മലപ്പുറം: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസും ബിജെപിയും മനഃപൂർവം ശബരിമല ചർച്ചാ വിഷയമാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി എതിരാണെങ്കിൽ എല്ലാവരോടും ചർച്ച ചെയ്യും. ശബരിമലയിലെ കാര്യങ്ങൾ നിലവിൽ ഭംഗിയായി നടക്കുന്നുണ്ട്. സുപ്രീം കോടതി വിധി വന്നശേഷം ബാക്കി കാര്യങ്ങൾ നോക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് കോൺഗ്രസ്-ബിജെപി ധാരണ ശക്തമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബിജെപിയുടെ ബി ടീമായി യുഡിഎഫ് മാറി. മുപ്പത്തിയഞ്ച് സീറ്റ് ലഭിച്ചാൽ ബിജെപി ഭരിക്കുമെന്ന പ്രചാരണം യുഡിഎഫിനെ ലക്ഷ്യം വച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വികസനം തകർന്നാലും കുഴപ്പമില്ലെന്ന സമീപനമാണ് ബിജെപിയും കോൺഗ്രസും സ്വീകരിക്കുന്നത്. ജയിക്കാൻ ഒരു വർഗീയ ശക്തികളുടേയും പിന്തുണ വേണ്ട. നാല് വോട്ടിന് വേണ്ടി അവസരവാദം പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശന വിധിയെ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളിൽ വേദനയുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ശബരിമലയിൽ സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.
ശബരിമലയിലെ സിപിഎം നിലപാട് ശരിയാണെന്ന് യെച്ചൂരി ആവർത്തിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് സുപ്രീം കോടതിയാണ്. കോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. കേരളത്തിൽ അതാണ് നടന്നത്. കോടതി വിധി നടപ്പിലാക്കിയില്ലെങ്കിൽ അത് കോടതിയലക്ഷ്യമാകുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.