/indian-express-malayalam/media/media_files/uploads/2019/11/ramesh-chennithala-pinarayi-vijayan.jpg)
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് അന്തസുണ്ടെങ്കിൽ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പുചോദിക്കുകയാണ് വേണ്ടതെന്ന് ചെന്നിത്തല പറഞ്ഞു.
"ധൈര്യമുണ്ടോ, പിണറായിക്ക് കഴിഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് പറയാൻ? ഞാൻ വെല്ലുവിളിക്കുകയാണ്. പിണറായി വിജയന് അന്തസുണ്ടെങ്കിൽ കഴിഞ്ഞ നിലപാട് തെറ്റിപ്പോയെന്നു പറഞ്ഞ് ജനങ്ങളോട് മാപ്പുചോദിക്കുകയാണ് വേണ്ടത്. നാട്ടിലെ ജനങ്ങളോട് സത്യം പറയണം. വനിതാമതിൽ പിടിച്ചത് തെറ്റായിപ്പോയെന്ന് പറയണം,” ചെന്നിത്തല പറഞ്ഞു.
Read More: ശബരിമലയിൽ വിധി വരട്ടെ; എല്ലാവരോടും ചർച്ച ചെയ്ത് തീരുമാനിക്കുമെന് മുഖ്യമന്ത്രി
കേരളത്തിലെ വിശ്വാസ സമൂഹത്തെ വീണ്ടും മുഖ്യമന്ത്രി വഞ്ചിക്കുകയാണ്. അവരുടെ മുറിവിൽ മുളക് തേക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
“ഈ കബളിപ്പിക്കൽ നിർത്തിക്കൂടേ? എത്ര നാളായി കബളിപ്പിക്കൽ. ദേവസ്വം മന്ത്രി മാപ്പു ചോദിക്കുന്നു. മുഖ്യമന്ത്രി മൗനം പാലിക്കുന്നു. യച്ചൂരി പഴയ നിലപാടിൽ ഉറച്ചുനിൽക്കുന്നു. പിണറായി വിജയൻ അഴകൊഴമ്പൻ നിലപാട് സ്വീകരിക്കുന്നു."
"നവോത്ഥാന നായകന്റെ കപട വേഷം കേരളത്തിലെ മുഖ്യമന്ത്രീ, അങ്ങ് അഴിച്ചുവയ്ക്കുകയാണ് വേണ്ടത്. അന്തസുണ്ടെങ്കിൽ പിണറായി വിജയൻ ജനങ്ങളോട് മാപ്പുചോദിക്കണം. അഫിഡവിറ്റ് തിരുത്തിക്കൊടുക്കണം. അതിന് തയ്യാറുണ്ടോ?," അഫിഡവിറ്റ് തിരുത്തിയില്ലെങ്കിൽ വിശ്വാസികൾക്കെതിരായ വിധി സുപ്രിം കോടതിയിൽ നിന്ന് ഉണ്ടാവും. അതുകൊണ്ട് വിശ്വാസികളോട് താത്പര്യമുണ്ടെങ്കിൽ അഫിഡവിറ്റ് തിരുത്തിക്കൊടുക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം, തിരഞ്ഞെടുപ്പടുത്തപ്പോൾ കോൺഗ്രസും ബിജെപിയും മനഃപൂർവം ശബരിമല ചർച്ചാ വിഷയമാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി എതിരാണെങ്കിൽ എല്ലാവരോടും ചർച്ച ചെയ്യും. ശബരിമലയിലെ കാര്യങ്ങൾ നിലവിൽ ഭംഗിയായി നടക്കുന്നുണ്ട്. സുപ്രിം കോടതി വിധി വന്നശേഷം ബാക്കി കാര്യങ്ങൾ നോക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.