തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് കൊടിയേറി. പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. തിരുവമ്പാടിയില്‍ പതിനൊന്നരയോടെയും പാറമേക്കാവില്‍ 12 നുമാണ് കൊടിയേറിയത്. കൊടിയേറ്റത്തോട് അനുബന്ധിച്ച് വിവിധ പൂജകളും പ്രാർഥനകളും ഇരു ക്ഷേത്രങ്ങളിലും നടന്നു. നൂറുകണക്കിന് ആളുകളാണ് കൊടിയേറ്റില്‍ പങ്കെടുക്കാന്‍ എത്തിയത്.
Read More: തൃശൂര്‍ പൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാന്‍ സുപ്രിംകോടതി അനുമതി
ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ മണികണ്ഠനാലിലും, നായ്ക്കനാലിലും, നടുവിലാലിലും, പാറമേക്കാവിലെ പാലമരത്തിലും ദേശക്കാർ കൊടി നാട്ടി. മന്ത്രി വി.എസ്.സുനിൽകുമാറും കൊടിയേറ്റിൽ പങ്കെടുത്തു. പാറമേക്കാവിലെ കൊടിയേറ്റിന് ശേഷം പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളവും അരങ്ങേറി.

മെയ് 13 നാണ് തൃശൂർ പൂരം. 12 ന് പൂരത്തിന് വിളംബരമെന്നോണം തെക്കേ ഗോപുരനട തുറന്ന് നെയ്തലക്കാവ് ഭഗവതി പുറത്തേക്ക് എഴുന്നുള്ളും. ഘടക ക്ഷേത്രങ്ങളിലും പൂരത്തിനായുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു.
Read More: തൃശൂര്‍ പൂരം വെടിക്കെട്ട് പതിവുപോലെ; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അതീവ ജാഗ്രത
പൂരം വെടിക്കെട്ടിന് മാലപ്പടക്കം ഉപയോഗിക്കാനുള്ള അനുമതി സുപ്രീം കോടതിയിൽ നിന്ന് ഇന്നാണ് ലഭിച്ചത്. കേന്ദ്ര ഏജന്‍സിയായ പെസോയ്ക്കാണ് കോടതി നിര്‍ദേശം നൽകിയത്. കൂട്ടിക്കെട്ടിയ പടക്കം ദീപാവലിക്കു പൊടിക്കുന്നതു നിരോധിച്ചതിനാൽ പൂരത്തിനു മാലപ്പടക്കം പൊട്ടിക്കാനാകില്ലെന്നാണു പെസ്സോ നിലപാട്. പൂരം വെടികെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന എക്സ്പ്ലോസീവ് ഡെപ്യൂട്ടി കൺട്രോളറുടെ നിലപാടിന് എതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
അതേസമയം, തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് നിലനിൽക്കുന്ന വിലക്ക് ഇപ്പോഴും തുടരുകയാണ്. നെയ്തലക്കാവ് ഭഗവതിയുമായി തെക്കേ ഗോപുരനട തുറക്കാറുള്ളത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. വിലക്ക് തുടരുകയാണെങ്കിൽ ഇത്തവണ തെച്ചിക്കോട്ടുകാവിനെ പൂരത്തിന് എഴുന്നള്ളിക്കാൻ സാധിക്കില്ല.
ഹരിത ചട്ടം പാലിച്ചായിരിക്കും ഇത്തവണ പൂര്‍ണമായും പൂരം നടത്തുക. പ്ലാസ്റ്റിക് ക്യാരി ബാഗുകളും, പ്ലാസ്റ്റിക് ഉത്പന്നങ്ങളും പൂര്‍ണമായു ഒഴിവാക്കണം. അതേസമയം, ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൂര ദിവസങ്ങളില്‍ നഗരത്തില്‍ കര്‍ശന സുരക്ഷ ഒരുക്കും. പൂരത്തിന് വരുന്നവര്‍ സ്യൂട്ട് കേയ്സുകളും ബാഗുകളും ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഹാന്‍ഡ് ബാഗുകള്‍ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തില്‍ 110 ലേറെ സിസിടിവികള്‍ സ്ഥാപിക്കാനും തീരുമാനമായി. കഴിഞ്ഞ തവണ 60 സിസിടിവികളായിരുന്നു ആകെ സ്ഥാപിച്ചിരുന്നത്.