ന്യൂഡൽഹി: ശബരിമലയിലെ യുവതീ പ്രവേശനം തടയാൻ സ്വകാര്യ ബില്ല് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എൻ.കെ.പ്രേമചന്ദ്രൻ എംപി. വെള്ളിയാഴ്ചയാണ് ബില്ല് ലോക്സഭയിൽ അവതരിപ്പിക്കുക. ശബരിമലയിൽ തൽസ്ഥിതി തുടരണമെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും പതിവുപോലെ തുടരണമെന്നുമാണ് ബില്ലിലെ പ്രധാന ആവശ്യം. യുവതീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ല് ലോക്സഭയിലെത്തുമ്പോൾ അത് കേരള രാഷ്ട്രീയത്തിലും ഏറെ ചർച്ചകൾക്ക് കാരണമാകും. വീണ്ടും കേരളം ശബരിമല വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കാൻ പോകുന്ന സ്വകാര്യ ബില്ലിനെ കുറിച്ചും അതിന്റെ സാധ്യതകളെ കുറിച്ചും എൻ.കെ.പ്രേമചന്ദ്രൻ എംപി ഇന്ത്യൻ എക്‌സ്‌പ്രസിനോട് സംസാരിക്കുന്നു…

സ്വകാര്യ ബില്ലുകൾ ഭൂരിഭാഗവും തള്ളിപോകുകയല്ലേ ചെയ്തിരിക്കുന്നത് ?

സ്വകാര്യ ബില്ല് സഭയിൽ പാസാകാന്‍ ബുദ്ധിമുട്ടാണ്. പൂർണമായും തള്ളി പോകും എന്ന് പറയാൻ സാധിക്കില്ല. ചർച്ചകൾ നടക്കുമല്ലോ. ട്രാന്‍സ്ജന്‍ഡേഴ്‌സ് ബില്‍ രാജ്യസഭയില്‍ പാസായിട്ടില്ലേ. അതൊരു സ്വകാര്യ ബില്ലായിരുന്നു. സ്വകാര്യ ബില്‍ ഒരു ആയുധമാണ്. പാസാകുമോ തള്ളി പോകുമോ എന്നൊന്നും ആലോചിച്ചല്ല ബില്ല് അവതരിപ്പിക്കുന്നത്. സഭയിൽ ചർച്ചകൾ നടക്കട്ടെ. അതിനുശേഷമല്ലേ മറ്റ് കാര്യങ്ങൾ പറയാൻ പറ്റൂ.

ഇക്കാര്യത്തിൽ യുഡിഎഫിന്റെ നിലപാട്?

ശബരിമല യുവതീ പ്രവേശനത്തില്‍ നിയമനിര്‍മാണം നടത്തും എന്നത് യുഡിഎഫിന്റെ പൊതുതീരുമാനമാണ്. ഓര്‍ഡിനന്‍സ് ഇറക്കണം എന്നത് യുഡിഎഫിന്റെ പൊസിഷനാണ്. തിരഞ്ഞെടുപ്പിന് ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചാണ് ജനങ്ങളില്‍ നിന്ന് വോട്ട് ചോദിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നാണ് യുഡിഎഫിന്റെ ആവശ്യം. ഓർഡിനൻസ് ഇറക്കാൻ സംസ്ഥാന സർക്കാരിന് സ്വാതന്ത്ര്യമുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷവും ഇതേ കുറിച്ച് യുഡിഎഫ് ആലോചിച്ചിട്ടുണ്ട്. യുഡിഫ് ഏകകണ്‌ഠേന എടുത്ത തീരുമാനമാണ് ശബരിമല യുവതീ പ്രവേശനത്തിലെ ബില്‍.

ആർ.എസ്.പിയുടെ നിലപാട്?

ആർ.എസ്.പിക്കും ഇതേ നിലപാടാണ്. ബില്ലിനെ കുറിച്ചെല്ലാം പാർട്ടിയിലും ആലോചിക്കുകയും ചർച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

സഭയിലെ ബിജെപി അംഗങ്ങളുമായി ഇതേ കുറിച്ച് ചർച്ച ചെയ്തോ?

ഈ ബില്ലിനെ കുറിച്ച് ബിജെപി അംഗങ്ങളോട് സംസാരിക്കേണ്ട ആവശ്യം ഇല്ല. യുഡിഎഫ് ബില്ല് അവതരിപ്പിക്കുന്നതിന് ബിജെപി അംഗങ്ങളോട് ആലോചിക്കുന്നത് എന്തിനാണ്. ബില്ല് തള്ളി പോകുമോ എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. ചര്‍ച്ച ചെയ്ത ശേഷമല്ലേ തള്ളി പോകുകയുള്ളൂ. ചര്‍ച്ച ചെയ്യുമ്പോള്‍ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും നിലപാട് പറയേണ്ടി വരും. ബിജെപിക്ക് ബില്ലിനെ എതിര്‍ക്കാന്‍ പറ്റുമോ? ബിജെപി സ്വന്തം നിലപാട് സഭയില്‍ പറയേണ്ടി വരുമല്ലോ. ശബരിമല യുവതീ പ്രവേശന ബില്ല് തള്ളിയാല്‍ കേരളത്തില്‍ ബിജെപിക്ക് പിന്നെ എന്ത് അടിസ്ഥാനമാണുള്ളത്. ശബരിമല ബില്ല് ചര്‍ച്ചയ്ക്ക് വന്നാല്‍ ബിജെപി പ്രതിരോധത്തിലാകും. വലിയ രാഷ്ട്രീയ ചലനമുണ്ടാക്കാന്‍ സാധ്യതയുള്ള ബില്ലാണിത്. ബിജെപിയെ കൂടി പ്രതിരോധത്തിലാക്കുകയാണ് ബില്ലിലെ രാഷ്ട്രീയം. അതുകൊണ്ടാണല്ലോ കേരളത്തില്‍ ജനം ടിവി ഒഴികെ മറ്റ് ചാനലുകള്‍ ബില്ല് അവതരിപ്പിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കാണിക്കുന്നത്.

കോടതി വിധിയെ മാനിക്കേണ്ടേ?

സുപ്രീം കോടതി വിധിക്കെതിരായ എത്രയോ ബില്ല് നമ്മള്‍ പാസാക്കിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ ബില്ല് സുപ്രീം കോടതി വിധിക്ക് എതിരായാണല്ലോ നിയമസഭയിൽ പാസാക്കിയത്. ശബരിമലയുടെ കാര്യത്തില്‍ പറയുകയാണെങ്കിൽ വിശ്വാസം എന്നത് യുക്തിസഹമല്ലല്ലോ. വിശ്വാസത്തിന്റെ ശരി തെറ്റുകളെ കുറിച്ചും അതിലെ യുക്തിയെ കുറിച്ചും സംസാരിക്കുകയാണെങ്കില്‍ വിശ്വാസം തന്നെ ഇല്ല. ഇതിന് സ്ത്രീ സമത്തവുമായി ബന്ധമില്ല.

Read Also: ശബരിമല യുവതീപ്രവേശനം ലോക്‌സഭയില്‍; സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എന്‍.കെ.പ്രേമചന്ദ്രന്‍

സ്വകാര്യ ബില്‍ അവതരിപ്പിക്കാനാണ് പ്രേമചന്ദ്രൻ എംപി അനുമതി തേടിയിരിക്കുന്നത്. ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്ന് ബില്ലില്‍ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയാണ് ബില്‍ അവതരിപ്പിക്കാന്‍ അനുമതി ലഭിച്ചിരിക്കുന്നത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി നിലനില്‍ക്കെയാണ് ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ യുഡിഎഫ് നീക്കം നടത്തുന്നത്.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരിമല യുവതീപ്രവേശനം ലോക്‌സഭയില്‍ ഉന്നയിക്കുമെന്നും ബില്‍ കൊണ്ടുവരാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ നിലപാട് ശക്തമാക്കുമെന്നും യുഡിഎഫും കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.

Read Also: ശബരിമല വിഷയത്തില്‍ ബിജെപിയും യുഡിഎഫും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചെന്ന് യെച്ചൂരി

പതിനേഴാം ലോക്‌സഭയിലെ ആദ്യ ബില്‍ അവതരണമായിട്ടാണ് എന്‍.കെ.പ്രേമചന്ദ്രന്റെ ബില്ലിന് അനുമതി നല്‍കിയിരിക്കുന്നത്. നിലവില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി നിലനില്‍ക്കണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം.

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്ന വിധി സെപ്റ്റംബര്‍ 28 നാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. അഞ്ചംഗ ഭരണഘടനാ ബഞ്ചിലെ നാല് പേര്‍ യുവതീ പ്രവേശനത്തെ പിന്തുണച്ച് വിധി എഴുതിയപ്പോള്‍ ഒരു ജഡ്ജി മാത്രമാണ് അതിനെ എതിര്‍ത്തത്.

Read Also: ശബരിമലയില്‍ നിയമനിര്‍മ്മാണം വേണം; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്നും ശ്രീധരന്‍പിള്ള

യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും കേരളത്തില്‍ പ്രത്യക്ഷമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ വിഷയവും ശബരിമല തന്നെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തിയപ്പോള്‍ ശബരിമലയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നിരവധി തവണ നടത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.