കോട്ടയം: രണ്ടര പതിറ്റാണ്ടിലേറെയായി അഭയ കേസ് മലയാളി മനസുകളിൽ പലപ്പോഴായി മുഴങ്ങി കേൾക്കാൻ തുടങ്ങിയിട്ട്. നീണ്ട 28 വർഷങ്ങൾക്ക് ശേഷം കേരളം ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട കൊലക്കേസിൽ നാളെ കോടതി വിധി പറയുകയാണ്. കേരള പൊലീസും ക്രൈം ബ്രാഞ്ചും സിബിഐയുമെല്ലാം അന്വേഷിച്ച കേസിൽ ഏറെ നാൾ നീണ്ട വ്യവഹാരങ്ങൾക്കൊടുവിൽ കോടതി വിധി പറയുമ്പോൾ കേസിന്റെ നാൾവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം.

1992 മാർച്ച് 27 – കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തുന്നു. ഇതേ കോൺവെന്റിൽ അന്തേവാസിയും ബിസിഎം കോളെജിൽ പ്രീഡിഗ്രി വിദ്യാർഥിനിയുമായിരുന്നു സിസ്റ്റർ.

1992 മാർച്ച് 31 – മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണവും ആവശ്യപ്പെട്ട് ജോമോൻ പുത്തൻ പുരയ്ക്കലിന്റെ നേതൃത്വത്തിൽ ആക്ഷൻ കൗൻസിൽ രൂപീകരിച്ചു.

1992 ഏപ്രിൽ 14 – കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുന്നു.

1993 ജനുവരി 30 – സിസ്റ്റർ അഭയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച്.

1993 മാർച്ച് 29 – കേസ് സിബിഐ ഏറ്റെടുക്കുന്നു. ഡിവൈഎസ്പി വർഗീസ് പി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണത്തിന് നിയോഗിക്കപ്പെടുന്നത്.

1993 ഡിസംബർ 30 – അന്വേഷണ തലവൻ വർഗീസ് പി തോമസ് രാജിവെച്ചു.

1994 മാർച്ച് 17 – സിബിഐ ഫോറൻസിക് പരിശോധനയും ഡമ്മി പരിശോധനയും. മരണം കൊലപാതകം എന്നു കണ്ടെത്തൽ.

1994 മാർച്ച് 27 – മൂന്ന് മസങ്ങൾക്ക് ശേഷം സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി വർഗീസ് പി തോമസ് വീണ്ടും രംഗത്തെത്തുന്നു. കേസ് ആത്മഹത്യയാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ എസ്‌പി തനിക്കുമേൽ സമ്മർദ്ദം ചെലുത്തിയതായി വർഗീസ് വെളിപ്പെടുത്തി.

1994 ജൂൺ 2 – സിബിഐ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തുന്നു.

1996 ഡിസംബർ 6 – തുമ്പുണ്ടാക്കാൻ കഴിയില്ലെന്നും അന്വേഷണം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയിൽ.

1997 ജനുവരി 18- സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹര്‍ജി നല്‍കി.

1997 മാർച്ച് 20 – പുനരന്വേഷണത്തിന് എറണാകുളം സിജെഎം കോടതി ഉത്തരവിട്ടു.

1999 ജൂലൈ 12- കൊലപാതകമെന്ന് സിജെഎം കോടതിയിൽ സിബിഐ റിപ്പോർട്ട്. നിർണായക തെളിവുകളെല്ലാം പോലീസ് നശിപ്പിച്ചതിനാൽ പ്രതികളെ പിടിക്കാനായില്ലെന്നും വാദം.

2000 ജൂൺ 23 – സിബിഐ ഹർജി സിജെഎം കോടതി തള്ളി. കേസിൽ സത്യം പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹത്തോടെയല്ലായിരുന്നു സിബിഐയുടെ അന്വേഷണമെന്ന് കോടതി നിരീക്ഷിച്ചു.

2001 മേയ് 18- പുനരന്വേഷണത്തിന് പുതിയ ടീമിനെ നിയമിക്കാൻ സിബിഐയ്ക്ക് കോടതി നിർദ്ദേശം. ബ്രെയ്ൻ ഫിംഗർ പ്രിന്റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഉത്തരവ്.

2001 ഓഗസ്റ്റ് 16: സി.ബി.ഐ ഡി.ഐ.ജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണം ആരംഭിച്ചു.

2005 ഓഗസ്റ്റ് 21- കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ മൂന്നാം തവണയും അപേക്ഷ നല്‍കി.

2006 ഓഗസ്റ്റ് 30 -സിബിഐ ആവശ്യം കോടതി നിരസിച്ചു.

2007മേയ് 22- ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തുരുവനന്തപുരം സി.ജെ.എം കോടതി.

2007 ജൂൺ 11 – കേസ് അന്വേഷണം പുതിയ സിബിഐ സംഘത്തിന്.

2008 നവംബർ 18 – കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും രണ്ടാം പ്രതി ഫാ. ജോസ്‌ പൂത്തൃക്കയിലും കസ്റ്റഡിയിൽ

2008 നവംബർ 19 – കേസിലെ മൂന്നാം പ്രതി സിസ്റ്റർ സ്റ്റെഫി കസ്റ്റഡിയിൽ.

2008 നവംബർ 24 – അഭയക്കേസ്‌ അന്വേഷിച്ച മുൻ എ.എസ്‌.ഐ വി.വി. അഗസ്‌റ്റിൻ ആത്മഹത്യ ചെയ്‌തു. ആത്മഹത്യാക്കുറിപ്പിൽ സി.ബി.ഐ. മർദ്ദിച്ചതായി ആരോപണം.

2008 ഡിസംബർ 29 – പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളിക്കളയുന്നു.

2009 ജൂലൈ 17- സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.

2011 മാർച്ച് 16- വിചാരണ കൂടതെ കുറ്റവിമുക്തരാക്കണം എന്ന് ആവശ്യപ്പെട്ട് മൂന്നു പ്രതികളും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ
2014 മാർച്ച് 19- തെളിവ് നശിപ്പിച്ചുവെന്ന ആരോപണത്തിൽ ക്രൈം ബ്രാഞ്ച് എസ്പി കെ ടി മൈക്കിൾ ഉൾപ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ഹൈക്കോടതി.

2015 ജൂൺ 30- ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയിൽ റിപ്പോര്‍ട്ട്.

2018 ജനുവരി 22 – കേസിൽ തെളിവു നശിപ്പിച്ച മുൻ ക്രൈം ബ്രാഞ്ച് എസ്‌പിക്കെതിരെ കേസ്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.ടി.മൈക്കിളിനെതിരെയാണ് തിരുവനന്തപുരം സിബിഐ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

2018 ഫെബ്രുവരി 16- കേസിലെ ഒന്നും രണ്ടും പ്രതികളായ ഫാദർ തോമസ് എം.കോട്ടൂരും ഫാദർ ജോസ് പുതൃക്കയിലും രാത്രി കാലങ്ങളിൽ ഇരുചക്ര വാഹനത്തിൽ എത്തി കോൺവെന്റിന്റെ മതിൽ ചാടിക്കടക്കുന്നത് കണ്ടിട്ടുണ്ടെന്ന് കോൺവെന്റിന് സമീപത്തെ പള്ളിയിലെ വാച്ചർ ആയിരുന്ന ദാസ് എന്ന ചെല്ലമ്മ ദാസിന്റെ മൊഴി.

2018 മാർച്ച് 07- കേസിൽ ഫാ.ജോസ് പുതൃക്കയിലിനെ കുറ്റവിമുക്തനാക്കി കോടതി ഉത്തരവിട്ടു.

2019 ഏപ്രിൽ 09- ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റർ സെഫിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി.

2020 ഫെബ്രുവരി 03- പ്രതികളെ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരുടെ വിസ്താരം ഹൈക്കോടതി വിലക്കി. നാർക്കോ അനാലിസ് ഫലം പ്രതികൾക്കെതിരായ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

2020 നവംബർ 03- നിര്‍ണായക തെളിവുകളായിരുന്ന തൊണ്ടിമുതലുകള്‍ നശിപ്പിച്ചത് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കെ.സാമുവല്‍ ആണെന്ന് സിബിഐ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.