scorecardresearch

സിബിഐ സംഘം കസ്റ്റംസ് ഓഫീസിൽ; സ്വപ്‌ന സുരേഷ് കീഴടങ്ങിയേക്കും, അസാധാരണ നടപടികൾ

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് കേസുമായി ബന്ധമുണ്ടോയെന്ന് സിബിഐ അന്വേഷിച്ചതായാണ് സൂചന

കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് കേസുമായി ബന്ധമുണ്ടോയെന്ന് സിബിഐ അന്വേഷിച്ചതായാണ് സൂചന

author-image
WebDesk
New Update
കേന്ദ്ര ഏജൻസി - കേരള സർക്കാർ തർക്കവും തിരഞ്ഞെടുപ്പും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് കേസ് കേന്ദ്രം ഏറെ ഗൗരവത്തോടെ കാണുന്നു. സാധ്യമായ എല്ലാ ഏജൻസികളെയും ഉപയോഗിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് പ്രിവൻസീവ് ഓഫീസിൽ അടിയന്തരമായി എത്തി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയാനാണ് സിബിഐ എത്തിയതെന്നാണ് സൂചന. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കോ മറ്റാർക്കെങ്കിലുമോ കേസുമായി ബന്ധമുണ്ടോയെന്ന് സിബിഐ അന്വേഷിച്ചതായാണ് സൂചന.

Advertisment

കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ സിബിഐ അടിയന്തരമായി ഇടപെടുന്നത് അസാധാരണ നടപടിയാണ്. ഇന്നലെ എൻഐഎയും കേസിൽ വിവരങ്ങൾ ആരാഞ്ഞിരുന്നു. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി സിബിഐഎയും രാജ്യസുരക്ഷാ വിവരങ്ങള്‍ എന്‍ഐഎയും അന്വേഷിക്കാനാണ് സാധ്യത. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ചോദിച്ചറിഞ്ഞിട്ടുണ്ട്. നിര്‍മല പരോക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍ തേടി. ഭീകരസംഘടനകൾക്ക് പണം എത്തിക്കാനാണോ സ്വർണക്കടത്ത് നടത്തിയതെന്നും അന്വേഷിക്കുന്നുണ്ട്.

Read Also: മഹാമാരി ആഞ്ഞടിക്കുന്നു, രോഗികളുടെ എണ്ണവും മരണസംഖ്യയും വർധിക്കും; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

അതേസമയം, സ്വർണക്കടത്തിലെ മുഖ്യസൂത്രധാരയെന്ന് കരുതുന്ന സ്വപ്‌ന സുരേഷിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ തിരുവനന്തപുരത്ത് ശക്തമായ തിരച്ചില്‍ നടത്തിയിട്ടും സ്വപ്‌നയെ കണ്ടെത്താനായില്ല. സ്വപ്‌ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

Advertisment

കേസിൽ അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുമതി തേടി കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തിന് കത്തയച്ചു. വിദേശകാര്യ മന്ത്രാലയം അനുമതി നൽകിയാൽ മാത്രമേ അറ്റാഷെയെ ചോദ്യം ചെയ്യൂ. യുഎഇയും ശക്തമായ ഇടപെടലാണ് നടത്തുന്നത്. യുഎഇയും കേസിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇ കോണ്‍സുലേറ്റിന്റെ വിലാസത്തിലേക്ക് സ്വര്‍ണമടങ്ങിയ ബാഗ് അയച്ചത് ആരാണെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനാണ് തുടക്കമിട്ടതെന്ന് ന്യൂഡല്‍ഹിയിലെ യുഎഇ എംബസി ട്വീറ്റ് ചെയ്തു. വലിയ കുറ്റം ചെയ്യുക മാത്രമല്ല ഇന്ത്യയിലെ യുഎഇ ദൗത്യത്തിന്റെ കീര്‍ത്തിയില്‍ കരിവാരിത്തേയ്ക്കുക കൂടി ചെയ്ത കുറ്റവാളികളെ വെറുതെ വിടില്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ട്വീറ്റിൽ പറയുന്നു.

സൗമ്യയെ ചോദ്യം ചെയ്യുന്നു

സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ കൊച്ചിയിലെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നാണ് സംശയം. സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനമാണ് സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്‌തത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് സൂചന. സന്ദീപ് സ്വപ്‌നയുടെ ബിനാമിയാണോ എന്ന സംശയവുമുണ്ട്.

publive-image സൗമ്യയെ ചോദ്യം ചെയ്യലിനു എത്തിക്കുന്നു

മുഖ്യമന്ത്രിയുടെ വിശദീകരണം

കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്ക് ഏതുതരത്തിലുള്ള സഹായവും സംസ്ഥാനം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. “ആരോപണങ്ങളുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ല. ഇത്തരത്തിലുള്ള ഏതെങ്കിലും ആളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിലപാടെടുക്കില്ല. കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട കസ്റ്റംസാണ് ക്രമക്കേട് കണ്ടെത്തേണ്ടത്. കസ്റ്റംസിനാവശ്യമായ എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കും. ഏത് അന്വേഷണമായാലും സംസ്ഥാനസര്‍ക്കാരിനു പൂര്‍ണ സമ്മതമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിക്കല്ല, യുഎഇ കോണ്‍സുലേറ്റിലേക്കാണു പാഴ്‌സല്‍ വന്നത് കോണ്‍സുലേറ്റിന്റെ അധികാരപത്രം ഹാജരാക്കിയാണ് പാര്‍സല്‍ വാങ്ങാനെത്തിയതെന്നാണ് അറിയുന്നത്. ഇതില്‍ സംഭവിച്ച വീഴ്ചയില്‍ സര്‍ക്കാരിന് എങ്ങനെ മറുപടി പറയാനാവും? സംസ്ഥാനസര്‍ക്കാരിന്റെ ഏതുറോളാണ് ഇവിടെ വരുന്നത്?.”

Gold Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: