/indian-express-malayalam/media/media_files/uploads/2021/02/psc-students.jpg)
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞ് പിഎസ്‌സി റാങ്ക് പട്ടികയിലുളള ഉദ്യോഗാർഥികളുടെ സമരം. സെക്രട്ടറിയേറ്റ് സൗത്ത് ഗേറ്റിൽനിന്ന് സമരപന്തലിലേക്ക് പൊരിവെയിലിൽ വനിതാ ഉദ്യോഗാർഥികൾ അടക്കമുളളവർ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. ഇതിനിടെ ചില ഉദ്യോഗർഥികൾ കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സർക്കാർ ഉദ്യോഗാർഥികളോട് കാണിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. രാഷ്ട്രീയമല്ല, അർഹമായ തൊഴിലിന് വേണ്ടിയുള്ള സമരമാണ്. കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടുപോലും സർക്കാർ ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ പരിഗണിക്കാൻ തയ്യാറാവുന്നില്ലെന്ന് അവർ പറഞ്ഞു.
എൽജിഎസ് ഉദ്യോഗാർത്ഥികൾ അടക്കമുള്ള പിഎസ്‍സി റാങ്ക് ഹോൾഡേഴ്സിന്‍റെ സമരം ഇരുപത്തിയൊന്നാം ദിവസവും തുടരുകയാണ്. അതിനിടെ, ഉദ്യോഗാർഥികളുടെ സമരം സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്നുണ്ട്. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി.
Read More: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു; കണക്കുകൾ സൂചിപ്പിക്കുന്നതെന്ത് ?
ഇന്നലെ സെക്രട്ടറിയേറ്റ് നടയ്ക്കു പുറത്ത് ശയനപ്രദക്ഷിണം നടത്തി ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് ഉദ്യോഗാർഥികൾ പ്രതിഷേധിച്ചിരുന്നു. അധ്യാപക ലിസ്റ്റിൽപ്പെട്ടവരുടെ നിരാഹാരം, എൽജിഎസുകാരുടെ ശയനപ്രദക്ഷിണം എന്നിവയും സെക്രട്ടറിയേറ്റ് പരിസരത്തു നടന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസുമായി നടന്ന ചർച്ചയിലും ഫലം കാണാതായതോടെ അനിശ്ചിതകാല നിരാഹാര സമരമെന്ന തീരുമാനത്തിലേക്ക് ഉദ്യോഗാർഥികൾ എത്തിയിട്ടുണ്ട്.
പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു മതിയായ നിയമനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയത്. സമരത്തിനു പിന്തുണയുമായി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎയും വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനും സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.