കൊച്ചി: ലൈംഗികപീഡന പരാതിയില്‍ സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലെ വിവാദ പരാമര്‍ശം നീക്കി ഹൈക്കോടതി. കോഴിക്കോട് സെഷന്‍സ് കോടതിയുടെ ഉത്തരവിലെ ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ എന്ന പ്രയോഗമാണു നീക്കിയത്.
ഏതു വസ്ത്രം ധരിക്കണമെന്നതു വ്യക്തിയുടെ മൗലികാവകാശമാണെന്നു കോടതി വ്യക്തമാക്കി. സ്ത്രീയുടെ മാന്യതയെ അക്രമിച്ചുവെന്ന കുറ്റത്തില്‍നിന്നു പ്രതിയെ മോചിപ്പിക്കാനുള്ള നിയമപരമായ കാരണമായി ഇരയുടെ വസ്ത്രധാരണത്തെ കണക്കാക്കാനാവില്ല. സ്ത്രീ പ്രകോപനപരമായ വസ്ത്രം ധരിച്ചാലും അത് പുരുഷന് അവളുടെ മാന്യതയെ അക്രമിക്കാനുള്ള ലൈസന്‍സായി വ്യാഖ്യാനിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
കോഴിക്കോട് കോടതിയുടെ വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെയും ഇരയുടെയും ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്.
അതേസമയം, സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം തുടരും. പ്രായം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം നല്‍കിയതെന്നും ഇതു റദ്ദാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഓഗസ്റ്റ് 12-നു സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം നല്‍കിക്കൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറിന്റെ ഉത്തരവിലെ വിവാദ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പരാതിക്കാരി ‘ലൈംഗിക പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രം’ ധരിച്ചതിനാല്‍ ലൈംഗികാതിക്രമ കുറ്റം നിലനില്‍ക്കില്ലെന്നായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.
സ്ത്രീയുടെ മാന്യതയെ അവഹേളിക്കാനുള്ള കുറ്റത്തില്‍നിന്ന് പ്രതിയെ മോചിപ്പിക്കാനുള്ള നിയമപരമായ കാരണമായി ഇരയുടെ വസ്ത്രധാരണത്തെ വ്യാഖ്യാനിക്കാനാവില്ലെന്ന് ഹൈക്കോടതി ജഡ്ജി എടപ്പഗത്ത് നിരീക്ഷിച്ചു.
എഴുത്തുകാരനും സാമൂഹ്യവിമര്‍ശകനുമായ സിവിക് ചന്ദ്രനെതിരെ രണ്ടു യുവതികളാണു ലൈംഗികപീഡന പരാതി നല്‍കിയത്. കൊയിലാണ്ടി പൊലീസ് റജിസ്റ്റര്‍ ചെയ്ത ഇരു പരാതികളിലും സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.
യുവ എഴുത്തുകാരിയായ അധ്യാപികയാണ് ആദ്യം പരാതി നല്‍കിയത്. ഈ വര്‍ഷം ഏപ്രില്‍ 17-നു പുസ്തക പ്രകാശനത്തിനായി എത്തിയപ്പോള്‍ ലൈംഗികാതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കൊപ്പം പട്ടികജാതി -വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ സംബന്ധിച്ച നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണു കേസെടുത്തിരുന്നത്.
കോഴിക്കോട് സ്വദേശിനിയായ മറ്റൊരു യുവ എഴുത്തുകാരിയാണു രണ്ടാമത്തെ പരാതിക്കാരി. 2020 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്.