/indian-express-malayalam/media/media_files/uploads/2021/06/High-Court-of-Kerala-FI.jpg)
കൊച്ചി: പ്രായപൂർത്തിയായ പങ്കാളികൾ തമ്മിലുള്ള ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. പങ്കാളികൾ തമ്മിലുള്ള ബന്ധം വിവാഹത്തിൽ കലാശിച്ചില്ലങ്കിലും ലൈംഗിക ബന്ധം ഉണ്ടായിട്ടുണ്ടങ്കിൽ അത് ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സഹപ്രവർത്തകയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കേന്ദ്രസർക്കാർ അഭിഭാഷകൻ നവനീത് എൻ നാഥിന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. നവനീതിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഒന്നിടവിട്ട ശനിയാഴ്ചകളിൽ രാവിലെ ഒന്‍പതിനും 11 നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം.
തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, പരാതിക്കാരിയേയോ ബന്ധുക്കളെയോ സ്വാധീനിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് തുടങ്ങിയവയാണ് മറ്റ് വ്യവസ്ഥകള്‍. ഒരു ലക്ഷം രൂപയും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്.
പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം ബലാത്സംഗമാകണമെങ്കില്‍ സ്ത്രീയുടെ താത്പര്യത്തിന് വിരുദ്ധമായി ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായോ സമ്മതം നേടിയിട്ടുണ്ടാവണമെന്നും കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരിയുടെ ആരോപണം പരിശോധിക്കാനായി വിചാരണക്കോടതിക്ക് വിട്ടു. അന്വേഷണം പുർത്തിയായ സാഹചര്യത്തിൽ കൂടുതൽ തടങ്കൽ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
ആദായനികുതിവകുപ്പ് സ്റ്റാൻഡിങ് കൗൺസലായ നവനീതിൻ്റെ ജാമ്യഹർജി ജസ്റ്റീസ് ബച്ചു കുരിയൻ തോമസാണ് പരിഗണിച്ചത്. ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി സംഘടനയായ അഭിഭാഷക പരിഷത്ത് ജില്ലാ സമിതി അംഗമാണ് പ്രതി.
ബലാത്സംഗം, സ്‌ത്രീയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ സെൻട്രൽ പൊലീസാണ് നവനീതിനെ അറസ്റ്റ് ചെയ്‌തത്. സഹപ്രവർത്തകരായിരുന്ന ഇരുവരും നാലുവർഷത്തിലേറെ പ്രണയത്തിലായിരുന്നു.
വിവാഹവാഗ്ദാനം നൽകി ഒരുമിച്ച് താമസിപ്പിച്ചതായും ലോഡ്‌ജുകളിൽ ഉൾപ്പെടെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി. നവനീത് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയതോടെയാണ് യുവതി പരാതി നൽകിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.