഫിനെ കൊച്ചി പൊലീസിന്റെ പ്രത്യേക സംഘം കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്. കൊച്ചിയിലെത്തിച്ച ഇയാൾ മുസ്ലിം ലീഗ് അനുഭാവിയാണെന്നാണ് വിവരം.
വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അബ്ദുൾ ലത്തീഫ് വീഡിയോ അപ്‍ലോഡ് ചെയ്തെതന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതിൽ നിന്നുമാണ് മറ്റു സാമൂഹികമാധ്യമങ്ങളിലേക്ക് വീഡിയോ പ്രചരിച്ചത്. സ്വന്തം ട്വിറ്റർ അക്കൗണ്ടുമായി ബന്ധപ്പെടുത്തി വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതാണ് ഇയാളിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചതെന്നാണ് വിവരം. പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ച ഇയാൾ ഒളിവിൽ പോവുകയായിരുന്നുവെന്നാണ് അറിയുന്നത്.
വ്യാജ വീഡിയോ കേസില്‍ പിടിയിലായത് ലീഗുകാരനായതിനാൽ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് എം സ്വരാജ് ആവശ്യപ്പെട്ടു. എന്നാൽ അബ്ദുൽ ലത്തീഫിന് പാർട്ടിയുമായി ബന്ധമില്ലെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം പറഞ്ഞു.
വ്യാജപ്രചാരണത്തിനെതിരെ ജോ ജോസഫിന്‍റെ ഭാര്യ ദയാ പാസ്കൽ നേരത്ത നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. ക്രൂരമായ സൈബർ ആക്രമണമാണ് തങ്ങൾ നേരിടുന്നത്. തിരഞ്ഞെടുപ്പിനു ശേഷവും ഒരു ജീവിതമുണ്ടെന്നും ആരോഗ്യകരമായ മത്സരമാണ് വേണ്ടതെന്നും അവർ പറഞ്ഞിരുന്നു.
Also Read: അട്ടിമറി ജയം ഉറപ്പെന്ന് ജോ ജോസഫ്; പി.ടിയുടെ ആത്മാവ് കൂടെയുണ്ടെന്ന് ഉമ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.