/indian-express-malayalam/media/media_files/uploads/2020/07/Pinarayi-and-Chennithala.jpg)
തിരുവനന്തപുരം: എല്ലാം ഒരു ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവ്‌ലിനിലും പിണറായി ചെയ്തത് ഇത് തന്നെയാണ്. ഇഡിയുടെ റിപ്പോർട്ടിൽ സ്വർണ്ണക്കടത്തിലെ ശിവശങ്കറിന്റെ സഹായം വ്യക്തമാണെന്നും ചെന്നിത്തല ആരോപിച്ചു.
"ശിവശങ്കറിന്റെ സഹായം എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണ്. ഇതിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തം ഇല്ലേ? മുഖ്യമന്ത്രി തുടർച്ചയായി കള്ളം പറയുന്നു. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണ്. സ്പ്രിംഗ്ളർ, ബെവ്കോ, പമ്പ മണൽകടത്ത്, ഇ മൊബിലിറ്റി, ലൈഫ് മിഷൻ അഴിമതികൾ എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ശിവശങ്കർ ചെയ്തതാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള യുദ്ധം യുഡിഎഫ് മുന്നോട്ട് കൊണ്ടുപോകും. എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്," എന്നും ചെന്നിത്തല ആരോപിച്ചു.
Read More: നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഇന്ന് പരിഗണിക്കും
ശിവശങ്കരൻ വ്യക്തിപരമായി ചെയ്ത കാര്യങ്ങളാണെന്നും ഇതിൽ നിയമപരമായോ, ധാർമികപരമായോ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. 21 തവണ സ്വപ്ന കളളക്കടത്ത് നടത്തിയപ്പോഴും അതിന് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നു. അതിനർഥം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമുണ്ടായിരുന്നുവെന്നാണ്.
പാർട്ടിക്കാണോ അതോ ഭരണത്തിനാണോ കൂടുതൽ ദുർഗന്ധം എന്ന തർക്കം മാത്രമേ അവശേഷിക്കുന്നുളളൂവെന്നും സർക്കാരിന്റെയും സിപിഎമ്മിന്റെയും സമ്പൂർണ തകർച്ചയാണ് ജനം കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജി പ്രഖ്യാപിക്കും എന്നാണ് ജനം കരുതിയത്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സൂൾ ആണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സർവാധികാരം ഉപയോഗിച്ചതിന്റെ, ഇത്തരം രാജ്യദ്രോഹ പ്രവർത്തനത്തിന്റെ കടിഞ്ഞാൺ കൈയിലേന്തി പ്രവർത്തിച്ചതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു. നിയമപരമായും ധാർമികമായും മുഖ്യമന്ത്രിക്ക് ഇക്കാര്യത്തിലുളള പങ്ക് വ്യക്തമാണെന്നും ചെന്നിത്തല ആരോപിച്ചു.
സ്വർണക്കടത്തിലും അനുബന്ധമായി വന്ന എല്ലാ അഴിമതി ആരോപണങ്ങളിലും ഒന്നാംപ്രതിയായി നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നുളള കാര്യത്തിൽ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.