/indian-express-malayalam/media/media_files/uploads/2021/06/High-Court-of-Kerala-FI.jpg)
കൊച്ചി: ഹലാല്‍ ശര്‍ക്കര വിവാദത്തില്‍ ഹര്‍ജിക്കാരനു ഹൈക്കോടതിയുടെ വിമര്‍ശം. എന്തറിഞ്ഞിട്ടാണു കോടതിയിലെത്തിയതെന്നും ഹലാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം അറിയാമോയെന്നും കോടതി ആരാഞ്ഞു.
ഹലാല്‍ എന്താണെന്ന് മനസിലാക്കാതെയാണ് ഗുരുതര സ്വഭാവമുള്ള ആക്ഷേപം ഉന്നയിച്ചിരിക്കുന്നതെന്നും കാര്യങ്ങള്‍ പരിശോധിക്കാതെയാണോ ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്നും കോടതി ആരാഞ്ഞു. ഹലാല്‍ നല്‍കുന്നതിനു സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡുണ്ടെന്നും ഉയര്‍ന്ന നിലവാരം ഉറപ്പാക്കുന്നതാണോ കുഴപ്പമെന്നും കോടതി ചോദിച്ചു.
ശബരിമലയില്‍ പ്രസാദം നിര്‍മാണത്തിനു ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ശര്‍ക്കര ഉപയോഗിച്ചെന്നും ഇത് ഹൈന്ദവ വിശ്വാസത്തിനെതിരാണെന്നും ചൂണ്ടിക്കാട്ടി എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി എസ് ജെ ആര്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസുമാരായ അനില്‍ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്.
ഹര്‍ജി വിശദമായി കേള്‍ക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ആരോപണങ്ങള്‍ ഉന്നയിച്ച സാഹചര്യത്തില്‍ ശര്‍ക്കര വിതരണം ചെയ്ത കമ്പനിയെയും ലേലത്തിനെടുത്ത കരാറുകാരനെയും കേള്‍ക്കണമെന്നു കോടതി വ്യക്തമാക്കി. ഇവരെ കക്ഷി ചേര്‍ക്കാന്‍ ഹര്‍ജിക്കാരനോട്
കോടതി നിര്‍ദേശിച്ചു.
AlsoRead: സിപിഎം പ്രവർത്തകനെ കാണാനില്ലെന്ന് പരാതി; പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി
പ്രസാദം നിര്‍മ്മാണത്തിനു പുതിയ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്നും ഹര്‍ജി തീര്‍ത്ഥാടനം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണന്നും ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ ജി ബിജു അറിയിച്ചു. മൃഗങ്ങളുടെ മാംസവും കൊഴുപ്പും ഒഴിവാക്കിയുള്ളതാണ് ഹലാല്‍ സര്‍ട്ടിഫിക്കറ്റെന്നും കാര്യങ്ങള്‍ മനസിലാക്കാതെയാണ് ഹര്‍ജിയെന്നും വ്യക്തമാക്കി.
അപ്പം, അരവണ നിര്‍മാണത്തിന് ഏറ്റവും പുതിയ ശര്‍ക്കരയാണ് ഉപയോഗിക്കുന്നതെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ കോടതിയെ അറിയിച്ചു. നൂറ് ശതമാനം ശുദ്ധിയുള്ളതാണ് ശര്‍ക്കര. കര്‍ശന നിലവാര പരിശോധനയ്ക്കു ശേഷമാണ് ശര്‍ക്കര സന്നിധാനത്തേക്ക് അയയ്ക്കുന്നത്. നിര്‍മാണത്തിനു ശേഷം ഗുണനിലവാരം ഉറപ്പാക്കിയാണ് വിതരണം ചെയ്യുന്നതെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ വിശദീകരിച്ചു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.