scorecardresearch
Latest News

വേണം, രാഷ്ട്രീയക്കാർക്കും ഒരു ഫിനിഷിങ് സ്കൂൾ

രാഷ്ട്രീയ പ്രവർത്തകരുടെ ശരീര ഭാഷയും വാക് പ്രയോഗങ്ങളും നൈതികവും ആധുനിക സമൂഹത്തിനോട് സംവദിക്കാൻ ശേഷിയുള്ളതുമാക്കി മാറ്റുന്ന ഒരു ഫിനിഷിങ് സ്കൂൾ സർക്കാരിന് ആരംഭിക്കാവുന്നതാണ്

വേണം, രാഷ്ട്രീയക്കാർക്കും ഒരു ഫിനിഷിങ് സ്കൂൾ

മനുഷ്യ വർഗത്തിന്‍റെ വളർച്ചയുടെയും വികാസത്തിന്‍റെയും ഭാഗമായി ലോകം ഒട്ടേറെ മുന്നോട്ട് പോയിട്ടുണ്ട്. സാംസ്കാരികവും ജ്ഞാനപരമായും പുതിയ കാഴ്ചപ്പാടുകളും അറിവുകളും ഉണ്ടാവുകയും ലോകം അതിനനുസരിച്ച് പുതിയ ചക്രവാളങ്ങളിലേക്ക് വികസിക്കുകയും ചെയ്തു. സാങ്കേതിക വിദ്യയിലും വിവര വിനിമയത്തിലും അതിന്‍റെ വേഗതയിലും ലോകം അതിവേഗം കുതിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. വെറും പത്ത് വർഷത്തിനുള്ളിൽ സാങ്കേതിക വിദ്യയിലൂടെ വിരൽത്തുമ്പ് കൊണ്ട് ലോകത്തെ ഇലയനക്കങ്ങൾ പോലും ഏത് കോണിലിരുന്നും അപ്പപ്പോൾ അറിയാനുള്ള കാലമായി കഴിഞ്ഞു.

മാറുന്ന ലോകത്തിനൊപ്പം, ലോകത്തെ സമസ്ത മേഖലകളിലും പ്രൊഫഷണൽ സമീപനങ്ങളും രൂപപ്പെട്ടുവരുന്ന സാഹചര്യമാണുള്ളത്. ഇതിന് അപവാദമായി ഇന്നും നിലനിൽക്കുന്നത് രാഷ്ട്രീയപ്രവർത്തകരുടെ ശൈലി മാത്രമാണ്. പുതിയ കാലത്ത് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന നേതാക്കള്‍ വാക്കിലും നോക്കിലും പഴയകാലത്ത് തന്നെയാണ് തങ്ങളുടെ കാലുറപ്പിച്ച് നിർത്തിയിട്ടുള്ളത്. അതിന് പാർട്ടിഭേദമോ പ്രത്യയ ശാസ്ത്ര വ്യത്യാസമോ ഇല്ല. പുതിയ കാലത്തോട് സംവദിക്കാനാകും വിധം അവർ തങ്ങളുടെ മുഴുവൻ സമയ പ്രവർത്തനത്തെ കാര്യക്ഷമമാക്കി മാറ്റിയിട്ടില്ല എന്ന് തന്നെ കാണാനാകും. ഓരോ രാഷ്ട്രീയ പ്രവർത്തകർക്കും അവരുടെ ജീവിതം തന്നെയാണ് രാഷ്ട്രീയ പ്രവർത്തനം. മറ്റേത് പ്രൊഫഷണലിനേക്കാൾ തങ്ങൾ ചെയ്യുന്ന പ്രവൃത്തിയോട് 24 മണിക്കൂറും സചേതനമായും സക്രിയമായും അവർ ഇടപെടുകയും വേണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മറ്റേതൊരു പ്രൊഫഷണൽ ജോലിയേക്കാൾ പ്രൊഫഷണൽ സമീപനവും പ്രത്യുൽപ്പന്നമതിത്വവും ആവശ്യമായ ഒന്നാണ് രാഷ്ട്രീയ പ്രവർത്തനം.

അത്തരമൊരു രാഷ്ട്രീയ പ്രവർത്തന ശൈലി ഇക്കാലത്തുള്ള നമ്മുടെ രാഷ്ട്രീയ പ്രവർത്തകർക്ക് കൈമോശം വന്നതാണോ, അതോ മുൻകാലത്തെ അതേ ശൈലി പിന്തുടരുന്നവർ കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തതാണോ എന്നതാണ് പ്രധാന ചോദ്യം. അത്തരമൊരു ചോദ്യത്തിനുത്തരം കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാൻ നമ്മുടെ രാഷ്ട്രീയ പ്രവർത്തകർ മാറിയില്ല എന്നതാണ്. പുതിയ കാലം, പുതിയ കാഴ്ചപ്പാടുകൾ, പുതിയ വിനിമയ സങ്കേതങ്ങൾ, ശൈലികൾ ഒക്കെ രൂപപ്പെട്ടു കഴിഞ്ഞു. അച്ചടി മാധ്യമം മാത്രമുണ്ടായിരുന്ന കാലത്ത് നിന്നും ശ്രവ്യമാധ്യമത്തിലേക്കും പിന്നെ ദൃശ്യമാധ്യമത്തിലേക്കും കടന്ന ലോകത്ത് നിന്നും തത്സമയ ദൃശ്യ സംപ്രേഷണത്തിനും ശേഷം ഡിജിറ്റൽ മാധ്യമ വിപ്ലവകാലത്ത് കൂടെയാണ് ലോകം കടന്നുപോകുന്നത്. മുൻകാല മാധ്യമങ്ങൾക്കപ്പുറം ഓൺലൈൻ മാധ്യമങ്ങളുടെ വിശാലവും ജനാധിപത്യപരവുമായ ലോകം, അതിനപ്പുറം ഓരോരുത്തരും സ്വയം സംപ്രേഷകരോ പ്രക്ഷേപകരോ ഒക്കെയായിരിത്തീരുന്ന സോഷ്യൽ മീഡിയ ലോകമാണിന്ന്. ഈ പുതിയ മാധ്യമ സാധ്യതകളെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അനുഗുണമായി ഉപയോഗിക്കാൻ എത്ര ജനപ്രതിനിധികൾക്ക് സാധ്യമായിട്ടുണ്ട്? തങ്ങളുടെ പ്രൊഫൈൽ ബിൽഡിങ്, ബ്രാൻഡ് ബിൽഡിങ് തുടങ്ങിയ ആവശ്യങ്ങൾക്കൊഴിച്ചാൽ ഈ മാധ്യമത്തെ ജനകീയ /പൗരാവകാശ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ എത്ര ജനപ്രതിനിധികൾക്ക് സാധ്യമായിട്ടുണ്ട്?

അത്തരം മാറിയൊരു മാധ്യമ പരിസരത്ത് നിന്നു കൊണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ പുതിയ കാലത്തെ ജ്ഞാനലോകത്തിനും നൈതിക ലോകത്തിനുമൊപ്പം സഞ്ചരിക്കാൻ തക്കവണ്ണം സ്വയം വളർച്ച നേടേണ്ടതുണ്ട്. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യവും, പാർട്ടിയുടെ പിൻബലവും അണികളുടെയും ആരാധകരുടെയും നീണ്ട നിരകളും കൊണ്ട് മാത്രം തങ്ങളുടെ വിനിമയശേഷിയുടെ പരാധീനതകളെ മറികടക്കാൻ സാധിക്കില്ല. ഒരളവ് വരെ ഭീതിയും ഭയവും സൃഷ്ടിക്കുന്ന അധികാരം കൊണ്ട് തങ്ങളുടെ വാക്കുകളെയും നോക്കുകളെയും പ്രവർത്തനങ്ങളെയുമൊക്കെ സംരക്ഷിക്കാൻ സാധിക്കുമായിരിക്കുമെങ്കിലും അധിക കാലം അത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ സാധിക്കണമെന്നില്ല. അധികാരത്തിലെ അകത്തളങ്ങളിൽ നിന്നും ലഭിക്കുന്ന സംരക്ഷണം എപ്പോഴും ലഭ്യമാകണമെന്നില്ല. പലപ്പോഴും ആ കോട്ടകൊത്തളങ്ങളെ തകർത്ത് സ്വയം കുഴിതോണ്ടാൻ തക്ക ശക്തിയുള്ളതായി മാറും സ്വയംകൃതാനർത്ഥനം നടത്തുന്ന പ്രയോഗങ്ങൾ.

അധികാരമത്തിൽ രാഷ്ട്രീയക്കാരുടെ സ്വന്തം നാവ് അവരുടെ കഴുത്തിൽ തന്നെ കുരുക്ക് മുറുക്കുന്നത് പലപ്പോഴും കേരളം കണ്ടിട്ടുണ്ട്. അത് പഴയ കാലത്തെ നേതാക്കളായാലും പുതിയ കാലത്തെ നേതാക്കളായാലും. തങ്ങളുടെ നാവേറുകൾക്ക് പഴയ കാലത്തെ നേതാക്കൾക്ക് ലഭിച്ച പല സൗകര്യങ്ങളും ഇന്നത്തെ നേതാക്കൾക്ക് ലഭിക്കണമെന്നില്ല. അതിന് കാരണം ലോകത്തെ കാഴ്ചകൾക്കും കാഴ്ചപ്പാടുകൾക്കും വന്ന മാറ്റമാണ്. രാഷ്ട്രീയപ്രവർത്തകനാണ് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം പഴയതു പോലെ വായിൽ വന്നത് പാടാൻ ഇന്നത്തെ കാലത്താകില്ല. നിയമപരമായ കുരുക്കുകൾ മുതൽ സോഷ്യൽ മീഡിയ റോസ്റ്റിങ് ഉൾപ്പടെ പലവിധ വാളുകളാണ് അവരുടെ നാവിന് മുകളിൽ തൂങ്ങി നിൽക്കുന്നത്. മുൻകാലത്ത് ‘ഞാനങ്ങനെ പറഞ്ഞില്ല, വളച്ചൊടിച്ചതാണ്’ തുടങ്ങിയ മലക്കംമറിച്ചിൽ, ഉരുളൽ തുടങ്ങി പല വിധ അഭ്യാസങ്ങൾക്കുള്ള സാധ്യതകൾ രാഷ്ട്രീക്കാർക്ക് മുന്നിലുണ്ടായിരുന്നു. എന്നാൽ, ഇന്ന് അതൊക്കെ പഴങ്കഥകളാണ്. നിങ്ങളുടെ അനൈതികമായ ഭാഷയെ കുറിച്ചോ നോട്ടത്തെ കുറിച്ചോ പ്രവൃത്തിയെ കുറിച്ചോ സ്മാർട്ട് ഫോൺ കൈവശമുള്ള ഏതൊരു വ്യക്തിക്കും ഏത് സമയം വേണമെങ്കിലും ലോകത്തോട് പറയാൻ സാധ്യമാകും.

അത്തരമൊരു (അപകട) സാധ്യതയുടെ, നേർത്ത നൂലിഴയിലൂടെയാണ് ലോകം കടന്നു പോകുന്നത്. നമ്മുടെ രാഷ്ട്രീയ നേതാക്കാൾ എതിരാളികളുടെ നേരെ വീശുന്ന ‘നാവാൾ’ തങ്ങളുടെ തന്നെ അധികാര കസേരയുടെ കാൽവെട്ടി കളയുന്നിടത്ത് ഇത് എത്തിച്ചേരാം. എന്നാൽ, പലപ്പോഴും പല വിധ കാരണങ്ങളാൽ, രാഷ്ട്രീയ പ്രവർത്തകരാണെന്ന ആനുകൂല്യത്താൽ മാത്രം പല വിധ വെറികൾ എയ്യുന്ന നാവുകൾ രക്ഷപ്പെട്ടു പോകുന്നു എന്നതാണ് സത്യം. “വേഷം കണ്ടാൽ തിരിച്ചറിയാം,” “സമരകാലത്ത് കാട്ടിലായിരുന്നു പരിപാടി,” “നികൃഷ്ടജീവി,” “കടക്ക് പുറത്ത്,” “പുറത്ത് പോ,” എന്നതു മുതൽ നിയമപരമായോ ധാർമ്മികമായോ എഴുതാനോ പറയാനോ പോലും പറ്റാത്തത്തത്ര പ്രയോഗങ്ങളിലൂടെയാണ് ദേശീയതലത്തിലെയും സംസ്ഥാനത്തെയും രാഷ്ട്രീയനേതാക്കൾ വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

സിഎഎ സമരം, ശബരിമല സമരം, തുടങ്ങിയ കാലങ്ങളിൽ ഇത്തരം പ്രയോഗങ്ങൾ വളരെ വ്യാപകമായി താഴെത്തട്ടിൽ തന്നെ എത്തിയിരുന്നു. പലപ്പോഴും അണികളും ഇത്തരം പ്രയോഗങ്ങളിൽ അഭിരമിക്കുന്നതിന് കേരളം സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച സ്ത്രീയെ അക്കാലത്ത് നമ്മൾ കണ്ടതാണ്. ‘കൊമ്പൻ പോയ വഴിയിൽ മോഴയും’ എന്ന ചൊല്ലിനെ അന്വർത്ഥമാക്കും വിധം നേതാക്കളുടെ പ്രസംഗങ്ങളും പ്രചാരണങ്ങളും പ്രവർത്തനങ്ങളുമൊക്കെ എവിടെയെത്തി എന്നതിന് ഉത്തമോദാഹരണങ്ങളിലൊന്നായിരുന്നു അത്. തങ്ങളുടെ സ്വാർത്ഥ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഏണിപ്പടികളായി തങ്ങളുടെ അസ്ഥാനത്തെ വാക്ക് പ്രയോഗങ്ങളെ മാറ്റിയ കാലം കഴിഞ്ഞു തുടങ്ങിയിരിക്കുന്നു.

വളരെ വിശാലമായ ഈ ലോകത്ത് സങ്കുചിതമായ രാഷ്ട്രീയബോധങ്ങളിൽ കുടുങ്ങി കിടക്കുന്നവരിൽ എം എം മണിയും പി സി ജോർജ്ജും മാത്രമല്ലെന്ന് നമ്മുടെ രാഷ്ട്രീയമണ്ഡലം മാത്രമല്ല, സാമൂഹിക മാധ്യമ ലോകവും കാണിച്ചു തന്നിട്ടുണ്ട്. എന്നാൽ, സാധാരണ വ്യക്തികളോ സൈബർ ലോകത്തെ രാഷ്ട്രീയ പരികർമ്മികളോ കാണിക്കുന്ന വാക്ക് വിളയാട്ടങ്ങളെക്കാൾ അപകടകരമാണ്, എതിരാളികൾക്കെതിരെ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരെ നേതാക്കൾ നടത്തുന്ന അധിക്ഷേപങ്ങളും ആക്രോശങ്ങളും. അതിന് ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ തീവ്ര മതവാദ പാർട്ടികളെന്നോ വ്യത്യാസമില്ല. നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ‘നാവാൾ’ കൊണ്ട് മുറിവേൽക്കുന്നത് അവരുടെ രാഷ്ട്രീയ എതിരാളികളോ കുടുംബാംഗങ്ങളോ മാത്രമല്ല, കേരളം ഇതു വരെ നേടിയ സാംസ്കാരികവും ധാർമ്മികവുമായ പുരോഗതി കൂടിയാണ്.

മുഖ്യമന്ത്രിയായാലും പ്രതിപക്ഷ നേതാവായാലും ഇനി മുഖ്യമന്ത്രി പദം സ്വപ്നം കണ്ട് നടക്കുന്നവരായാലും വാക് പ്രയോഗങ്ങൾ അതിരു കടക്കുന്നത് ഉചിതമല്ല. പണ്ട് നർമ്മ രസത്തോടെയാണ് പലപ്പോഴും ഇത്തരം പ്രയോഗങ്ങൾ മുൻ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാർ നടത്തിയിരുന്നത്. എന്നാൽ, അത് അതിരു വിടുന്നു എന്ന് തോന്നിയ സന്ദർഭങ്ങളിൽ പാർട്ടി നിയന്ത്രണങ്ങളേർപ്പെടുത്തിയിട്ടുണ്ടെന്ന് മുതിർന്ന മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരും ഓർമ്മിക്കുന്നു. നായനാരുടെ ക്യാബിനറ്റ് ബ്രിഫിങ് സമയത്ത് ബേബി ജോൺ, ഇ ചന്ദ്രശേഖരൻ നായർ, ടി കെ രാമകൃഷ്ണൻ എന്നിവരൊക്കെ കൂടെ പങ്കെടുക്കുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. നായനാരുടെ വാക്ക് വിവാദങ്ങൾ ഒട്ടേറെയുണ്ട്. പലതും നായനാരായതു കൊണ്ടും അക്കാലമായതു കൊണ്ടും കടന്നു പോയി. എന്നിട്ടും ഒരു ക്യാബിനറ്റ് ബ്രീഫിങ്ങിൽ നായനാരും മാധ്യമ പ്രവർത്തകരും തമ്മിൽ വലിയ വാക്കേറ്റമുണ്ടായ സന്ദർഭവുമുണ്ടായി. ഉദയകുമാർ, പി ടി നാസർ എന്നിവരുടെ ചോദ്യങ്ങളോട് നിങ്ങൾ മാധ്യമങ്ങളെ പറ്റിക്കുകയായിരുന്നുവെന്നും നിങ്ങളോട് സത്യമായത് പറയേണ്ടതില്ല എന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട് എന്നോ മറ്റോ നായനാർ പറഞ്ഞതാണ് വലിയ വാക്ക് തർക്കത്തിനും വിവാദത്തിനും വഴിയൊരുക്കിയത്. അതിന് മുമ്പ് ചായ കുടിക്കുന്നത് പോലെയാണ് അമേരിക്കയിൽ ബലാൽസംഗം എന്ന് നടത്തിയ പ്രയോഗം വിവാദമായിരുന്നു. ഇങ്ങനെ വിവാദങ്ങളുടെ തോഴനായിരുന്നു നായനാർ. പക്ഷേ, അതിന് കൃത്യമായ അതിരും പരിഹാരക്രിയകളും നായനാർക്കും പാർട്ടിക്കും ഉണ്ടായിരുന്നു. ഇന്ന് അത്തരം കാര്യങ്ങളൊക്കെ പാർട്ടിക്ക് ഇല്ല. നായനാരെ പോലെയോ ജി സുധാകരനെ പോലെയോ അല്ലെങ്കിലും വാവിട്ട വാക്കുകളുടെ തമ്പുരാനാണ് കഴിഞ്ഞ ദിവസം വാക്കേറിൽ കാലിടറി മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്ന സജി ചെറിയാനും. പലപ്പോഴും അദ്ദേഹത്തിന്‍റെ വാഗ്‌വിലാസത്തിലെ ജനാധിപത്യവിരുദ്ധതയും ആധുനിക വിരുദ്ധതയുമൊക്കെ പലരും ചൂണ്ടിക്കാട്ടിയെങ്കിലും സാംസ്കാരിക മന്ത്രിയുടെ പരാമർശങ്ങളെ സംരക്ഷിക്കാനാണ് അണികളുടെ മഹാസംസ്കാരം യുദ്ധത്തിനിറങ്ങിയത്. ഇത്തവണ പക്ഷേ കൈവിട്ടുപോയി.മന്ത്രി സ്ഥാനവും തെറിച്ചു.

സജി ചെറിയാന് മുമ്പും വാക്ക് കൊണ്ട് കുടങ്ങിയവരുടെ എണ്ണം കുറവല്ല. ആർ ബാലകൃഷ്ണ പിള്ള, വയലാർ രവി, മുരളീധരൻ, എം എം മണി, ജി സുധാകരൻ, മുല്ലപ്പള്ളി, തുടങ്ങി ചെറുതും വലുതുമായ നേതാക്കൾ സ്വന്തം നാവിൽ കുടുങ്ങിയിട്ടുണ്ട്. ആർ ബാലകൃഷ്ണപിള്ള വലിയൊരു പൊതുയോഗത്തിൽ നടത്തിയ പ്രസംഗമാണ് മന്ത്രിസ്ഥാനം തെറിക്കുന്നതിലേക്ക് നയിച്ചതെങ്കിൽ സജി ചെറിയാന്‍റെ മന്ത്രി സ്ഥാനം തെറിച്ച വിവാദ പ്രസംഗം നടന്നത് അധികം ആളും പേരും ഒന്നും ഇല്ലാതിരുന്ന മാധ്യമ ശ്രദ്ധ ലഭിക്കാതിരുന്ന ഒരു പാർട്ടി പരിപാടിയിലാണ്.

ഈ സാഹചര്യം കൂടി പരിഗണിക്കുമ്പോൾ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്ക് ശരീരഭാഷയുടെയും വാക്ക് പ്രയോഗത്തിനും ഉൾപ്പടെ പരിശീലനം പുതിയ കാലത്തിന് അനുസൃതമായ പരിശീലനം നൽകേണ്ടതുണ്ട്. പാർട്ടിക്ലാസുകളും ചിന്തൻ ശിബിരങ്ങളും നടത്തുന്നവർ ഇത് കൂടി നടത്തുന്ന കാര്യം പരിഗണിക്കേണ്ടതാണ്. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവർ മറ്റേതെങ്കിലും പ്രവൃത്തിയോ ജോലിയോ ചെയ്യുന്നവരെ പോലെയല്ല. 24 x7 കർമ്മനിരതരാണ് അവർ, ഉറങ്ങുന്ന സമയത്ത് പോലും അവർ വിളിപ്പുറത്തുണ്ടാകുന്നവരാണ്. അതു കൊണ്ടു തന്നെ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് കൂടുതൽ ഊന്നൽ നൽകുന്ന രീതിയിലുള്ള സംവിധാനങ്ങൾ എല്ലാ പാർട്ടികളും നടപ്പാക്കണം. മന്ത്രിമാരുടെ സൗകര്യങ്ങളൊക്കെ ലഭിക്കുന്നവരില്‍ പോലും ദീർഘയാത്രകളും നീണ്ട ഫയൽ നോട്ടവും പ്രസംഗവുമൊക്കെ ഉണ്ടാക്കുന്ന ശാരീരികമായും മാനസികമായുമുള്ള സമ്മർദ്ദത്തില്‍പെടുന്നു. അതു കൊണ്ട് തന്നെ അവരുടെ ആരോഗ്യത്തിലെ നിസാര താളപ്പിഴകൾ പോലും പ്രതിസന്ധികളുണ്ടാക്കാം. ചിലർ പ്രസംഗിക്കുമ്പോൾ വാക്കുകൾ മാറിപ്പോകുന്നതും മറ്റും വിശ്രമമില്ലാതെ അവർ നടത്തുന്ന പ്രവർത്തനങ്ങളുടെ കൂടെ ഫലമാണ് എന്ന് മനസിലാക്കണമെന്നാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മന്ത്രിമാർക്ക് മാത്രമല്ല, ഏത് പാർട്ടിയുടെയും പൂർണ സമയ രാഷ്ട്രീയപ്രവർത്തകർക്ക് ബാധകമാണിത്. പ്രായമേറുമ്പോൾ അവർക്ക് വർദ്ധിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായിരിക്കും. രാഷ്ട്രീയ പ്രവർത്തകരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം കൂടെ സംരക്ഷിക്കുന്ന സംവിധാനങ്ങളുണ്ടാകണം.

അതിനായി, ആധുനിക കാലത്ത് രാഷ്ട്രീയ പ്രവർത്തകരും സ്മാർട്ട് ആകേണ്ടതുണ്ട്. പഴയ കാലത്തെ അധീശത്വ, ഏകാധിപത്യ അധികാര പ്രവണതകളിൽ നിന്നും കൂടുതൽ ആരോഗ്യകരമായ ജനാധിപത്യ ബോധത്തിലേക്ക് മാറേണ്ടതുണ്ട്. ഒപ്പം അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിച്ചു കൊണ്ട്, നൈതികതയിൽ അധിഷ്ടിതമായ സ്മാർട്ട് വർക്കിനായി രാഷ്ട്രീയക്കാരെ പരിശിലീപ്പിക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രീയ പ്രവർത്തകരുടെ ശരീര ഭാഷയും വാക് പ്രയോഗങ്ങളും നൈതികവും ആധുനിക സമൂഹത്തിനോട് സംവദിക്കാൻ ശേഷിയുള്ളതുമാക്കി മാറ്റുന്ന ഒരു ഫിനിഷിങ് സ്കൂൾ സർക്കാരിന് ആരംഭിക്കാവുന്നതാണ്. എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റിയും കിലയും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും ചേർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് വേണ്ടി തദ്ദേശഭരണത്തെ കുറിച്ച് നടത്തിയ സർട്ടിഫിക്കറ്റ് കോഴ്സ് ഉദാഹരണമാക്കിയെടുത്ത് ഒരു പരിശീലന പരിപാടിയോടോ കോഴ്സോ ആരംഭിക്കുന്ന കാര്യം സജീവമായി പരിഗണിക്കേണ്ട വിഷയമാണ്. പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലം വരെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രവർത്തകരെ സ്മാർട്ട് വർക്കിനായി പരിശീലിപ്പിക്കുന്ന ഫിനിഷിങ് സ്കൂൾ എന്ന കാഴ്ചപ്പാട് ഗൗരവമായി കാണേണ്ടതുണ്ട്. ഇതിനായി എസ് എൻ ഓപ്പൺ യൂണിവേഴ്സിറ്റി വഴി വിദ്യാഭ്യസ പദ്ധതി ആരംഭിക്കുന്ന കാര്യവും ഗൗരവബുദ്ധ്യാ സർക്കാരിന് പരിശോധിക്കാവുന്നതാണ്.

Read More Opinion Here

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Need of the hour is a finishing school for politicians