/indian-express-malayalam/media/media_files/uploads/2020/12/Abhaya.jpg)
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ സുപ്രധാന വിധി. സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയത് തന്നെ. ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ കുറ്റക്കാർ തന്നെ. ഇവരാണ് സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം സിബിഐ കോടതി വിധി പുറപ്പെടുവിച്ചു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് ചരിത്രവിധി. വിധി പ്രസ്‌താവിക്കുന്ന സമയത്ത് പ്രതികളായ തോമസ് കോട്ടൂർ, സെഫി എന്നിവർ തിരുവനന്തപുരം സിബിഐ കോടതിയിലുണ്ടായിരുന്നു. പ്രതികളുടെ ശിക്ഷാവിധി നാളെ.
തോമസ് കോട്ടൂരാണ് കേസിൽ ഒന്നാം പ്രതി. കൊലപാതകം, അതിക്രമിച്ചു കടക്കൽ തുടങ്ങിയ കേസുകളാണ് തോമസ് കോട്ടൂരിനെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയാണ് സിസ്റ്റർ സെഫിക്കെതിരെയുള്ളത്. പ്രതികൾക്കെതിരെ ഐപിസി 302, 201 എന്നീ വകുപ്പുകൾ നിലനിൽക്കും. പ്രോസിക്യൂഷൻ സാക്ഷിമൊഴി ശക്തമെന്ന് കോടതി.
സിസ്റ്റര്‍ അഭയയെ 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.
Read Also: സംഭവബഹുലമായ 28 വർഷം; അഭയ കേസ് നാൾവഴികളിലൂടെ
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്‌തരിച്ചെങ്കിലും എട്ടു നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു.
ഒന്നാം പ്രതിയായ ഫാ.കോട്ടൂരിന്റെ വാദത്തോടെയാണ് വിചാരണ നടപടികൾ പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാ. കോട്ടൂർ വാദിച്ചിരുന്നു. മൂന്നാം സാക്ഷിയായ അടയ്‌ക്ക രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവന്റിൽ വച്ച് കണ്ടു എന്ന മൊഴി വിശ്വാസിക്കരുതെന്നും ഫാ. കോട്ടൂരിന്റെ അഭിഭാഷകൻ വാദിച്ചു. കേസിലെ മൂന്നാം പ്രതിയാണ് സിസ്റ്റർ സെഫി.
Read Also: ലക്ഷ്യം ഭരണത്തുടർച്ച; മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്നുമുതൽ
ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ പ്രതിയാക്കി സിബിഐ കുറ്റപത്രം നല്‍കിയിരുന്നു. എന്നാല്‍, വിചാരണ നടപടികളില്ലാതെ തന്നെ ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.