scorecardresearch

സ്വപ്‌നയുടെ ലോക്കറില്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തു

പ്രതികൾ സെക്രട്ടറിയേറ്റിലെത്തി ശിവശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടോയെന്ന് എൻഐഎ പരിശോധിക്കും

പ്രതികൾ സെക്രട്ടറിയേറ്റിലെത്തി ശിവശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടോയെന്ന് എൻഐഎ പരിശോധിക്കും

author-image
WebDesk
New Update
Swapna Suresh Thiruvanathapuram Gold Smuggling

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷില്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. സ്വപ്‌നയുടെ ബാങ്ക് ലോക്കറില്‍ നിന്നുമാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇവ പിടിച്ചെടുത്തത്.

Advertisment

എസ് ബി ഐയുടെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചില്‍ നിന്നും 64 ലക്ഷം രൂപയും 982 ഗ്രാം സ്വര്‍ണവും തിരുവനന്തപുരം ഫെഡറല്‍ ബാങ്കില്‍ നിന്നും 36.5 ലക്ഷം രൂപയും കണ്ടെടുത്തതായി എന്‍ഐഎ പ്രത്യേക കോടതിയെ അറിയിച്ചു.

എന്നാല്‍ ഇവ സ്വപ്നയെ വിവാഹം ചെയ്ത അറബി നല്‍കിയ സമ്മാനമാണെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു.

സ്വർണക്കടത്ത് കേസ് അന്വേഷണങ്ങളുടെ ഭാഗമായി സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഇന്നു കെെമാറിയേക്കും. കേസ് അന്വേഷിക്കുന്ന എൻഐഎ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

Advertisment

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനു അടുത്ത ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. പ്രതികൾ സെക്രട്ടറിയേറ്റിലെത്തി ശിവശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ടോയെന്ന് എൻഐഎ പരിശോധിക്കും.

Read Also: ലോക്ക്ഡൗൺ കാലത്ത് റെഡ് സോണുകളിൽ ഗാർഹിക പീഡനം കൂടിയതായി പഠനം

സെക്രട്ടറിയേറ്റിലെ സുരക്ഷാ ക്യാമറകൾ പൊതുഭരണ വകുപ്പിനു കീഴിലാണ്. വ്യാഴാഴ്‌ച രാവിലെയാണ് എൻഐഎ ഡിവെെഎസ്‌പി സെക്രട്ടറിയേറ്റിലെത്തി ക്യാമറാദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്‌ക്കു കത്ത് നൽകിയത്. പൊതുഭരണവകുപ്പിലെ ഹൗസ് ക്ലീനിങ് ചുമതലയുള്ള അഡീഷണൽ സെക്രട്ടറി പി.ഹണിയെയും എൻഐഎ ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചിരുന്നു. ദൃശ്യങ്ങൾ കെെമാറാമെന്ന് പൊതുഭരണവകുപ്പ് ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കെെമാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പറഞ്ഞിരുന്നു.

സരിത്ത് റിമാൻഡിൽ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിനെ ഓഗസ്റ്റ് 21 വരെ റിമാൻഡിൽ വിട്ടു. എൻഐഎ കോടതിയുടെയാണ് ഉത്തരവ്. സരിത്തിന്റെ കോവിഡ് ഫലം ലഭിക്കേണ്ടതുണ്ട്. അതിനു ശേഷമാകും സരിത്തിനെ റിമാൻഡ് തടവിലേക്ക് മാറ്റുക. നിലവിൽ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവർക്കെതിരെ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

എം.ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായ എം.ശിവശങ്കറിനെ എൻഐഎ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ അഞ്ച് മണിക്കൂറിലേറെ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്‌തു. തിങ്കളാഴ്‌ച കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിലെത്താൻ ആവശ്യപ്പെട്ട് ശിവശങ്കറിനു നോട്ടീസ് നൽകിയിട്ടുണ്ട്.

മൊഴികൾ ആവർത്തിച്ച് ശിവശങ്കർ

കേസിലെ പ്രതിയായ സ്വപ്‌നയ്‌ക്കും സുഹൃത്തുക്കള്‍ക്കും സ്വർണ ക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്കുണ്ടായിരുന്നില്ലെന്ന് ശിവശങ്കർ എൻഐഎയ്ക്ക് മൊഴി നൽകിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ കസ്റ്റംസ് ചോദ്യം ചെയ്‌തപ്പോഴും ഇതുതന്നെയാണ് ശിവശങ്കർ മൊഴി നൽകിയത്. സൗഹൃദത്തിനപ്പുറം ഇരുവരുടെയും ബിസിനസിനെക്കുറിച്ചോ മറ്റ് ഇടപാടുകളെ കുറിച്ചോ തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്നും അദ്ദേഹം എൻഐയോട് പറഞ്ഞതായാണ് റിപ്പോർട്ട്.

Gold Smuggling

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: