scorecardresearch

'മോദി സ്തുതി'; അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഉണ്ണിത്താൻ

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി പ്രചാരണം നടത്തിയ നേതാവാണ് എ.പി.അബ്ദുള്ളക്കുട്ടി

ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി പ്രചാരണം നടത്തിയ നേതാവാണ് എ.പി.അബ്ദുള്ളക്കുട്ടി

author-image
WebDesk
New Update
'മോദി സ്തുതി'; അബ്ദുള്ളക്കുട്ടിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഉണ്ണിത്താൻ

കൊച്ചി: മോദിയെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്ന് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായി വിജയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അബ്ദുള്ളക്കുട്ടിക്കെതിരെ നടപടിയെടുക്കാന്‍ അന്വേഷണമൊന്നും നടത്തേണ്ട ആവശ്യമില്ല. ഫേസ്ബുക്ക് പോസ്റ്റ് മാത്രം കണക്കിലെടുത്ത് അബ്ദുള്ളക്കുട്ടിക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണ്. അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. അബ്ദുള്ളക്കുട്ടിയുടെ ശരീരം കോണ്‍ഗ്രസിലും ആത്മാവ് ആര്‍എസ്എസിലുമാണ് എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അബ്ദുള്ളക്കുട്ടിക്കെതിരെ രംഗത്തുവന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി പ്രചാരണം നടത്തിയ നേതാവാണ് എ.പി.അബ്ദുള്ളക്കുട്ടി.

Advertisment

എവിടെ നിന്നാണ് തന്നെ പുറത്താക്കേണ്ടത് എന്ന് രാജ്മോഹൻ ഉണ്ണിത്താൻ തന്നെ പറയണമെന്ന് എ.പി.അബ്ദുള്ളക്കുട്ടിയും തിരിച്ചടിച്ചു. ന്യൂസ് അവറിൽ തന്നെയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ വിമർശനത്തിന് അബ്ദുള്ളക്കുട്ടി പറഞ്ഞത്. കെപിസിസിക്ക് താൻ വിശദീകരണം നൽകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

Read More: ‘ആ പോസ്റ്റില്‍ എന്ത് തെറ്റാണുള്ളത്’; കെപിസിസിക്കെതിരെ അബ്ദുള്ളക്കുട്ടി

അബ്ദുള്ളക്കുട്ടിക്കെതിരെ അന്വേഷണം നടത്തുമെന്നാണ് കെപിസിസി പറയുന്നത്. അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ വിശദീകരണം തേടാനാണ് കെപിസിസി തീരുമാനം. മോദിയെ പുകഴ്ത്തിയുള്ള അബ്ദുള്ളക്കുട്ടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ താൽപര്യമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളും എ.പി.അബ്ദുള്ളക്കുട്ടിക്കെതിരെ പരസ്യമായി രംഗത്തുവന്നിരിക്കുകയാണ്. കെപിസിസി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.

Advertisment

എന്നാല്‍, എന്തുകൊണ്ടാണ് കെപിസിസി വിശദീകരണം ചോദിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അബ്ദുള്ളക്കുട്ടി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പ്രതികരിച്ചു. വളരെ നിരുപദ്രവകരമായിട്ടുള്ള, പോസിറ്റീവ് ആയിട്ടുള്ള പരാമര്‍ശം മാത്രമാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്. ആ പോസ്റ്റില്‍ എന്ത് തെറ്റാണുള്ളതെന്ന് അബ്ദുള്ളക്കുട്ടി ചോദിക്കുന്നു. തിരഞ്ഞെടുപ്പിനെ കുറിച്ച് വിശകലനം ചെയ്തിട്ടുള്ള പോസ്റ്റ് മാത്രമാണ് അതെന്നും അബ്ദുള്ളക്കുട്ടി ഇന്ത്യന്‍ എക്‌സ്‌പ്രസിനോട് പറഞ്ഞു.

AP Abdullakutty Congress, BJP, Narendra Modi AP Abdullakutty and Narendra Modi

അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു പിന്നാലെ കോൺഗ്രസ് നേതാക്കൾ വലിയ വിമർശനമാണ് നടത്തിയത്. കെപിസിസി അധ്യക്ഷനെ കൂടാതെ കെ.മുരളീധരൻ എംപിയും അബ്ദുള്ളക്കുട്ടിക്കെതിരെ വിമർശനമുന്നയിച്ചു. നരേന്ദ്രമോദിയെ കോൺഗ്രസിലെ ആര് പ്രശംസിച്ചാലും തെറ്റാണെന്നും അങ്ങനെ ഉണ്ടെങ്കിൽ കോൺഗ്രസ്‌ രാഷ്ട്രീയ കാര്യസമിതി പരിശോധിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു. യൂത്ത് കോൺഗ്രസും അബ്ദുള്ളക്കുട്ടിക്കെതിരെ രംഗത്തെത്തി. അബ്ദുള്ളക്കുട്ടിയുടെ പരാമർശത്തിൽ നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിയുടെ ഭരണ തന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണെന്നും മോദിയെ ജനപ്രിയനാക്കിയത് ഗാന്ധിയൻ മൂല്യം ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ് എന്നുമാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിൽ എഴുതിയത്. സ്വച്ഛ് ഭാരത് സ്‌കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് ടോയ്‌ലറ്റ് നൽകിയതും 6 കോടി കുടുംബങ്ങൾക്ക് സൗജന്യമായി എൽപിജി ഗ്യാസ് കണക്ഷൻ നൽകിയതുമെല്ലാം അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നും നരേന്ദ്ര മോദിയെ വിമർശിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കരുതെന്നും അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

Congress Bjp

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: