scorecardresearch

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് 54 വയസിനേക്കാള്‍ കൂടുതല്‍ പ്രായമുണ്ടാകാം; കാഴ്ചയുള്ളത് ഒരു കണ്ണിന് മാത്രം

ആനയെ അമിതമായി ജോലി ചെയ്യിക്കുന്ന അവസ്ഥയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

ആനയെ അമിതമായി ജോലി ചെയ്യിക്കുന്ന അവസ്ഥയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

author-image
WebDesk
New Update
Ramchandran Thechikkottukavu, ie malayalam

തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യനില അതീവ മോശമാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട്. തെച്ചിക്കോട്ടുകാവിനെ ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നത് ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തൃശൂര്‍ പൂരത്തിന് ആനയെ എഴുന്നള്ളിക്കാന്‍ സാധിക്കാത്തത് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണെന്നാണ് വിലയിരുത്തല്‍.

Advertisment

Read More: അക്രമ സ്വഭാവമുള്ള ആനയെ ഉത്സവത്തിന് എഴുന്നെള്ളിച്ചാലുള്ള ബുദ്ധിമുട്ട് വളരെ വലുതായിരിക്കും: വനംമന്ത്രി

തെച്ചിക്കോട്ടുകാവിന്റെ ആരോഗ്യസ്ഥിതി വളരെ മോശമാണ്. ആനയെ അമിതമായി ജോലി ചെയ്യിക്കുന്ന അവസ്ഥയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എട്ട് ദിവസത്തിനിടെ 750 മണിക്കൂര്‍ വരെ ആനയെ യാത്ര ചെയ്യിപ്പിച്ച സന്ദര്‍ഭങ്ങളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. റെക്കോര്‍ഡുകള്‍ പ്രകാരം ആനയ്ക്ക് 54 വയസാണ് കാണിക്കുന്നത്. എന്നാല്‍, ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ അതിനേക്കാള്‍ പ്രായമുണ്ടാകാനുള്ള സാധ്യതകളാണ് കാണുന്നത്.

ആനയ്ക്ക് വലിയ രീതിയില്‍ ദഹന പ്രശ്‌നങ്ങളുണ്ട്. ദഹന പ്രശ്‌നങ്ങളാണ് പ്രായം വളരെ കൂടുതലാകാന്‍ സാധ്യതയുള്ളതിന് തെളിവായി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആനയ്ക്ക് സാധാരണ കാഴ്ച ശക്തി പോലുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. തെച്ചിക്കോട്ടുകാവിന് വലത് കണ്ണിന് കാഴ്ച ശക്തിയില്ല. ഒറ്റക്കണ്ണ് കൊണ്ടാണ് ചുറ്റുപാടും നോക്കികാണുന്നത്. അതിനാല്‍ തന്നെ അക്രമാസക്തനാകാന്‍ സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. മാത്രമല്ല, ജോലി ഭാരം കുറച്ചും യാത്രകള്‍ ഒഴിവാക്കിയും തെച്ചിക്കോട്ടുകാവിന് പൂര്‍ണ വിശ്രമം അനുവദിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

Advertisment

Read More: തൃശൂര്‍ പൂരത്തിന് കൊടിയേറി

അതേസമയം, തൃശൂര്‍ നഗരത്തില്‍ പൂര ദിവസം അപകടാവസ്ഥയിലുള്ള ആനകളെ പ്രവേശിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ ടി.വി.അനുപമ ഉത്തരവിട്ടിട്ടുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും നാളത്തെ കോടതിവിധിയ്ക്കനുസരിച്ച് വിലക്കിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും തൃശൂര്‍ കളക്ടര്‍ ടിവി അനുപമ അറിയിച്ചു. മെയ് 12 മുതല്‍ 14 വരെ നീരുള്ളതും അപകടാവസ്ഥയിലുള്ളതും ശബ്ദംകേട്ടാല്‍ വിരണ്ടോടുന്നതുമായ അനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും അനുപമ മാധ്യമങ്ങളെ അറിയിച്ചു. ഇത്തരം ആനകളെ ഈ ദിവസങ്ങളില്‍ തൃശൂര്‍ നഗരത്തില്‍ പ്രവേശിപ്പിക്കരുതെന്നും കളക്ടര്‍ വ്യക്തമാക്കി. ഹെലികാം, ഹെലിക്കോപ്റ്റര്‍,ലേസര്‍ഗണ്‍, കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള ബലൂണുകള്‍ എന്നിവക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് ഏർപ്പെടുത്തിയ വിലക്ക് തുടരാൻ കഴിഞ്ഞ ഏപ്രിൽ 25 നാണ് തീരുമാനിച്ചത്. ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ തെച്ചിക്കോട്ടുകാവ് രണ്ടുപേരെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ആനയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ വിലക്ക് നീട്ടാനാണ് ജില്ലാ കളക്ടര്‍ ഏപ്രിൽ 25 ന് ഉത്തരവിറക്കിയത്. ഇന്ന് രാവിലെ ജില്ലാ കളക്ടർ ടിവി അനുപമയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ തല നാട്ടാന നിരീക്ഷണസമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം.

Read More: തൃശൂര്‍ പൂരം വെടിക്കെട്ട് പതിവുപോലെ; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അതീവ ജാഗ്രത

ഫെബ്രുവരി പത്തിനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവിനെ എഴുന്നള്ളിക്കാനുള്ള വഴികള്‍ അടഞ്ഞു. ഒരോ പതിനഞ്ച് ദിവസം കൂടുമ്പോഴും ആനയെ പരിശോധിക്കുകയും അടുത്ത പതിനഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തുകയും ചെയ്യുകയാണ് ചെയ്യുന്നത്. വിലക്ക് പിന്‍വലിക്കാനുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും ആനയെ എഴുന്നള്ളിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും തൃശ്ശൂര്‍ പൂരത്തിനുള്ള ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ അറിയിച്ചു.

Thrissur Pooram Elephant

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: