/indian-express-malayalam/media/media_files/TBfVW8h2cKCOB7M2OBve.jpg)
പാർട്ടിക്കുള്ളിലും മുന്നണിക്കുള്ളിലും കലഹിക്കുന്നതിലും കലഹം തീർത്ത് കൈക്കൊടുക്കുന്നതിലും അനിതരസാധരണമായ പാടവം കാണിച്ച നേതാവായിരുന്നു കാനം. മുന്നണിയിലെ പ്രശ്നങ്ങളിൽ ഇടപെട്ടിരുന്ന പോലെ തന്നെ പാർട്ടിയിലും വിഭാഗീമായ നിലപാടുകളിലും കാനം തന്റെ നിലപാടുകൾ കർക്കശമായി സ്വീകരിച്ചിരുന്നു.
യുവ നേതാവായി തിളങ്ങിക്കൊണ്ടാണ് കാനം രാജേന്ദ്രൻ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെ ശ്രദ്ധാ കേന്ദ്രമാകുന്നത്. തന്റെ 19 ആം വയസ്സിൽ സി പി ഐ യുടെ യുവജന സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായി. കേരളത്തിലെ യുവജന സംഘടനകളുടെ ചരിത്രം തിരുത്തിയാണ് അദ്ദേഹം ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായത്. 21–ാം വയസ്സിൽ സിപിഐ അംഗമായി. 26–ാം വയസ്സിൽ സംസ്ഥാന കമ്മിറ്റി അംഗമായി.
1980 കളിൽ കേരളത്തിലെ ശ്രദ്ധിക്കപ്പെട്ട യുവ നേതാക്കളുടെ പട്ടികയിൽ പ്രമുഖനായിരുന്നു കാനം. എഐവൈഎഫിലൂടെ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം 1982 ലും 1987ലും വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി.
1982-87 കാലഘട്ടത്തിൽ പ്രതിപക്ഷ എംഎൽഎ ആയിരിന്നിട്ടും അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ ഏറെ വാത്സല്യത്താടെ ഇടപെട്ടിരുന്ന യുവ നേതാവായിരുന്നു കാനം. തൊഴിലാളി ക്ഷേമനിധി ബിൽ അവതരപ്പിച്ചതാണ് (സ്വകാര്യ ബില്ലായി) അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രധാനപ്പെട്ട ഇടപെടലുകളിലൊന്ന്. പിന്നീടുള്ള പ്രവർത്തനങ്ങളുടെ തുടക്കം ഈ ബില്ലിൽ കാണാനാകും.
1990കളോടെ അദ്ദേഹത്തിന്റെ പ്രവർത്തന മേഖല തൊഴിലാളി സംഘടനാ രംഗത്തേക്ക് മാറി. എം എ ടി യു സി ജനറൽ സെക്രട്ടറിയായി സജീവമായിരിക്കെയാണ് അപ്രതീക്ഷതമായി വീണ്ടും പാർട്ടിയിലെ പ്രധാന റോളിലേക്ക് കടന്നു വന്നത്. സി പി ഐ സംസ്ഥാന സെക്രട്ടറി പദത്തിലെത്തിയ കാനം നിലവിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും എഐടിയുസി ദേശീയ വൈസ് പ്രസിഡന്റുമായിരുന്നു.
സിനിമ, ടെലിവിഷൻ അതിഥി തൊഴിലാളി തുടങ്ങി നിരവധി അസംഘടിത മേഖലകളിൽ തൊഴിലാളികളെ സംഘടിപ്പിച്ചു യൂണിയൻ ഉണ്ടാക്കുന്നതിന് കാനം നേതൃത്വം നൽകി.
സി കെ ചന്ദ്രപ്പൻ നിര്യാതനായതിനെ തുടർന്ന് കാനത്തെ സെക്രട്ടറിയാക്കാൻ ഒരു വിഭാഗം മുന്നോട്ട് വന്നുവെങ്കിലും സി ദിവാകരനെ തുണച്ചും ഒരുപക്ഷം രംഗത്തെത്തി. തുടർന്ന് പന്ന്യൻ രവീന്ദ്രനെ സെക്രട്ടറിയാക്കുകയായിരുന്നു. അതിന് ശേഷം 2015 ൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് കാനം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 2015ൽ സി പി ഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം ഇതു വരെ തുടർച്ചയായി ആ പദവിയിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
കലഹിച്ചും കൈ കൊടുത്തും ശ്രദ്ധേയനായ കാനം
സി പി ഐ ഇടതുപക്ഷത്തോടൊപ്പം നിൽക്കുമ്പോഴും കോൺഗ്രസിനോട് മൃദു സ്വാഭവം പുലർത്തുന്ന വിഭാഗത്തിലെ നേതാവ് എന്ന നിലയിലാണ് സി കെ ചന്ദ്രപ്പനെ പോലെ കാനം രാജേന്ദ്രനും അറിയപ്പെട്ടിരുന്നത്. എ ഐ വൈ എഫ് കാലം മുതൽ സി കെ ചന്ദ്രപ്പനുമായ അടുത്ത ബന്ധം പുലർത്തിയിരുന്ന കാനം എക്കാലത്തും ചന്ദ്രപ്പന്റെ നിലപാടുകളോട് ചേർന്ന് നിന്ന നേതാവായിരുന്നു.
സി പി എമ്മിനെ വിമർശക്കുന്നതിൽ സി കെ ചന്ദ്രപ്പനെ പോലെ തന്നെ മയമൊട്ടുമില്ലാതെ ഇടപെട്ടിരുന്ന നേതാവായിരുന്നു ഒരു കാലത്ത് കാനവും. എന്നാൽ പിന്നീട് അനുനയത്തിന്റെ പാതയിലായി അദ്ദേഹം.
കഴിഞ്ഞ കുറച്ചുകാലമായി സി പി എമ്മുമായി മുൻപില്ലാത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന നേതാവായി കാനം മാറുകയും ചെയ്തിരുന്നു. സാധാരണഗതിയിൽ സി പി എമ്മും സി പി ഐയും തമ്മിൽ അധികാരത്തിലിരിക്കുമ്പോഴുണ്ടാകുന്ന തരത്തിലുള്ള തർക്കങ്ങളൊന്നും കാനം സെക്രട്ടറിയായിരിക്കെ പിണറായി സർക്കാരിന് നേരിടേണ്ടി വന്നിട്ടില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഒരിക്കൽ മാത്രമാണ് പ്രക്ഷുബ്ധമായ എതിർപ്പ് സി പി ഐയുടെ ഭാഗത്ത് നിന്നുണ്ടായത്. 2017 ലായിരുന്നു സംഭവം.
എൻ സി പി നേതാവ് തോമസ് ചാണ്ടിയുടെ രാജി വെക്കണമെന്നും അദ്ദേഹം പങ്കെടുക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്നും നിലപാട് വ്യക്തമാക്കിക്കൊണ്ട് സി പി ഐയുടെ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്നും വിട്ടു നിന്നിരുന്നു. അതിന് മുമ്പോ അതിന് ശേഷമോ സി പി ഐയുടെ ഭാഗത്ത് നിന്നും ഭരണമുന്നണിയെ ബാധിക്കുന്ന തരത്തിൽ പ്രകോപനപരമായ നീക്കങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. മാത്രമല്ല, പലപ്പോഴും വളരെ സൗമ്യമായാണ് വിഷയങ്ങളിൽ പ്രതികരിച്ചിരുന്നതും.
Read Here: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.