scorecardresearch

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക 500 പേർ; ഇതൊരു വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

സെൻട്രൽ സ്റ്റേഡിയമല്ല, കേരള ജനതയിലെ ഓരോരുത്തരുടെയും മനസ്സാണ് സത്യപ്രതിജ്ഞാ വേദിയെന്നും മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക 500 പേർ; ഇതൊരു വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ 500 പേരാവും പങ്കെടുക്കുക എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഞ്ച് കൊല്ലം മുൻപ് 40000ൽ അധികം പേരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ പരിപാടിയാണ് ഇന്നത്തെ കോവിഡ് സാഹചര്യം കാണിച്ച് ഈ രീതിയിൽ ചുരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല എന്ന് കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സെൻട്രൽ സ്റ്റേഡിയമല്ല, തങ്ങളെ സംബന്ധിച്ച് കേരള ജനതയിലെ ഓരോരുത്തരുടെയും മനസ്സാണ് സത്യപ്രതിജ്ഞാ വേദിയെന്നും മുഖ്യമന്ത്രി പറഞ്ഞു.നിലവിലെ പരിമിതി ഇല്ലായിരുന്നെങ്കിൽ കേരളമാകെ ഇരമ്പിയെത്തുമായിരുന്നെന്ന് തങ്ങൾക്കറിയാം എന്നും അദ്ദേഹം പറഞ്ഞു.

ഈമാസം 20ന് പകൽ മൂന്നിനാണ് സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റേറ്ഡിയത്തിൽ ഒരുക്കുന്ന പൊതുവേദിയിൽ വച്ചാവും മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുക.

Read More: സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎമ്മിനു 12, സിപിഐക്കു നാല് മന്ത്രിമാർ

“ജനാധിപത്യത്തിൽ ജനങ്ങളാൽ തിരഞ്ഞെടുക്കുപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തിരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തിൽ ജനങ്ങളുടെ ആഘോഷത്തിമിർപ്പിനിടയിൽ തന്നെയാണ് സാധാരണ ഗതിയിൽ നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ് വഴക്കവും,” മുഖ്യമന്ത്രി പറഞ്ഞു.

“പക്ഷേ നിർഭാഗ്യവശാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനമധ്യത്തിൽ നേരത്തേ പറഞ്ഞ തരത്തിലുള്ള ജനങ്ങളുടെ ആഘോഷത്തിമിർപ്പിനിടയിൽ ഇത് നടത്താൻ ആവില്ല. അതിനാലാണ് പരിമിതമായ തോതിൽ ഈ ചടങ്ങ് നടത്താൻ തീരുമാനിച്ചത്.”

“സ്റ്റേഡിയം 5000ൽ കൂടുതൽ പേർക്ക് ഇരിക്കാവുന്ന ഇടമാണ്. എന്നാൽ സ്റ്റേഡിയത്തിൽ പരമാവധി 500 പേരുടെ സാന്നിദ്ധ്യമാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഭാഗമായി ഉണ്ടാവുക. കഴിഞ്ഞ അഞ്ച് കൊല്ലം മുൻപ് 40000ൽ അധികം പേരുടെ സാന്നിദ്ധ്യത്തിൽ നടത്തിയ പരിപാടിയാണ് ഇന്നത്തെ ഈ സാഹചര്യം കാണിച്ച് ഈ രീതിയിൽ ചുരുക്കുന്നത്,” മുഖ്യമന്ത്രി പറഞ്ഞു.

“500 എന്നത് ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല എന്ന് കാണാൻ കഴിയും. 140 നിയമസഭാ സാമാജികരുണ്ട്. 29 എംപിമാരുണ്ട്. സാധാരണ ഗതിയിൽ നിയമസഭാ അംഗങ്ങളുൾക്കൊള്ളുന്ന പാർലമെന്ററി പാർട്ടി ആണ് ഇതിനകത്തുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത് തന്നെ. അപ്പോൾ അവരെ ഒഴിവാക്കുന്നത് ജനാധിപത്യത്തിൽ ഉചിതമായ കാര്യമല്ല.”

Read More: നാല് ജില്ലകളില്‍ കേസുകള്‍ വര്‍ദ്ധിക്കുന്നു, ലോക്ക്ഡൗണിന്റെ ഫലം വരും ദിവസങ്ങളില്‍ അറിയാം: മുഖ്യമന്ത്രി

“ജനാധിപത്യത്തിന്റെ അടിത്തൂണുകളാണ് ലെജിസ്ലേറ്റർ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി എന്നിവ. ജനാധിപത്യത്തെ മാനിക്കുന്ന ആർക്കും അവയെ ഒഴിവാക്കാനാവില്ല. ഇവ മൂന്നും ഉൾപ്പെട്ടാലേ ജനാധിപത്യം പൂർണമാവും. ഇതിനാലാണ് ന്യായാധിപരെയും ഉദ്യോഗസ്ഥരെയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെയും ഒഴിവാക്കാനാവില്ല. “

“എണ്ണം ക്രമീകരിക്കുന്നതിന് വേണ്ടി മാധ്യമ പ്രവർത്തകരും പങ്കാളിത്തം ക്രമീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതെല്ലാം കൂടിയാണ് 500. ഇതെല്ലാം മൂന്നു കോടിയോളം ജനങ്ങളുടെ ഭാഗദേയം നിർണയിക്കുന്ന പ്രാരംഭ ഘട്ടത്തിലെ ചടങ്ങിൽ അധികമല്ല എന്നാണ് കാണാൻ സാധിക്കുക.”

“ഇന്നത്തേത് ഒരു ആസാധാരണ സാഹചര്യമാണ്. അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടികൾ സ്വീകരിക്കേണ്ടി വരും. അതാണ് സംഖ്യ ഇങ്ങനെ ചുരുക്കിയിട്ടുള്ളത്. അത് ഉൾക്കൊള്ളാതെ മറ്റൊരു വിധത്തിൽ മറ്റൊരു കാര്യം അവതരിപ്പിക്കാൻ ആരും തയ്യാറാവരുത് എന്നാണ് അഭ്യർത്ഥിക്കാനുള്ളത്,” മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

പുതിയ എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവർക്ക് മാത്രമായി പ്രവശനം നിജപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവിട്ടു. 48 മണിക്കൂറിനുള്ളിൽ നേടിയ ആർടിപിസിആർ/ട്രൂനാറ്റ്/ആർടി എൽഎഎംപി സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമാണ് സത്യപ്രതിജ്ഞ നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക.

പാസ് വഴി മാത്രമാണ് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കുക. സാമൂഹിക അകല ചട്ടങ്ങൾ പാലിച്ച് മാത്രമാണ് പ്രവേശിക്കാനും പുറത്ത് കടക്കാനും സാധിക്കുക. വേദിയിലും കാണികൾക്കും സാമൂഹിക അകല ചട്ടം അനുസരിച്ചാണ് ഇരിപ്പിടങ്ങൾ ക്രമീകരിക്കേണ്ടത് എന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala cm pinarayi vijayan on ldf ministry sworn in ceremony

Best of Express