ജയ്‌പൂർ: കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ 1.68 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ബിസിനസ് പ്രമുഖരായ അദാനിയും അംബാനിയും. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ‘ഇൻവെസ്റ്റ് രാജസ്ഥാൻ’ ഔട്ട്റീച്ച് പ്രോഗ്രാമിന് കീഴിലാണ് ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി ഗ്രൂപ്പിന്റെയും മുകേഷ് അംബാനി അധ്യക്ഷനായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും ഏറ്റവും വലിയ നിക്ഷേപ വാഗ്‌ദാനം. വിവരാവകാശ നിയമപ്രകാരം (ആർടിഐ) ഇന്ത്യൻ എക്സ്പ്രസിന് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചു.
രാജസ്ഥാൻ ബ്യൂറോ ഓഫ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ (ബിഓഐപി) യുടെ ഡേറ്റയിൽ, 2021 ഡിസംബറിനും 2022 മാർച്ചിനും ഇടയിൽ രണ്ട് കോർപ്പറേറ്റ് ഭീമന്മാരും ചേർന്ന് സംസ്ഥാന സർക്കാരിന് 1.68 ലക്ഷം കോടി രൂപ വാഗ്ദാനം ചെയ്തതിന്റെ ധാരണാപത്രം കാണിക്കുന്നു. ഇത് ആകെയുള്ള 9,40,453 കോടി രൂപയുടെ ഏകദേശം 18 ശതമാനം വരും, ഈ കാലയളവിൽ നിക്ഷേപത്തിന്റെ മൊത്തം മൂല്യം 1,000 കോടി രൂപയിൽ കൂടുതലാണ്.
കേന്ദ്ര സർക്കാരിന് ചങ്ങാത്ത മുതലാളിത്തമാണെന്ന് മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചിട്ടും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നിക്ഷേപ വാഗ്ദാനങ്ങൾ എത്തി. ഈ വർഷം ഫെബ്രുവരിയിൽ ലോക്‌സഭയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വ്യാപിക്കുന്ന “ഡബിൾ എ വേരിയന്റ്” ആണ് അദാനിയും അംബാനിയും എന്ന് രാഹുൽ പറഞ്ഞിരുന്നു. കേന്ദ്രം ബിജെപി സർക്കാരിനെതിരെയും അദ്ദേഹം സമാനമായ പരിഹാസങ്ങൾ നടത്തിയിരുന്നു.
2021 ഡിസംബറിനും 2022 മാർച്ചിനുമിടയിൽ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ് (1,00,000 കോടി രൂപ), അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (60,000 കോടി രൂപ), അദാനി ഇൻഫ്രാ ലിമിറ്റഡ് (5,000 കോടി രൂപ), അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് (3,000 കോടി രൂപ), അദാനി വിൽമർ ലിമിറ്റഡ് (246.08 കോടി രൂപ) എന്നി കമ്പനികൾ നിക്ഷേപ വാഗ്ദാനങ്ങൾ നൽകിയതായി നൽകിയ കണക്കുകൾ വ്യക്തമാക്കുന്നു.
രാജസ്ഥാൻ ബിഓഐപി വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 4,016 സ്ഥാപനങ്ങളിൽ ജെഎസ്ഡബ്ള്യു ഫ്യൂച്ചർ എനർജി ലിമിറ്റഡ് (40,000 കോടി രൂപ), വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെർലൈറ്റ് പവർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (40,000 കോടി രൂപ), വേദാന്ത ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാൻ സിങ്ക് കെയ്‌ൺ (350 കോടി രൂപ), ആക്‌സിസ് എനർജി വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (30,000 കോടി രൂപ), ആക്‌സിസ് എനർജി (30,000 കോടി രൂപ), ഈഡൻ-റിന്യൂവബിൾസ് (20,000 കോടി രൂപ), ടാറ്റ പവർ (15,000 കോടി രൂപ) എന്നിവയും ഉണ്ട്.
ആഭ്യന്തര, ദേശീയ, അന്തർദേശീയ നിക്ഷേപക സംഗമങ്ങൾ, എംബസി കണക്റ്റ് പ്രോഗ്രാമുകൾ, വെർച്വൽ സെമിനാറുകൾ എന്നിവ ഉൾപ്പെടുന്ന സംസ്ഥാനത്തിന്റെ സജീവ നിക്ഷേപക ഔട്ട്റീച്ച് പ്രോഗ്രാം എന്നാണ് ‘ഇൻവെസ്റ്റ് രാജസ്ഥാൻ’ പ്രോഗ്രാമിനെ ബിഓഐപി വെബ്സൈറ്റ് വിവരിക്കുന്നത്. നിക്ഷേപ നിർദ്ദേശങ്ങൾ ക്ഷണിക്കുകയും അവ ഒരു ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കുകയും ഫലപ്രാപ്തിയിലേക്ക് കൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഈ വർഷം ജനുവരിയിൽ ‘ഇൻവെസ്റ്റ് രാജസ്ഥാൻ ഉച്ചകോടി’ നടത്താൻ സംസ്ഥാന സർക്കാർ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാൽ കോവിഡ് സാഹചര്യം കണക്കിലെടുത്ത് അത് മാറ്റിവക്കുകയായിരുന്നു. നിർദിഷ്ട ഉച്ചകോടിക്ക് മുന്നോടിയായി മുഖ്യമന്ത്രി ഗെലോട്ട് ഗൗതം അദാനി ഉൾപ്പെടെ നിരവധി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒക്ടോബർ ഏഴ്,എട്ട് തീയതികളിലായി ജയ്പൂരിർ വച്ച് ഉച്ചകോടി നടത്താനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരിയിൽ, രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്ക് ശേഷമുള്ള നന്ദിപ്രമേയ ചർച്ചയിൽ, ചെറുകിട, ഇടത്തരം വ്യവസായത്തിന്റെ തകർച്ചയുടെ മൂലധനം “എഎ” (അംബാനി, അദാനി)) കൈകളിലേക്ക് കേന്ദ്രീകരിക്കുന്നതിനെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ് 2021 ഡിസംബറിൽ, വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച് ജയ്പൂരിൽ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ടും രാഹുൽ അംബാനിക്കും അദാനിക്കും എതിരെ സംസാരിച്ചിരുന്നു, “നല്ല കാലം വന്നിരിക്കുന്നു. ആർക്ക്? അത് ‘നമുക്ക് രണ്ട്, നമ്മുടെ രണ്ട്’. അത് വിമാനത്താവളമായാലും തുറമുഖമായാലും, കൽക്കരി ഖനി, ടെലിഫോൺ, സൂപ്പർമാർക്കറ്റ്, എവിടെ ആയാലും രണ്ടുപേരെ കാണാം അദാനി ജിയും അംബാനി ജിയും. അത് അവരുടെ കുറ്റമല്ല.. എന്തെങ്കിലും സൗജന്യമായി കിട്ടിയാൽ നിങ്ങൾ നിഷേധിക്കുമോ.. ഇല്ല.. ഇല്ല.. അവരുടെ തെറ്റ്; അത് പ്രധാനമന്ത്രിയുടെ തെറ്റാണ്.” രാഹുൽ പറഞ്ഞു.
Also Read: ആർ ബി ശ്രീകുമാർ, മോദി സർക്കാരിന് എതിരെ നിന്ന പൊലീസുകാരൻ