/indian-express-malayalam/media/media_files/uploads/2022/06/rape-case-vijay-babu-try-to-influence-petitioners-relative-audio-out-667325-FI.jpeg)
Photo: Nithin RK
കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ വിജയ് ബാബുവിന്റേതെന്നു കരുതുന്ന ശബ്ദരേഖ പുറത്ത്. അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന തരത്തിലുള്ളതാണു ശബ്ദരേഖ. കേസ് പിന്‍വലിച്ചില്ലെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്നും എന്ത് പരിഹാരത്തിനും തയാറാണെന്നുമാണ് വിജയ് ബാബുവെന്നു കരുതുന്നയാൾ പരാതിക്കാരിയുടെ ബന്ധുവിനോട് ഫോണിൽ പറയുന്നത്.
ശബ്ദരേഖയിലെ സംഭാഷണം ഇങ്ങനെ
'' ഞാന്‍ വിജയ് ബാബുവാണ്. ഞാന്‍ പറയുന്നതൊന്ന് അഞ്ച് മിനിറ്റ് കേള്‍ക്കണം. ഞാന്‍ മരിച്ചു പോകും. ഞാന്‍ ജീവിച്ചിരിക്കില്ല. ഇത് ഞാന്‍ സത്യമായിട്ടും പറയുന്നതാണ്. എന്റെ അച്ഛന്‍ പോയിട്ട് കുറച്ചുനാളെ ആയിട്ടുള്ളൂ. എന്റെ അമ്മയ്ക്കു തീരെ സുഖമില്ലാതെ ഇരിക്കുകയാണ്. ഞാന്‍ പറയുന്നതൊന്ന് കേള്‍ക്കണം. ഞാനീ കുട്ടിക്ക് നല്ലതു മാത്രമേ ചെയ്തിട്ടുള്ളൂ. സിനിമ കൊടുത്തു. എന്റെ അമ്മയെക്കുറിച്ച് ചിന്തിക്കൂ. ആ കുട്ടിയുടെ അമ്മയെക്കുറിച്ച് ചിന്തിക്കൂ. ഇത് വെളിയില്‍ പോയാല്‍ പൊലീസുകാര്‍ സെലിബ്രേറ്റ് ചെയ്യും. അവരുടെ സ്വഭാവം എനിക്കറിയാം.''
പരാതിക്കാരിയുടെ ബന്ധു: ഇതിലിപ്പോള്‍ എന്താ പ്രശ്നമെന്ന് വച്ചാല്‍, നിങ്ങള്‍ ഇതിനോടകം തന്നെ അവളെ ട്രിഗര്‍ ചെയ്തു കഴിഞ്ഞു. അവളുടെ കയ്യില്‍നിന്ന് പോയി കാര്യങ്ങള്‍.
ഇതിനു മറുപടിയായി '' എനിക്ക് മനസിലായി. ഞാന്‍ ട്രിഗര്‍ ചെയ്തു. അത് സത്യമാണ്. ഞാന്‍ അത് അംഗീകരിക്കുന്നു. അതിന് പരിഹാരമുണ്ട്. ഞാന്‍ മാപ്പു പറയാം. ഞാന്‍ വന്ന് കാലു പിടിക്കാം. അവളെന്നെ തല്ലിക്കോട്ടെ. എന്ത് വേണേല്‍ ചെയ്തോട്ടെ. ഇത് നാട്ടുകാര് ആഘോഷിക്കാന്‍ അനുവദിക്കരുത്. ഞാന്‍ ട്രിഗര്‍ ചെയ്തു. മനുഷ്യനല്ലേ. വഴക്കുണ്ടാകില്ലേ. അതിനു പരിഹാരമില്ലേ. അതിന് പൊലീസ് കേസാണ്. നാളെ കുട്ടീടെ അമ്മയ്ക്കും അച്ഛനും പുറത്തിറങ്ങി നടക്കാന്‍ കഴിയുമോ?'' എന്നാണ് വിജയ് ബാബുവിന്റേതിനു സാമ്യമുള്ള ശബ്ദത്തിൽ കേൾക്കാൻ കഴിയുന്നത്. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാൻ കഴിഞ്ഞിട്ടില്ല.
അതേസമയം സമൂഹമാധ്യമത്തിലൂടെ പ്രതി വിജയ് ബാബു പ്രതികരണം നടത്തി. എന്തൊക്കെ സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശ പ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണത്തിനോട് 100 ശതമാനവും സഹകരിക്കുന്നുണ്ട്. അവസാനം സത്യം വിജയിക്കും, വിജയ് ബാബു ഫെയ്സ്ബുക്കില്‍ കുറിച്ചു.
ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം വിജയ് ബാബുവിനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി. ഇന്നു മുതൽ അടുത്ത മാസം മൂന്നാം തീയതി വരെ രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറ് വരെ വിജയ് ബാബുവിനെ കസ്റ്റഡിയിൽ വച്ചു ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതിയുള്ളത്. വിജയ് ബാബുവുമായി ഹോട്ടലുകളില്‍ തെളിവെടുപ്പ് നടത്താനും പൊലീസ് തീരുമാനിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.
ഏപ്രിൽ 22 നാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതിയുമായി നടി പൊലീസിനെ സമീപിച്ചത്. ഇതിന് പിന്നാലെ പരാതിക്കാരിയുടെ പേര് വിജയ് ബാബു വെളിപ്പെടുത്തുകയും വിദേശത്ത് ഒളിവല്‍ കഴിയുകയുമായിരുന്നു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കുന്നതിനായി പൊലീസ് പാസ്പോര്‍ട്ട് റദ്ദാക്കുന്ന നടപടിയിലേക്ക് കടന്നിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വിജയ് ബാബു നാട്ടിലെത്തിയത്. തുടർന്ന് വിജയ് ബാബുവിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
Also Read: രാജസ്ഥാന് 1.68 ലക്ഷം കോടി രൂപയുടെ ഏറ്റവും വലിയ നിക്ഷേപ വാഗ്ദാനം നൽകി അദാനിയും അംബാനിയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.