/indian-express-malayalam/media/media_files/uploads/2021/11/sanjith-1.jpg)
പാലക്കാട്: എലപ്പുള്ളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ സഞ്ജിത്ത് വധക്കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.
"സഞ്ജിത്തിനെ വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ വ്യക്തിയാണ് പിടിയിലായിരിക്കുന്നത്. ഇയാള്‍ എസ് ഡി പി ഐയുടെ പ്രവര്‍ത്തകനും, നേതൃത്വനിരയിലുള്ളയാളുമാണ്. കഴിഞ്ഞ ദിവസമാണ് ഇയാളെ ചെറുപുളശേരിയില്‍ നിന്ന് പടികൂടിയത്. കേസില്‍ ഇനി രണ്ട് പേരാണ് പിടിയിലാകാനുള്ളത്," പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം എസ് ഡി പി ഐയുടെ മുതലമട പഞ്ചായത്ത് സെക്രട്ടറി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിനായി പ്രതികള്‍ക്ക് വാഹനസഹായം നല്‍കിയത് നസീറാണെന്നാണ് പൊലീസ് പറയുന്നത്. ഗൂഡാലോചനയിലും നസീറിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കൊല്ലങ്കോട് നിന്നായിരുന്നു ഇയാളെ പിടികൂടിയത്.
നവംബര്‍ 15 ന് രാവിലെ ഒൻപതോടെയായിരുന്നു കൊലപാതകം നടന്നത്. ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെയാണു സഞ്ജിത്ത് ആക്രമിക്കപ്പെട്ടത്. ഭാര്യയുടെ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു ഇരുവരും. കാറിലെത്തിയ സംഘം സഞ്ജിത്തിനെ ബൈക്കിൽനിന്നു ബലം പ്രയോഗിച്ച് റോഡിലേക്കു വലിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Also Read: നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി; സ്കൂളുകൾ അടയ്ക്കും, ബസുകളിലും മെട്രോകളിലും 50 ശതമാനം യാത്രക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.