/indian-express-malayalam/media/media_files/uploads/2020/07/S-Ramachaandran-Pillai-.jpg)
തിരുവനന്തപുരം: താൻ ആർഎസ്‌എസ് ശാഖയിൽ പോയിട്ടുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള. ആർഎസ്‌എസുമായി ബന്ധമുണ്ടായിരുന്നത് 15 വയസുവരെ മാത്രമാണെന്നും അവരുടെ ആശയങ്ങൾ തെറ്റാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആ ബന്ധം ഉപേക്ഷിച്ചെന്നും എസ്‌ആർപി പറഞ്ഞു.
എസ്.രാമചന്ദ്രൻപിള്ള ആർഎസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "പതിനഞ്ച് വയസുവരെ ആർഎസ്എസ് ശാഖയില്‍ പോയിരുന്നു. തെറ്റ് തിരിച്ചറിഞ്ഞപ്പോൾ തിരുത്തി. ആർഎസ്‌എസ് ആശയങ്ങൾ ശരിയല്ലെന്ന് തോന്നിയതോടെ തിരുത്തുകയായിരുന്നു. മനുഷ്യരാകെ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന പൊതുബോധം വന്നു. പതിനാറാം വയസ് മുതൽ കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു തുടങ്ങി. സ്റ്റുഡന്റ്സ് ഫെഡറേഷന്റെയും ഭാഗമായി. 1956ൽ തന്റെ പതിനെട്ടാമത്തെ വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ അംഗമായി" എസ്‌ആർപി പറഞ്ഞു.
നിലവിലെ സിപിഎം നേതാക്കളിൽ മാന്യതയുടെ മുഖമുള്ള നേതാവാണ് രാമചന്ദ്രൻപിള്ളയെന്നും അതിന് കാരണം ആർഎസ്എസ് ബന്ധമാണെന്നുമായിരുന്നു ബിജെപി മുഖപത്രം ജന്മഭൂമിയിലെ അവകാശവാദം.
Read Also: സന്തോഷം വന്നാൽ എഫ്എം റേഡിയോ ഓൺ ചെയ്തുവെച്ചത് പോലെയാണ് മിയ: ഭാവിവരൻ പറയുന്നു
അതേസമയം, കോൺഗ്രസിനുള്ളിലെ സർസംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ആരോപിച്ചു. ആർഎസ്എസിനേക്കാൾ നന്നായി അവരുടെ കുപ്പായം അണിയുന്നയാളാണ്. ആർഎസ്എസിന്റെ ഹൃദയത്തുടിപ്പായ നേതാവാണ് ചെന്നിത്തലയെന്നും കോടിയേരി വിമർശിച്ചു. ദേശാഭിമാനി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമര്‍ശനങ്ങള്‍.
Read Also: ചെന്നിത്തല കോണ്‍ഗ്രസിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലക്: കോടിയേരി
“അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത്. ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എൽഡിഎഫിനെയും വിശിഷ്യാ സിപിഐഎമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ മെനയാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്,”കോടിയേരി വിമർശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.