scorecardresearch

Latest News

അട്ടിമറി ജയം ഉറപ്പെന്ന് ജോ ജോസഫ്; പി.ടിയുടെ ആത്മാവ് കൂടെയുണ്ടെന്ന് ഉമ

വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷമായിരുന്നു സ്ഥാനാർത്ഥികളുടെ പ്രതികരണം

jo joseph, uma Thomas thrikkakara

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കവേ ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്ഥാനാർത്ഥികൾ. നൂര് ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. ജനം അംഗീകരിക്കുമെന്ന ആത്മവിശ്വാസം യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും പങ്കുവച്ചു. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ ശേഷമായിരുന്നു സ്ഥാനാർത്ഥികളുടെ പ്രതികരണം.

“നൂറു ശതമാനം ആത്മവിശ്വാസത്തോടെയാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യദിവസം മുതല്‍ ആത്മവിശ്വാസമുണ്ടായിരുന്നു. അത് ഓരോ ദിവസവും കൂടിവരികയായിരുന്നു. ഇന്ന് പൂര്‍ണ തൃപ്തിയോടെയാണ് വോട്ട് ചെയ്യാനെത്തിയത്. ജനം ആദ്യ മണിക്കൂറുകളിൽ തന്നെ പോളിംഗ് ബൂത്തിലേക്ക് എത്തുകയാണ്. തീർച്ചയായും ഇടതുമുന്നണി തൃക്കാക്കരയിൽ അട്ടിമറി ജയം നേടും” ജോ ജോസഫ് പറഞ്ഞു.

പോളിങ് ശതമാനം ഉയരാന്‍ സാധ്യതയുണ്ട്. തെളിഞ്ഞ ആകാശമാണ് ഇന്ന്. അതുപോലെ മനസും തെളിഞ്ഞിരിക്കുന്നു. ശുഭപ്രതീക്ഷയാണ് ഉള്ളത്. ചിട്ടയായ പ്രവര്‍ത്തനമാണ് ഇത്തവണ നടന്നിരുന്നത്. അതുകൊണ്ട് എല്‍ഡിഎഫ് വമ്പിച്ച വിജയം നേടുമെന്ന് ഉറപ്പാണെന്നും ഭാര്യ ദയാ പാസ്‌കലിനൊപ്പം പടമുകള്‍ ഗവ.യുപി സ്‌കൂളിലെ 140 ആം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം ജോ ജോസഫ് പറഞ്ഞു.

നല്ല ആത്മവിശ്വാസമുണ്ടെന്നും പി.ടി തോമസിന്റെ ആത്മാവ് തന്റെ കൂടെയുണ്ടെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചു. തൃക്കാക്കരയിലെ ജനത എന്നെ മനസ്സിൽ അംഗീകരിക്കുമെന്ന ഉത്തമ വിശ്വാസമുണ്ട്. മികച്ച വിജയം നേടാനാകും. പ്രകൃതിപോലും അനുഗ്രഹിച്ചിരിക്കുകയാണെന്നും ഉമാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പൈപ്പ്‌ലൈൻ ജങ്ഷനിലെ ബൂത്തിലാണ് ഉമാ തോമസ് വോട്ട് രേഖപ്പെടുത്തിയത്.

അതേസമയം, തൃക്കാക്കരയിൽ അട്ടിമറിയാണ് ഇത്തവണയെന്ന് എൻഡിഎ സ്ഥാനാർഥി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ഒ രാജഗോപാലിന് ശേഷം നിയമസഭയിൽ എത്തുന്ന എൻഡിഎ അംഗം താനാകുമെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ ഏഴ് മണിക്ക് തന്നെ തൃക്കാക്കരയിൽ പോളിംഗ് ആരംഭിച്ചിരുന്നു. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണുള്ളത്. 1,96,805 വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക. ഇതിൽ 3633 പേർ കന്നി വോട്ടർമാരാണ്. 95,274 പുരുഷന്മാരും 1,01,530 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും വോട്ടർമാരിലുണ്ട്. എട്ട് സ്ഥാനാര്‍ഥികളാണ് തൃക്കാക്കരയില്‍ ജനവിധി തേടുന്നത്.

Also Read: തൃക്കാക്കര വിധിയെഴുതുന്നു; വോട്ടെടുപ്പ് തുടങ്ങി, പോളിംഗ് ബൂത്തുകളിൽ നീണ്ട നിര

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Thrikkakara byelection candidates response after voting

Best of Express