/indian-express-malayalam/media/media_files/uploads/2021/06/sedition-case-aisha-sultana-anticipatory-bail-application-in-hc-514544-FI.jpg)
ഫൊട്ടോ: ഫെയ്സ്ബുക്ക്/ ഐഷ ലക്ഷദ്വീപ്
കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ 'ബയോ വെപ്പണ്‍' പരാമര്‍ശത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആയിഷയുടെ ഹര്‍ജി നാളെ കോടതി പരിഗണിച്ചേക്കും.
ലക്ഷദീപ് സ്വദേശിയായ താൻ, ദ്വീപിൽ നടപ്പാക്കുന്ന പരിഷ്ക്കാരങ്ങൾക്കെതിരെയാണ് പ്രതികരിച്ചതെന്നും തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാനരഹിതമാണന്നും ഹർജിയിൽ പറയുന്നു. രാജ്യദ്രോഹ കുറ്റം നിലനിൽക്കില്ലന്നും വിദ്വേഷം പരത്തുന്നതോ സംഘർഷം സൃഷ്ടിക്കുന്നതോ ആയ പരാമർശങ്ങൾ ഒന്നും നടത്തിയിട്ടില്ലന്നും ആയിഷ ഹർജിയിൽ ബോധിപ്പിച്ചു.
Also Read: തളരില്ല, എന്റെ ശബ്ദം ഇനിയും ഉച്ചത്തിൽ ഉയരും; രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഐഷ സുൽത്താന
രാഷ്ട്രീയ ചർച്ചയിൽ വസ്തുതാപരമായ വിമർശനം മാത്രമേ നടത്തിയിട്ടുള്ളുവെന്നും തന്നെ തെറ്റായി കേസിൽപ്പെടുത്തിയിരിക്കുകയാണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേന്ദ്ര സർക്കാർ ദ്വീപിൽ ജൈവായുധം പ്രയോഗിച്ചുവെന്ന് ചാനൽ ചർച്ചയിൽ ഐഷ പറഞ്ഞതായാണ് പരാതിയിലെ ആരോപണം. കവരത്തി പൊലിസാണ് ഐഷയ്ക്കെതിരെ കേസെടുത്തത്.
പൊലീസ് കേസെടുത്തതിനു പിന്നാലെ ഫെയ്സുക്കിലൂടെ പ്രതികരണവുമായി ഐഷ രംഗത്തെത്തിയിരുന്നു. “എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. രാജ്യദ്രോഹ കുറ്റം. പക്ഷെ സത്യമേ ജയിക്കൂ. കേസ് കൊടുത്ത ബിജെപി നേതാവ് ലക്ഷദ്വീപ് സ്വദേശിയാണ്. അദ്ദേഹം ജനിച്ച മണ്ണിനെ ഒറ്റിക്കൊടുക്കുമ്പോള്‍ ഞാന്‍ ജനിച്ച മണ്ണിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കും. നാളെ ഒറ്റപ്പെടാൻ പോകുന്നത് ദ്വീപിനെ ഒറ്റിക്കൊടുത്ത ഒറ്റുകാര്‍ ആയിരിക്കും,” ഐഷ ഫെയ്സ്ബുക്കില്‍ കുറിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.