കൊച്ചി: വിചാരണക്കോടതിയിൽനിന്ന് നീതി കിട്ടുന്നില്ലെന്ന് പ്രോസിക്യൂഷൻ തന്നെ പറയുമ്പോൾ തന്റെ അവസ്ഥ എന്താണന്ന് കോടതി മനസിലാക്കണമെന്ന് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ. തട്ടിക്കൊണ്ടുപോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടി തന്റെ അവസ്ഥ വിശദീകരിച്ചത്. കോടതി മാറ്റണമെന്ന സർക്കാരിന്റെ ഹർജിയും ഹൈക്കോടതിയിലെത്തി.

ഇരയെ ജഡ്ജി ബുദ്ധിമുട്ടിക്കുകയാണെന്ന് എന്തുകൊണ്ട് അപ്പോൾ തന്നെ അറിയിച്ചില്ലെന്ന് കോടതി വാദത്തിനിടെ ആരാഞ്ഞു. അറിയിച്ചിട്ടും ജഡ്ജി അത് കണക്കിൽ എടുത്തില്ലെന്ന് സർക്കാർ അറിയിച്ചു. വിചാരണക്കോടതിയിൽ സംഭവിച്ച കാര്യങ്ങൽ മുദ്രവെച്ച കവറിൽ നൽകാൻ തയ്യാറാണെന്നും സർക്കാർ ബോധിപ്പിച്ചു.

പ്രോസിക്യൂഷൻ തന്നെ ജഡ്ജിക്കെതിരെ പറയുന്നത് ആദ്യമാണെന്നും ഇരുപത് അഭിഭാഷകർ രഹസ്യ വിചാരണയിൽ പങ്കെടുക്കുന്നു എന്നുള്ളത് തന്നെ പീഡനമാണെന്നും നടി ബോധിപ്പിച്ചു. ഹർജികൾ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റി.

വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. തന്നെ വിസ്തരിച്ച ദിവസം എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകൻ ബുദ്ധിമുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും ജഡ്ജി നിശബ്ദ കാഴ്ചക്കാരിയായി ഇരുന്നുവെന്നും തന്റെ പല മൊഴികളും രേഖപ്പെടുത്തിയില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു. പ്രോസിക്യൂഷൻ നിരന്തരം ആവശ്യപ്പെട്ടിട്ടും കോടതി അവഗണിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

Read More: ‘വിചാരണക്കോടതി മാറ്റണം’; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ

കോടതിയിൽ വിചാരണ ഇല്ലാതിരുന്ന ദിവസം ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം എട്ടാം പ്രതിയുടെ അഭിഭാഷകന് കൈമാറിയെന്നും നടി ആരോപിച്ചു. പ്രോസിക്യൂഷന്റെ അസാന്നിധ്യത്തിൽ അനുമതിയില്ലാതെയായിരുന്നു ഈ നടപടിയെന്നും നടിയുടെ ഹർജിയിൽ പറയുന്നു.

തന്റെ മൊഴിയെടുത്ത ദിവസം അഭിഭാഷകരുടെ എണ്ണം കുറയ്ക്കാതിരുന്ന കോടതി രഹസ്യ വിചാരണയുടെ സ്വഭാവം തന്നെ ഇല്ലാതാക്കിയെന്നാണ് നടിയുടെ മറ്റൊരു ആരോപണം. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്ന് പ്രോസിക്യൂഷൻ തന്നെ നിലപാട് സ്വീകരിച്ചതായും ഹർജിയിൽ ആരോപിക്കുന്നു. സാക്ഷികൾ നിരന്തരം കൂറുമാറിയതിനെ തുടർന്ന് എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി കോടതി ഇനിയും പരിഗണിച്ചിട്ടില്ലന്നും ഹർജിയിൽ ആരോപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.