/indian-express-malayalam/media/media_files/2025/04/24/3E51NvDvdATahNVljqMO.jpg)
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിനു കാരണം പ്രതിയുടെ വ്യക്തിവൈരാഗ്യമെന്ന് കോട്ടയം എസ്‌പി. വിജയകുമാറിന്റെ വീട്ടിലെ മോഷണത്തിന് പിടിക്കപ്പെട്ടത് വ്യക്തിവൈരാഗ്യം ഉണ്ടാക്കി. മോഷണ കേസിൽ പ്രതിയായതോടെ ഭാര്യ അമിതിൽനിന്ന് അകന്നത് പക കൂട്ടി. ഈ സമയത്ത് ഭാര്യ ഗർഭിണി ആയിരുന്നു, ഇതിനിടെ അബോർഷൻ സംഭവിച്ചു. ഇക്കാരണങ്ങൾ കൊണ്ട് വിജയകുമാറിനോട് അമിതിന് വൈരാഗ്യമുണ്ടായതായി എസ്‌പി ഷാഹുൽ ഹമീദ് പറഞ്ഞു.
പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ അടക്കം വിദഗ്ദ്ധനാണ്. വിജയകുമാറിനെ കൊല്ലാനായിട്ടാണ് പ്രതി എത്തിയത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഭാര്യ മീരയെ ആക്രമിച്ചത്. പ്രതിക്കെതിരെ തെളിവുകളെല്ലാം ശേഖരിക്കാനായെന്ന് എസ്‌പി പറഞ്ഞു.
കൊല നടത്തിയശേഷം സിസിടിവി ഹാർഡ് ഡിസ്ക് ഉപേക്ഷിക്കാൻ പ്രതി അമിത് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാത്രി 12.30 ന്ശേഷമാണ് കൊല നടത്താനായി വീട്ടിലേക്ക് കയറിയത്. കൊല നടത്തിയശേഷം വീട്ടിൽനിന്ന് ഇറങ്ങിയത് പുലർച്ചെ 3.30 നുശേഷമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. കൊലപാതകം നടത്താൻ വീട്ടിലേക്ക് പോയതും തിരിച്ചുപോയതും ഒരേ വഴിയിലൂടെ ആയിരുന്നു.
തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി അസം സ്വദേശി അമിത് ഒറാങ് ഇന്നലെയാണ് പോലീസ് പിടിയിലായത്. തൃശൂർ ജില്ലയിലെ മാളയ്ക്ക് അടുത്ത് ആലത്തൂർ എന്ന സ്ഥലത്തുള്ള കോഴി ഫാമിൽനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. വിജയകുമാറിന്റെ വീട്ടിലെ മുൻജോലിക്കാരനായിരുന്നു അമിത്. വിജയകുമാറിന്റെ ഫോൺ തട്ടിയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് ജയിലിൽ കഴിഞ്ഞിരുന്നു.
കോട്ടയം നഗരത്തിൽ പ്രവര്‍ത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓഡിറ്റോറിയവും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയായ വിജയകുമാറും ഭാര്യ മീരയുമാണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.