/indian-express-malayalam/media/media_files/uploads/2022/06/Rahul-Gandhi-office-.jpg)
Photo: facebook/ PP Shyjal
കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ പഴ്‌സണല്‍ അസിസ്റ്റന്റ് (പി എ) ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാഹുലിന്റെ കല്‍പ്പറ്റ ഓഫിസിലെ പിഎ കെ ആര്‍ രതീഷ്, ഓഫീസ് ജീവനക്കാരന്‍ എസ് ആര്‍ രാഹുല്‍, കെ എ മുജീബ്, വി നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 427, 153 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. നാലു പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു.
ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പൊലീസ് നോട്ടിസ് നല്‍കിരുന്നു. മൂന്നു പേരോട് ബുധനാഴ്ച ഉച്ചയ്ക്കും രണ്ടു പേരോട് വ്യാഴാഴ്ച രാവിലെയും ഹാജരാവാനാണ് ആവശ്യശപ്പെട്ടിരുന്നത്. എന്നാല്‍ ആരും ഹാജരാവാത്തതിരുന്നതിനെത്തുടര്‍ന്നാണു നാലുപേരെ അറസ്റ്റ് ചെയ്തത്. മുജീബ് കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുൽ ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ് എഫ് ഐ ജൂണ്‍ 24നു രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസിലേക്കു നടത്തിയ മാര്‍ച്ചിനിടെയാണു മഹാത്മാ ഗാന്ധി ചിത്രം തകര്‍ന്നത്. രാഹുലിന്റെ ഓഫിസില്‍ ഇരച്ചുകയറിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ വാഴ വച്ചിരുന്നു.
എസ് എഫ് ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴവയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരില്‍ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയശേഷമാണു ചിത്രം നിലത്തുകിടക്കുന്ന നിലയിലുള്ള ദൃശ്യം പുറത്തുവന്നത്.
ഗാന്ധി ചിത്രം തകര്‍ത്തത് എസ് എഫ് ഐ പ്രവര്‍ത്തകരല്ലെന്നായിരുന്നു സംഭവം അന്വേഷിച്ച വയനാട് എസ് പിയുടെ റിപ്പോര്‍ട്ട്. പൊലീസ് ഫൊട്ടോഗ്രാഫറുടെ ഫൊട്ടോയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു ഇത്.
ഓഫിസില്‍ ഇരച്ചുകയറിയ എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസ് ഫൊട്ടോഗ്രാഫര്‍ രാഹുലിന്റെ ഓഫിസിലുണ്ടായിരുന്നു. ആ സമയത്ത് എടുത്ത ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലുള്ള നിലയിലാണ്. തുടര്‍ന്ന് പുറത്തേക്കുപോയ ഫൊട്ടോഗ്രാഫര്‍ തിരിച്ചെത്തിയപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമാണ് അവിടെയുണ്ടായിരുന്നതെന്നും ആ സമയത്ത് പകര്‍ത്തിയ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലാണെന്നുമാണു പൊലീസ് റിപ്പോര്‍ട്ട്.
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് കയ്യേറിയ സംഭവത്തില്‍ എസ് എഫ് ഐയുടെ അന്നത്തെ വയനാട് ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി, പ്രസിഡന്റ് ജോയല്‍ ജോസഫ് തുടങ്ങിയവര്‍ ഉള്‍പ്പെടെ 29 പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ഇവര്‍ക്കു കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിജൂലൈ ആറിനു ജാമ്യം നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.