/indian-express-malayalam/media/media_files/uploads/2023/01/Governor-FI.jpg)
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: സർവ്വകലാശാലകളിലെ വൈസ് ചാൻസിലർ നിർണ്ണയവുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വി സി നിർണ്ണയത്തിന് സ്വന്തം നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചതോടെ ഗവർണറും സർക്കാരും തമ്മിൽ വീണ്ടും തുറന്ന് പോരിലേക്കാണ് നീങ്ങുന്നത്.
സർവ്വകലാശാല പ്രതിനിധികളില്ലാതെയാണ് ഗവർണർ സെർച്ച് കമ്മറ്റി രൂപീകരിച്ചത്. സർക്കാരിനോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സർവകലാശാല പ്രതിനിധികളെ നൽകിയില്ലെന്നും അതിനാൽ മറ്റ് നടപടികളുമായി താൻ മുന്നോട്ട് പോകുകയായിരുന്നുവെന്നും ജോലി ചെയ്യുന്നതിൽ നിന്ന് തടയാനാകില്ലെന്നും ഗവർണർ വ്യക്തമാക്കി.
ആറ് തവണയാണ് താൻ കേരളാ സർവകലാശാലയോട് പ്രതിനിധികളെ ആവശ്യപ്പെട്ട് കത്ത് അയച്ചതെന്നും പ്രതിനിധികളെ നൽകരുതെന്നാണ് സർവകലാശാലയ്ക്ക് സർക്കാർ നൽകിയ നിർദ്ദേശമെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. മാധ്യമങ്ങൾ തന്നെ ഇത് റിപോർട്ട് ചെയ്തതിട്ടുണ്ട്. സിൻഡിക്കറ്റുകൾക്ക് കോടതിയിൽ പോകാനുള്ള അവകാശം ഉണ്ട്. ചാൻസിലർക്ക് സേർച്ച് കമ്മിറ്റിയുമായി മുന്നോട്ട് പോകാനും അവകാശം ഉണ്ടെന്നും ഗവർണർ പറഞ്ഞു.
എബിവിപി ആയതിനാൽ മാത്രം ചിലരെ ഗവർണർ നോമിനേറ്റ് ചെയ്യുന്നുവെന്ന ഉന്നതവിദ്യാഭാസ മന്ത്രിയുടെ പ്രതികരണത്തോട് ഗവർണർ മറുപടി നൽകാൻ തയ്യാറായില്ല . മന്ത്രി തന്നെയാണ് കേരളാ സർവകലാശാല സിൻഡിക്കേറ്റ് യോഗം അലങ്കോലപ്പെടുത്തിയതെന്നും വിഷയത്തിൽ ഗവർണർ ആരോപിച്ചു. നിലവിൽ 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കേരള, എം ജി, ഫിഷറീസ്, അഗ്രികൾച്ചർ, കെ ടി യു, മലയാളം സർവ്വകലാശാലകളിലേക്കാണ് നിയമന നീക്കം നടന്നിരിക്കുന്നത്. ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ യുജിസികളുടേയും ചാൻസിലരുടേയും നോമിനികളാണുളളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.