/indian-express-malayalam/media/media_files/HTbbqwknMznnUgrotdGQ.jpg)
ഫൊട്ടോ: സജി ചെറിയാൻ ഫെയ്സ്ബുക്ക്
തിരുവനന്തപുരം: ബിഷപ്പുമാർക്കെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പരാമർശങ്ങക്കെതിരെ വിമർശനവുമായി ബിഷപ്പ് കൗൺസിൽ. പ്രധാനമന്തിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത മതമേലധ്യക്ഷൻമാർക്കെതിരെയുള്ള മന്ത്രിയുടെ പരാമർശങ്ങളാണ് സംസ്ഥാനത്തെ ബിഷപ്പുമാരുടെ കൂട്ടായ്മയായ കേരള കാത്തലിക് ബിഷപ്പ് കൗൺസിലിനെ ചൊടിപ്പിച്ചത്. മന്ത്രിസ്ഥാനത്തിന് നിരക്കാത്ത പ്രസ്താവനയാണ് സജി ചെറിയാൻ നടത്തിയിരിക്കുന്നതെന്ന് കൗൺസിൽ സെക്രട്ടറി ഫാ.ജേക്കബ് പാലക്കപ്പള്ളി പറഞ്ഞു. "അദ്ദേഹത്തിന് വിമർശിക്കാൻ എല്ലാ അവകാശവുമുണ്ട്. എന്നാൽ മന്ത്രിയെന്ന നിലയിൽ കൂടുതൽ മാന്യമായ വാക്കുകളും ഭാഷയും ഉപയോഗിക്കണമായിരുന്നു. വൈൻ കുടിച്ചാൽ ആവേശം കൊള്ളുന്നവരാണോ ബിഷപ്പുമാരെന്ന് മന്ത്രി ചിന്തിക്കണമെന്നും മന്ത്രിയെ വിമർശിച്ചുകൊണ്ട് ജേക്കബ് പാലക്കപ്പള്ളി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാർക്കെതിരെ കഴിഞ്ഞ ദിവസമാണ് വിമർശനവുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തിയത്. ക്രിസ്മസ് ദിനത്തിലെ വിരുന്നിനായി ബി ജെ പി യും പ്രധാനമന്ത്രിയും ക്ഷണിച്ചപ്പോൾ ചിലരൊക്കെ വല്ലാതെ മതിമറന്നുപോയി. അവിടെ ലഭിച്ച വീഞ്ഞിന്റേയും കേക്കിന്റേയും രുചിയിൽ മതിമറന്ന മതമേലദ്ധ്യക്ഷൻമാർ മണിപ്പൂരിനെ മറന്നുവെന്നും അവർക്കാർക്കും ആ വിഷയത്തിലെ ഒരു പരാതിയും അവിടെ ഉന്നയിക്കാൻ തോന്നിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. ഇതിന് മറുപടിയുമായാണ് ഇപ്പോൾ ബിഷപ്പ് കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത്.
ആലപ്പുഴയിൽ സിപിഎം പരിപാടിക്കിടെയായിരുന്നു ബിഷപ്പുമാർക്കെതിരെയുള്ള മന്ത്രിയുടെ വിമർശനം. ഇതൊന്നും ചോദ്യം ചെയ്യാൻ ആരാണുള്ളതെന്നും കോൺഗ്രസ് എവിടെയാണുള്ളതെന്നും സജി ചെറിയാൻ ചോദിച്ചു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ വിജയം നേടുമെന്നും 2026 ലും കേരളം എൽ ഡി എഫ് തന്നെ ഭരിക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു.
ബിജെപിയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗും ഉൾപ്പെടെ വിവിധ പാർട്ടി നേതാക്കൾ പങ്കെടുത്ത ക്രിസ്മസ് ആഘോഷത്തെ വിമർശിച്ചതിന് പിന്നാലെ സിപിഐഎം പിന്തുണയുള്ള നിയമസഭാംഗം കെ ടി ജലീലിനെതിരെയും കെസിബിസി അടുത്തിടെ രംഗത്തെത്തിയിരുന്നു.
ക്രിസ്മസിനോടനുബന്ധിച്ച് പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ രാജ്യത്തെ പ്രധാനപ്പെട്ട ബിഷപ്പുമാരടക്കം പങ്കെടുത്തിരുന്നു. സമാനമായ രീതിയിൽ കേരളത്തിലും പല സ്ഥലങ്ങളിലും ബി ജെ പി മതമേലദ്ധ്യൻമാരെ ഉൾപ്പെടുത്തി സ്നേഹവിരുന്നുകൾ സംഘടിപ്പിക്കുകയും ക്രിസ്മസിനോട് അനുബന്ധിച്ച് നടന്ന ആരാധനകളിൽ ബി ജെ പി നേതാക്കൾ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിഷപ്പുമാർക്കെതിരെയുള്ള മന്ത്രിയുടെ പരാമർശങ്ങളും അതിനെതിരെയുള്ള മതമേലധ്യക്ഷൻമാരുടെ കൂട്ടായ്മയുടെ പ്രതികരണവും എന്നതും ശ്രദ്ധേയമാണ്.
ReadMore:പുതുവർഷ പുലരിയിൽ പുതുതുടക്കവുമായി ഐഎസ്ആർഒ; ഒപ്പം കേരളത്തിന്റെ പെൺകരുത്തും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.