/indian-express-malayalam/media/media_files/uploads/2021/09/theatre.jpg)
തിരുവനന്തപുരം: കോവിഡ് വ്യാപനം ശമിക്കുകയാണെങ്കില്‍ തിയേറ്ററുകള്‍ തുറക്കുമെന്നതില്‍ സൂചന നല്‍കി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. "തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ പരിശോധിക്കും. അടുത്ത ഘട്ടത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നത് ആശ്വാസകരമാണ്. എത്രയും വേഗം തന്നെ തീരുമാനം ഉണ്ടാകും," മന്ത്രി വ്യക്തമാക്കി.
ആദ്യ ഘട്ട കോവിഡ് വ്യാപനത്തിന് ശേഷം തിയേറ്ററുകള്‍ തുറക്കാന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ കേസുകളുടെ എണ്ണം നിയന്ത്രണാതീതമായി ഉയര്‍ന്നതോടെ വീണ്ടും അടച്ചിടേണ്ടി വന്നു. കോവിഡിന് ശേഷം തിയേറ്റര്‍ ഉടമകളും ജീവനക്കാരും കടുത്ത പ്രതിസന്ധിയിലാണ്. തിയേറ്റര്‍ റിലീസ് ഉറപ്പിച്ചിരുന്ന പല സിനിമകളും ഒടിടി റിലീസിനൊരുങ്ങുകയാണ്.
നിലവില്‍ സംസ്ഥാനത്ത് സിനിമാ, സീരിയല്‍ ഷൂട്ടിങ്ങിന് അനുമതിയുണ്ട്. നേരത്തെ ഷൂട്ടിങ്ങിനും വിലക്ക് ഉണ്ടായിരുന്നതിനാല്‍ നിരവധി സിനിമകളുടെ ചിത്രീകരണം അന്യസംസ്ഥാനങ്ങളിലാണ് പൂര്‍ത്തിയാക്കിയത്. മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡി, ടോവിനോ തോമസിന്റെ ബിഗ് ബജറ്റ് ചിത്രം മിന്നല്‍ മുരളി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
രോഗവ്യാപന നിരക്ക് കുറഞ്ഞതും 90 ശതമാനത്തോളം ആളുകള്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കിയ സാഹചര്യത്തിലും ജനജീവിതം സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. നവംബര്‍ ഒന്നാം തീയതിയോടെ സ്കൂളുകള്‍ തുറക്കാന്‍ ഇതിനോടകം തീരുമാനമായി. ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത യോഗം വ്യാഴാഴ്ച ചേരും.
Also Read: സ്കൂള്‍ തുറക്കല്‍: ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വ്യാഴാഴ്ച യോഗം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.