scorecardresearch

"ഞാന്‍ കൈകൂപ്പി കേണപേക്ഷിച്ചു, ഞങ്ങളെ വിട്ടയക്കാന്‍," പൂന്തുറയില്‍ ജനം തടഞ്ഞുവച്ച വനിതാ ഡോക്ടര്‍ പറയുന്നു

ഡ്രൈവര്‍ കാറിന്റെ വാതിലിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ ഞങ്ങളുടെ മുഖത്തിനുനേരെ മാസ്‌ക് ധരിക്കാതെ ചുമയ്ക്കുകയും ചെയ്തു. അവര്‍ക്ക് രോഗമുണ്ടെങ്കില്‍ ഞങ്ങള്‍ക്കും രോഗം ബാധിക്കട്ടെയെന്ന് അവര്‍ പറഞ്ഞു

ഡ്രൈവര്‍ കാറിന്റെ വാതിലിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ ഞങ്ങളുടെ മുഖത്തിനുനേരെ മാസ്‌ക് ധരിക്കാതെ ചുമയ്ക്കുകയും ചെയ്തു. അവര്‍ക്ക് രോഗമുണ്ടെങ്കില്‍ ഞങ്ങള്‍ക്കും രോഗം ബാധിക്കട്ടെയെന്ന് അവര്‍ പറഞ്ഞു

author-image
Vishnu Varma
New Update
poonthura, covid, lockdown, ie malayalam

കൊച്ചി: കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സംഭവിച്ച തീരപ്രദേശമായ പൂന്തുറയില്‍ പരിശോധനയ്ക്കായി സ്വാബ് ശേഖരിക്കുന്നതിനായി പോയ വനിതാ ഡോക്ടര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സഞ്ചരിച്ച കാറിനെ ആക്രമിച്ച ജനക്കൂട്ടം അസഭ്യം പറയുകയും രോഗവ്യാപനമുണ്ടാകുന്ന തരത്തില്‍ അവര്‍ക്ക് നേരെ ചുമയ്ക്കുകയും ചെയ്തു.

Advertisment

കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടയില്‍ പൂന്തുറയില്‍ 250-ലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം ആരോഗ്യവകുപ്പ് അധികൃതര്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്ന് ആരോപിച്ച് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് വെള്ളിയാഴ്ച്ച രാവിലെ മുതല്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുകയായിരുന്നു. മാസ്‌കില്ലാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് പ്രതിഷേധം നടത്തിയത്.

ഈ സാഹചര്യത്തിലാണ് ഡോക്ടര്‍ ധ്യുതി ഹരിപ്രസാദിന്റെ നേതൃത്വത്തിലെ നാലംഗ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം പൂന്തുറയിലെത്തിയത്. ഗ്രാമത്തിനുള്ളിലെ ആയുഷ് ക്ലിനിക്കിനോട് വാഹനം അടുത്തപ്പോള്‍ സ്ത്രീകളും പുരുഷന്‍മാരും ലോക്ക്ഡൗണ്‍ ലംഘിച്ച് റോഡില്‍ നില്‍ക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. ക്ലിനിക്കിന് അടുത്ത് എത്തിയപ്പോഴാണ് ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നതും പൊലീസുകാര്‍ ഇല്ലാത്തതും കണ്ടത്. അവര്‍ തിരികെ പോകാന്‍ ഒരുങ്ങിയപ്പോള്‍ പ്രതിഷേധക്കാര്‍ വാഹനത്തെ വളഞ്ഞു.

"വലിയൊരു സംഘം ആളുകള്‍ ഞങ്ങളെ പിന്തുടരുകയായിരുന്നു," ഡോക്ടര്‍ ധ്യുതി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 60-70 വരെ ആളുകള്‍ ഉണ്ടായിരുന്നു. "അവര്‍ കാറില്‍ ഇടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ മെഡിക്കല്‍ സംഘമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജനക്കൂട്ടം കൂടുതല്‍ രോഷാകുലരായി," ധ്യുതി പറഞ്ഞു.

Advertisment

Read Also: ജനങ്ങളുടെ നിഷ്‌കളങ്കതയെ ചിലർ മുതലെടുക്കാൻ ശ്രമിക്കുന്നു; പൂന്തുറയിൽ സംഭവിക്കുന്നത്, ഡോ.ദിവ്യ ഗോപിനാഥ് സംസാരിക്കുന്നു

"രോഗത്തെ കുറിച്ച് തെറ്റായധാരണ പരത്തുന്നുവെന്നും കേസുകളുടെ എണ്ണം പൊലിപ്പിച്ചു പറയുകയാണെന്നും അവര്‍ ആരോപിച്ചു. ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നവരെ തിരികെ കൊണ്ടുവരണമെന്നും അവര്‍ക്കൊന്നും രോഗമില്ലെന്നുമാണ് ജനക്കൂട്ടം പറയുന്നത്. ഡ്രൈവര്‍ കാറിന്റെ വാതിലിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ ഞങ്ങളുടെ മുഖത്തിനുനേരെ മാസ്‌ക് ധരിക്കാതെ ചുമയ്ക്കുകയും ചെയ്തു. അവര്‍ക്ക് രോഗമുണ്ടെങ്കില്‍ ഞങ്ങള്‍ക്കും രോഗം ബാധിക്കട്ടെയെന്ന് അവര്‍ പറഞ്ഞു," ഡോക്ടര്‍ പറഞ്ഞു.

ഈ ഘട്ടത്തില്‍ ഡോക്ടറും നഴ്‌സിങ് സ്റ്റാഫുമടക്കമുള്ളവര്‍ ഭീതിയിലാകുകയും കരയാന്‍ തുടങ്ങുകയും ചെയ്തു.

"ഞങ്ങളെ ആയുഷ് ക്ലിനിക്കില്‍ പൂട്ടിയിടണമെന്നും മാധ്യമങ്ങള്‍ വരുന്നതിനായി കാത്ത് നില്‍ക്കണമെന്നും അവര്‍ പറയുന്നത് ഞങ്ങള്‍ കേട്ടു. ഞങ്ങളെ വിട്ടയക്കണമെന്ന് ഞാന്‍ അവരോട് കൈകൂപ്പി കേണു," ധ്യുതി പറഞ്ഞു.

Read Also: പാവം മനുഷ്യരെ കൊലയ്‌ക്ക് കൊടുക്കരുത്; പ്രതിഷേധങ്ങളുടെ സ്വഭാവം മാറ്റണമെന്ന് ഡോ.ജിനേഷ്

ഒടുവില്‍ ജനക്കൂട്ടം അയയുകയും മെഡിക്കല്‍ സംഘത്തെ വിട്ടയക്കുകയും ചെയ്തു. അവര്‍ വലിയതുറയിലെ ആശുപത്രിയില്‍ തിരിച്ചെത്തുകയും ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. ഡിഎംഒയ്ക്ക് അവര്‍ പരാതി നല്‍കി. ഏഴ് ദിവസത്തെ ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്തു. ഏഴ് ദിവസം കഴിഞ്ഞ് കോവിഡ്-19 പരിശോധന നടത്തും.

പൊലീസ് സുരക്ഷയില്ലാതെ ഞങ്ങള്‍ക്ക് വീണ്ടും അവിടെ പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഈ വര്‍ഷം ആരോഗ്യ വകുപ്പില്‍ ജോലിക്ക് ചേര്‍ന്ന ധ്യുതി പറഞ്ഞു.

റാപ്പിഡ് ആന്റിജന്‍ പരിശോധനയ്‌ക്കെതിരെ വ്യാജവാര്‍ത്തകള്‍ പൂന്തുറയിലേയും സമീപ പ്രദേശങ്ങളിലേയും ആളുകള്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. സമീപത്തെ മാണിക്യവിളാകം, പുത്തന്‍പള്ളി പ്രദേശങ്ങളിലെ രോഗികളുടെ എണ്ണവും പൂന്തുറയുടെ മേല്‍ വരുന്നതായി ആളുകള്‍ ആരോപിക്കുന്നു.

ഈ വാഹനത്തിനുമേല്‍ ആളുകള്‍ തുപ്പുകയും ഞങ്ങള്‍ക്ക് കോവിഡില്ലെന്നും നിങ്ങള്‍ തെറ്റായ ഫലം നല്‍കുകയാണെന്ന് പറയുകയും ചെയ്തതായി വാഹനത്തിലുണ്ടായിരുന്ന ലാബ് ടെക്‌നീഷ്യന്‍ ആയ യുവതി പറഞ്ഞു.

ഏകദേശം പത്ത് മിനിട്ടോളം ആള്‍ക്കൂട്ടം തങ്ങളെ തടഞ്ഞുവെന്ന് അവര്‍ പറഞ്ഞു. ജില്ലയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഡിഎംഒ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിച്ചതിനെ തുടര്‍ന്നാണ് ഇവരെല്ലാം പൂന്തുറയില്‍ എത്തിയത്.

Read Also: Kerala Weather: ജൂലൈ 13 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തങ്ങള്‍ക്ക് രോഗബാധയില്ലെന്നും അതിനാല്‍ പരിശോധന വേണ്ടെന്നും ജനങ്ങള്‍ വാദിക്കുന്നതായി പൂന്തുറ സബ് ഇന്‍സ്‌പെക്ടര്‍ ബിനു പറയുന്നു. "തങ്ങള്‍ മീന്‍ പച്ചയ്ക്ക് കഴിക്കുന്നവരാണെന്നും അതിനാല്‍ കോവിഡ് ബാധിക്കുകയില്ലെന്നും അവര്‍ പറയുന്നു. അവരെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നത് പ്രശ്‌നമാണ്."

"ഇന്നലെവരെ സാഹചര്യങ്ങള്‍ സുഗമമായിരുന്നു. ഞങ്ങളുടെ മൊബൈല്‍ പട്രോളിങ് സംഘം അവിടെ ഉണ്ടായിരുന്നു. സമാധാനപരമായിരുന്നു സാഹചര്യം. ഇന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു," എസ് ഐ പറഞ്ഞു.

പൂന്തുറ സംഭവം അപലപനിയം; പോലീസ് സംരക്ഷണം അനിവാര്യം: ഐ.എം.എ

പൂന്തുറയില്‍ ജനക്കൂട്ടം ആരോഗ്യ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഐ.എം.എ. തിരുവനന്തപുരം പ്രതിഷേധിച്ചു. നാടിനെ മഹാമാരിയില്‍ നിന്നും കരകയറ്റാനാണ് സ്വന്തം ജീവന്‍ പോലും നോക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത്. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒരുകൂട്ടര്‍ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമിക്കാനൊരുങ്ങുകയും കാറില്‍ യാത്ര ചെയ്ത ഡോക്ടര്‍മാരെ കാറിനുള്ളിലേക്ക് തുപ്പുകയും ചെയ്തു. ഇക്കാരണത്താല്‍ മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടതായി വന്നിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പ് വരുത്തേണ്ടതാണെന്നും ഐഎംഎ പ്രസ്താവനയില്‍ പറഞ്ഞു.

Lockdown Coronavirus Thiruvananthapuram Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: