/indian-express-malayalam/media/media_files/uploads/2020/01/silver-line.jpg)
സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന സിൽവർലൈൻ അതിവേഗ റെയിൽ ഇടനാഴി പദ്ധതി ധൃതിപിടിച്ചു നടത്താനുള്ള ശ്രമത്തിൽ നിന്നും കേരള സർക്കാർ പിന്മാറണമെന്ന് പരിസ്ഥിതി പ്രവർത്തകർ. കേരള പരിസ്ഥിതി ഐക്യ വേദിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് പ്രസ്താവനയിറക്കിയത്.
കേരളത്തിന് യോജിച്ച സുസ്ഥിരമായ അടിസ്ഥാന സൗകര്യവികസനത്തിന് പുതിയ സർക്കാർ തയ്യാറാകണമെന്നും അതിനാൽ 64,941 കോടി രൂപ ചെലവിട്ടു കൊണ്ടുവരുന്ന കെ - റെയിൽ പദ്ധതി എല്ലാ അർത്ഥത്തിലും വിദശമായി ചർച്ചചെയ്യപ്പെടണമെന്നും പ്രസ്താവനയിൽ പറയുന്നു. "ഈ പദ്ധതിയുടെ ശാസ്ത്ര, സാങ്കേതിക, സാമൂഹിക , പാരിസ്ഥിതിക, സാമ്പത്തിക ആഘാത പഠനങ്ങൾ കൃത്യമായി തന്നെ നടക്കേണ്ടതുണ്ട്. അതല്ലാതെ ധൃതിപിടിച്ചു കെ - റെയിൽ പദ്ധതി നടത്താനുള്ള ശ്രമത്തിൽ നിന്നും കേരള സർക്കാർ പിന്മാറണം," പരിസ്ഥിതി ഐക്യ വേദി ആവശ്യപ്പെട്ടു.
Read More: ഒറ്റ കോളനി, 59 കോവിഡ് പോസിറ്റീവ്; ‘ന്യൂട്രല്‍’ ആവാതെ കെഎസ്ഇബി ജീവനക്കാര്‍
പദ്ധതിക്കായി വിവിധ ആഗോള ധന സഹായ സ്ഥാപനങ്ങളിൽ നിന്നും കടമെടുക്കുന്ന 64000 കോടി രൂപയുടെ ഒരു വർഷത്തെ പലിശയുടെ തുക മാത്രം ചിലവഴിച്ചാൽ പോലും ഇതിലും വേഗം തിരുവനന്തപുരത്തു നിന്നും കാസറഗോഡ് എത്താനുള്ള പദ്ധതികൾ ഉണ്ടാക്കാമെന്നിരിക്കെ അത്തരം പദ്ധതികൾ വിദഗ്ദരുമായി കൂടിയാലോചിച്ചു സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
"2025 ആകുമ്പോഴേക്കും ഇന്ത്യൻ റെയിൽവേ , കേരളത്തിൽ അടക്കം 50000 കോടി രൂപ വകയിരുത്തി ഇന്ത്യയിലെ മുഴുവൻ തീവണ്ടി പാതകളിലും, മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന തരത്തിൽ അത്യാധുനിക ഇലൿട്രോണിക്‌സ് സിഗ്നൽ സംവിധാനത്തിലേക്ക് മാറുന്നതോടെ 4 മണിക്കൂർ സമയ പരിധിയിൽ, തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ സഞ്ചരിക്കാം. അപ്പോൾ കെ റെയിൽ പദ്ധതി ഒരു ദുർവ്യയം മാത്രമായിത്തീരും."
"നിലവിലുള്ള റെയിൽ വികസനവുമായി പൊരുത്തപ്പെട്ടുപോകുന്ന ഗതാഗതവികസന നയമാണ്, ഭാവിയിൽ നമുക്കാവശ്യം. കെ - റെയിൽ പദ്ധതി ഇത്തരം ഭാവിസാധ്യതകളെയെല്ലാം ഇല്ലാതാക്കും. കേരളത്തിലെ നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ആഭ്യന്തര വിമാന സർവീസ് കൊണ്ടുവന്നാൽ അത്യാവശ്യക്കാർക്ക് ചുരുണ്ടിയ സമയം കൊണ്ട് തെക്കുവടക്കു യാത്ര സാധ്യമാകുന്നതാണ്," പ്രസ്താവനയിൽ പറയുന്നു.
Read More: സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക 500 പേർ; ഇതൊരു വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി
ബദൽ മാർഗ്ഗ നിർദേശങ്ങൾ ഈ രംഗത്തെ വിദഗ്ദരുമായി ആലോചിച്ചു നടപ്പിലാക്കാൻ സർക്കാർ തയ്യാറാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ പറഞ്ഞു.
"529.45 കിലോമീറ്റർ ദൂരത്തിൽ കേരളത്തെ നെടുകെ പിളർന്ന് നിർമ്മാണം നടത്തുന്നതിലൂടെ നിലവിലെ കൃഷിഭൂമിയും തണ്ണീർത്തടങ്ങളും ഇനിയും നശിപ്പിക്കപ്പെടും. മാത്രമല്ല, നിർമ്മാണത്തിനായി പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന മലകൾ കൂടി വടിച്ചെടുക്കും. ഇപ്പോൾ തന്നെ പ്രളയവും വരൾച്ചയും വൻദുരന്തങ്ങൾ വരുത്തുന്ന കേരളത്തിന് കെ - റെയിൽ പദ്ധതി തടയാനാവാത്ത പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കും എന്ന് ഞങ്ങൾ ആശങ്കപ്പെടുന്നു," സംഘടന പറഞ്ഞു.
"കേരളത്തിന്റെ ഇപ്പോഴത്തെ ദയനീയമായ സാമ്പത്തിക അവസ്ഥയും നാം കണക്കിലെടുക്കണം. വിദേശ വായ്പ വഴി വരുന്ന കെ - റെയിൽ പോലെ വികസനപദ്ധതികൾ സാമ്പത്തികമായും സാമൂഹികമായും പാരിസ്ഥിതികമായും നമ്മെ തകർക്കുന്നതാണ്," പ്രസ്താവനയിൽ പറയുന്നു.
"ഈ പദ്ധതി വരുന്നതോടെ ആയിരക്കണക്കിനു കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കപ്പെടുക. കോവിഡുകാലം വരുത്തി വെച്ച സാമ്പത്തിക ക്ലേശങ്ങളിൽ ജനം നട്ടം തിരിയുമ്പോൾ ഇത്തരം കൂട്ടക്കുടിയൊഴിക്കലുകൾ വലിയ സാമൂഹ്യ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും," പരിസ്ഥിതി പ്രവർത്തകർ പറയന്നു.
"ഇപ്രകാരം എല്ലാവിധത്തിലും തിരിച്ചടിയായി മാറുന്ന സിൽവർ ലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയാണ് വേണ്ടത്. പകരം നിലവിലുള്ള റെയിൽ ഗതാഗതം കാലാനുസൃതമായി പരിഷ്ക്കരിക്കുന്നതും അതുമായി കൂട്ടിച്ചേർക്കുന്നതും വൈവിധ്യപൂർണ്ണവുമായ സുസ്ഥിര പദ്ധതികളിലാണ് പുതിയ സർക്കാർ ശ്രദ്ധ കൊടുക്കേണ്ടത്," പരിസ്ഥിതി ഐക്യ വേദി പറഞ്ഞു.
സംസ്ഥാനത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാണ് അതിവേഗ റെയിൽ പാത വിഭാവനം ചെയ്തിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.