/indian-express-malayalam/media/media_files/uploads/2019/06/M-Vincent-MLA.jpg)
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതിനു പിന്നാലെ നിയമസഭയിലും സ്വകാര്യ ബില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ്. ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് എംഎല്‍എ എം.വിന്‍സെന്റ് രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് വിന്‍സെന്റ് സ്പീക്കര്‍ ശ്രീരാമകൃഷ്ണന് കത്ത് നല്‍കിയിട്ടുണ്ട്.
Read Also: ‘ശബരിമലയില്‍ ഓര്‍ഡിനന്‍സോ?’; കടമ്പകള്‍ ഏറെയുണ്ടെന്ന് ബിജെപി
ബില്‍ ഭരണഘടനാ വിരുദ്ധമാണോയെന്ന് പരിശോധിക്കേണ്ടത് സഭയല്ല മറിച്ച് കോടതിയാണെന്ന് വിന്‍സെന്റ് കത്തില്‍ ചൂണ്ടിക്കാട്ടി. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കാന്‍ നേരത്തെ ലോക്‌സഭയില്‍ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭയിലും ബില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചത്. കോണ്‍ഗ്രസ് പിന്തുണയോടെ എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയാണ് ലോക്‌സഭയില്‍ ബില്‍ കൊണ്ടുവന്നത്. ശബരിമലയിൽ തൽസ്ഥിതി തുടരണമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും പതിവുപോലെ തുടരണമെന്നുമാണ് ബില്ലിലെ പ്രധാന ആവശ്യം.
Read Also: ‘ഇത് ബിജെപിയെ പ്രതിരോധത്തിലാക്കും’: ശബരിമല ബില്ലിനെ കുറിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍
അതേസമയം, ശബരിമല വിഷത്തിൽ ഓർഡിനൻസ് കൊണ്ടുവരണമെങ്കിൽ ഏറെ കടമ്പകൾ ഉണ്ടെന്നാണ് ബിജെപി പറയുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞിരുന്നു. ശബരിമല യുവതീ പ്രവേശനത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഏറെ കടമ്പകളുണ്ടെന്ന് റാം മാധവ് പറഞ്ഞു. സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി മറികടക്കുക അസാധ്യമാണ്. എങ്കിലും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും കഴിയുന്നതെല്ലാം ചെയ്യുമെന്നും റാം മാധവ് ഉറപ്പ് നല്‍കി.
കേന്ദ്രത്തിൽ ബിജെപി നേതൃത്വം നൽകുന്ന സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ഓർഡിനൻസ് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ആലോചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും നേരത്തെ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഇക്കാര്യം ഉയർത്തിക്കാട്ടിയാണ് ദക്ഷിണേന്ത്യയിൽ ബിജെപി വോട്ട് ചോദിച്ചത്.
യുഡിഎഫ് സർക്കാർ കേരളത്തിൽ അധികാരത്തിലെത്തിയാൽ ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഓർഡിനൻസ് ഇറക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രധാന പ്രചാരണ വിഷയമാക്കിയാണ് യുഡിഎഫ് വോട്ട് ചോദിച്ചത്. സുപ്രീം കോടതി വിധി വന്നതിനു ശേഷം ശബരിമല യുവതീ പ്രവേശനത്തിനെതിരെ കോൺഗ്രസ് ഏറെ പ്രതിഷേഘ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.