scorecardresearch

നിയമലംഘനം നടത്തുന്ന എല്ലാ തരം വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി: ഗതാഗത കമ്മിഷണര്‍

അഞ്ചു ദിവസത്തിനിടെ 4472 നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമവിരുദ്ധ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല

അഞ്ചു ദിവസത്തിനിടെ 4472 നിയമലംഘനങ്ങള്‍ കണ്ടെത്തി. നിയമവിരുദ്ധ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല

author-image
WebDesk
New Update
Road violations, Road violations checking, Vehicle checking, Transport commissioner S Sreejith

കൊച്ചി: നിയമം ലംഘനം നടത്തുന്ന കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കെതിരെയും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നു ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്ത്. റോഡില്‍ ഒരു ജീവന്‍പോലും പൊലിയരുതെന്ന ദൃഢനിശ്ചയത്തോടെയാണു സര്‍ക്കാരും ഗതാഗത വകുപ്പും നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

അപകടകരമായ രീതിയിലുള്ള ഡ്രൈവിങ്ങിനു ലൈസന്‍സ് റദ്ദാക്കപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് എടപ്പാളിലെ ഡ്രൈവേഴ്സ് ട്രെയിനിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം നല്‍കും. റോഡപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ പരിചരിച്ചശേഷമാകും ഡ്രൈവര്‍മാരുടെ ലൈസന്‍സ് പുന:സ്ഥാപിക്കുക. ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കണമെന്നു ബസ് ഉടമകളുടെ അസോസിയേഷനും ആവശ്യപ്പെട്ടതായും കമ്മിഷണര്‍ പറഞ്ഞു. നെടുമ്പാശേരിയില്‍ നടന്ന മോട്ടോര്‍ വാഹന വകുപ്പ് സെന്‍ട്രല്‍ സോണ്‍ ഒന്ന്, രണ്ട് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശോധനകള്‍ ശക്തമാക്കിയതിനെത്തുടര്‍ന്ന് അഞ്ചു ദിവസത്തിനിടെ 4472 നിയമലംഘനങ്ങള്‍ കണ്ടെത്തി. 75,73,020 രൂപ പിഴ ഈടാക്കി. 263 വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കി. അപകടകരമായി വാഹനമോടിച്ച 108 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. 19 കെ എസ് ആര്‍ ടി സി ബസുകള്‍ക്കെതിരെയും നടപടിയെടുത്തു. നിരത്തിലിറക്കാന്‍ യോഗ്യമല്ലാത്ത ഏഴ് വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കി.

Advertisment

സംസ്ഥാനത്തൊട്ടാകെ പരിശോധനകള്‍ ശക്തമായി തുടരുകയാണ്. നിയമവിരുദ്ധ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല. വേഗനിയന്ത്രണ സംവിധാനങ്ങള്‍, അനധികൃത രൂപമാറ്റങ്ങള്‍ മുതലായവ കര്‍ശനമായി പരിശോധിക്കും. വേഗനിയന്ത്രണ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുവാന്‍ സഹായിക്കുന്ന കേന്ദ്രങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കും. ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കും.

പരിശോധനകള്‍ ശക്തമാക്കിയതോടെ റോഡുകളില്‍ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ട്. ഡ്രൈവിങ് സംസ്‌ക്കാരം മാറിവരും. സര്‍ക്കാരിന്റെയും കോടതിയുടെയും മികച്ച പിന്തുണ വകുപ്പിനു ലഭിക്കുന്നുണ്ട്. മാധ്യമങ്ങളുടെ പിന്തുണയുമുണ്ട്. വാഹന ഗതാഗതത്തില്‍ കേരളത്തിനെ ഇന്ത്യയ്ക്കു തന്നെ മാതൃകയാക്കി മാറ്റാന്‍ കഴിയുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണു നടന്നുവരുന്നത്.

നാഗാലാന്‍ഡ്, അരുണാചല്‍പ്രദേശ് പോലുള്ള ഇതര സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ താമസിക്കുകയും ഇത്തരത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷിച്ച് ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കും.

നിരത്തുകള്‍ അപകടരഹിതമാക്കാനും സുരക്ഷിതമായ ഡ്രൈവിങ് ഉറപ്പാക്കാനും ഗതാഗത നിയമങ്ങളെക്കുറിച്ചു ബോധവത്കരിക്കാനും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഗതാഗത നിയമങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് പുരോഗമിക്കുകയാണെന്നും ഗതാഗത കമ്മിഷണര്‍ പറഞ്ഞു.

Road Accident Traffic Motor Vehicle Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: